അനാർക്കലി എന്ന പേരിലിറങ്ങിയ സിനിമകൾ
1 min readഅനാർക്കലി എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസ്സിലോടിയെത്തുന്നത് പൃഥ്വിരാജ് നായകനായ സിനിമയാണ്. ലക്ഷദ്വീപിന്റെ മനോഹാരിതയിൽ പകർത്തിയ ഒരു റൊമാന്റിക് ത്രില്ലർ മൂവി. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് നായർ നിർമ്മിച്ച, അനാർക്കലിയുടെ രചനയും സംവിധാനവും സച്ചിയുടേതായിരുന്നു. സച്ചി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് അനാർക്കലി. ബിജുമേനോൻ, സുദേവ് നായർ, മിയാ ജോർജ്, പ്രിയാൽ ഗോർ, സുരേഷ് കൃഷ്ണ, സംസ്കൃതി ഷേണായി, അനു സിത്താര, രഞ്ജി പണിക്കർ, മധുപാൽ, മേജർ രവി, ജയരാജ് വാര്യർ, വി.കെ.പ്രകാശ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
എന്നാൽ വർഷങ്ങൾക്കു മുൻപേ തന്നെ അനാർക്കലി എന്ന പേരിൽ മറ്റൊരു ചിത്രം മലയാളത്തിലുണ്ടായിരുന്നു. 1966ൽ ഉദയാ പ്രൊഡക്ഷനുവേണ്ടി എം.കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. രചന വൈക്കം ചന്ദ്രശേഖരൻ നായരുടേത്. സത്യൻ, പ്രേംനസീർ, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, കെ.ആർ.വിജയ, എസ്.പി.പിള്ള എന്നിവർ തകർത്തഭിനയിച്ച സിനിമ. മുഗൾ രാജകുമാരനായ സലീമിന്റെയും അനാർക്കലിയുടെയും പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം. അക്ബറിന്റെ കൊട്ടാരത്തിലെ നവരത്നങ്ങളിൽ ഒരാളായ താൻസന്റെ വേഷത്തിൽ യേശുദാസും സിനിമയിലെത്തി. നദികളിൽ സുന്ദരി യമുന… എന്ന സൂപ്പർഹിറ്റ് ഗാനമടക്കം, ചിത്രത്തിലെ 12 പാട്ടുകളും രചിച്ചത് വയലാറായിരുന്നു.