വിവാഹ ശേഷം വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് മുംബൈ ഹൈക്കോടതി
1 min readവിവാഹ ശേഷം വീട്ടുജോലികള്‍ ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് വിവാഹത്തിന് മുന്‍പ് തന്നെ വ്യക്തമാക്കണമെന്ന് മുംബൈ ഹൈക്കോടതി. വിവാഹശേഷം വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലെന്നും മുംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി. വിവാഹ ശേഷം വീട്ടുജോലി ചെയ്യാനാവശ്യപ്പെടുന്നതിനെ ഇന്ത്യന്‍ ശിക്ഷാ നിയമം 492 എ അനുസരിച്ച് കുറ്റമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഗാര്‍ഹിക പീഡനവും കൊലപാതക ശ്രമവും അടക്കമുള്ള പരാതികളുമായി വിവാഹിതയായ യുവതി നന്ദേത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.
വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് കുടുംബത്തിന് വേണ്ടിയാണ്. ഇതിനെ വേലക്കാരിയെപ്പോലെ കണക്കാക്കിയെന്ന് കാണാനാവില്ല. വീട്ടുജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് വിവാഹത്തിന് മുന്‍പ് തന്നെ വരനെയും ബന്ധുക്കളോടും വിശദമാക്കണം. ബന്ധവുമായി മുന്നോട്ട് പോകണമോയെന്ന തീരുമാനത്തെ ഇത് സഹായിക്കും. യുവതിയുടെ പരാതിയില്‍ പാത്രങ്ങള്‍ കഴുകുന്നതിനും വസ്ത്രങ്ങള്‍ കഴുകുന്നതിനും അടിച്ചുവാരുന്നതും ചെയ്യുന്നതിനായി ഭര്‍തൃവീട്ടില്‍ ജോലിക്കാരിയുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് വിഭ വി കങ്കണ്‍വാടി ജസ്റ്റിസ് രാജേഷ് എസ് പട്ടീല്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. 2019 ഡിസംബറിലെ വിവാഹ ശേഷം ഒരുമാസത്തിനുള്ളില്‍ തന്നെ ഭര്‍തൃ വീട്ടില്‍ ജോലിക്കാരിയേപ്പോലെയാണ് കണക്കാക്കിയതെന്നും വാഹനം വാങ്ങാനായി നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് യുവതി നന്ദേത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നത്. പിതാവിന്റെ പക്കല്‍ പണമില്ലാതെ വന്നതോടെ ഭര്‍ത്താവ് ശാരീരികവും മാനസികവുമായി അധിക്ഷേപിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ആണ്‍കുട്ടിക്ക് ജന്മം നല്‍കാന്‍ സാധിക്കുമോയെന്ന് അറിയാനായി യുവതിയെ ഡോക്ടറുടെ പക്കല്‍ കൊണ്ടുപോയി, ഗര്‍ഭകാലം പൂര്‍ത്തിയായില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനേ തുടര്‍ന്ന് ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മര്‍ദ്ദിച്ചു, നാല് ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കൂവെന്ന് ഭീഷണിപ്പെടുത്തി, എന്നതടക്കമുള്ള ആരോപണങ്ങളാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്.
ഇതിലെ ഗാര്‍ഹിക പീഡനമെന്ന വകുപ്പ് മുംബൈ ഹൈക്കോടതി ഒഴിവാക്കി. യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവും സഹോദരിയും ഭര്‍തൃമാതാവും കോടതിയിലെത്തിയത്. ആദ്യ ഭര്‍ത്താവിനെതിരെയും സമാനമായ ആരോപണം യുവതി നടത്തിയിരുന്നുവെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നേരത്തെ പരാതി നല്‍കിയത് കൊണ്ട മാത്രം യുവതിക്ക് വ്യാജ പരാതി നല്‍കുന്ന ശീലമുള്ളതായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു. യുവതിക്കെതിരായ ഇത്തരം ആരോപണങ്ങള്‍ ഭര്‍ത്താവ് തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
യുവതിയുടെ പരാതിയില്‍ ഗാര്ഹിക പീഡനത്തിനുള്ള വകുപ്പ് ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെ യുവാവ് കേസിലെ മറ്റ് ചാര്‍ജ്ജുകളില്‍ വിചാരണ ചെയ്യപ്പെടുന്നത് നിരര്‍ത്ഥകമാണെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ക്രിമിനല്‍ നടപടികള്‍ മാറ്റി വയ്ക്കണമെന്നും കോടതി വിശദമാക്കി.