അമ്മയും രണ്ടു മക്കളും കത്തിക്കരിഞ്ഞ നിലയിൽ
1 min readതൃശൂർ : യുവതിയുടെയും രണ്ട് പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ ഇരുനില വീടിന്റെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പന്നിത്തടം ചിറമനേങ്ങാട് കാവില വളപ്പിൽ വീട്ടിൽ ഹാരിസിന്റെ ഭാര്യ സഫീന (28), മക്കളായ അജുവ (3), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്. ആയിന (6) എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തു നിന്ന് മണ്ണെണ്ണ കുപ്പികൾ കണ്ടെത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. ആറുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. അദ്ദേഹത്തിന്റെ സഹോദരന്റെ കുടുംബവും ഇവിടെയാണ് താമസിക്കുന്നതെങ്കിലും സംഭവ ദിവസം സഫീനയും മക്കളും ഹാരിസിന്റെ മാതാവും മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് അർദ്ധരാത്രിയിലാണ് ഇവർ തിരികെയെത്തിയത്. സഫീനയും മക്കളും മുകൾനിലയിലും ഉമ്മ താഴത്തെ നിലയിലുമായിരുന്നു. രാവിലെ എഴുന്നേറ്റ ആയിനയാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാൽക്കണിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. മൃതദേഹങ്ങൾപോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽകോളേജിലേക്കു മാറ്റി.