മീഷോയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് സ്മാര്‍ട്ട് വാച്ച്, കിട്ടിയത് ഗോലിയും വെള്ള തുണിയും
1 min readപാലക്കാട് : ഓണ്‍ലൈന്‍ പര്‍ച്ചേസിങ് ആപ്പായ മീഷോ വഴി പാലക്കാട് പള്ളത്തേരി സ്വദേശി സജീഷ്, ഒക്ടോബര്‍ ആറിന് ഒരു സ്മാര്‍ട്ട് വാച്ച് ഓര്‍ഡര്‍ ചെയ്തു. ഒക്ടോബോര്‍ 9ന് ഡെലിവറിയുമെത്തി. പക്ഷേ, സജീഷ് ഓര്‍ഡര്‍ ചെയ്തതൊന്നുമല്ല വീട്ടിലെത്തിയത്. സജീവ് ഓര്‍ഡര്‍ ചെയ്തത് 1101 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ചാണ്.
എന്നാല്‍ ഒക്ടോബര്‍ ഒമ്പതിന് വീട്ടിലെത്തിയതാകട്ടെ ഒരു കഷ്ണം തുണിയും കുറച്ച് ഗോലിയുമാണ്. ക്യാഷ് ഓണ്‍ ഡെലിവറിയായാണ് സാധനമെത്തിയത്. എന്നാല്‍ പണം നല്‍കി കഴിഞ്ഞ് ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി തിരിച്ച് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടതെന്ന് സജീഷ് പറഞ്ഞു.
എന്നാല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരെ വിളിച്ചിട്ടും ഫലമുണ്ടായില്ല. സോറി പറയുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുകയുമാണ് ഇവര്‍ ചെയ്തത്. പണം തിരിച്ച് നല്‍കുന്നതിനെ കുറിച്ച് ഒരു പ്രതികരണവും ഉണ്ടായില്ലെന്നും സജീഷ് പറയുന്നു. ഇപ്പോള്‍ വാച്ചുമില്ല, നല്‍കിയ തുകയും തിരിച്ച് കിട്ടിയില്ല എന്ന അവസ്ഥയിലാണ് ഈ ചെറുപ്പക്കാരന്‍. മീഷോയില്‍ നിന്നാണ് ഓര്‍ഡര്‍ ചെയ്തതെങ്കിലും വന്ന പാക്ക് ആമസോണിന്റേതായിരുന്നുവെന്നും സജീഷ് പറയുന്നു.