അവാർഡുകളുടെ തോഴൻ – ആറാം തവണയും മികച്ച നടൻ

1 min read

ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിൽ മികച്ച നടൻ . കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശം അവാർഡിന് ഉടമയാക്കി.

ചലച്ചിത്ര അവാർഡ് നിർണയത്തിൽ പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത്. മികച്ച നടൻ മമ്മൂട്ടി . കുഞ്ചാക്കോ ബോബനുമായി ഇഞ്ചോടിഞ്ചു പോരാടിയാണ് മമ്മൂട്ടി പുരസ്കാര ജേതാവായത്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു തന്നെ മമ്മൂട്ടിക്ക് അവാർഡ് കൊടുത്തു കഴിഞ്ഞിരുന്നു സിനിമാ പ്രേക്ഷകർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കത്തിലെ ജെയിംസ് എന്ന കഥാപാത്രത്തിന്റെ പകർന്നാട്ടത്തിനാണ് ഇത്തവണ അവാർഡ് മമ്മൂട്ടിയെ തേടിയെത്തിയത്. വേളാങ്കണ്ണി യാത്ര നടത്തി മൂവാറ്റുപുഴയിലേക്ക് മടങ്ങുന്ന സംഘത്തിന്റെ നേതാവാണ് ജെയിംസ്.  

ഒരു ചെറിയ മയക്കം കഴിഞ്ഞ് ഉണർന്ന അദ്ദേഹം സുന്ദരം എന്ന ആളെപ്പോലെ പെരുമാറുന്നു. ജെയിംസിൽ നിന്നും സുന്ദരത്തിലേക്കുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ആറാം തവണയാണ് മലയാള സിനിമ മമ്മൂട്ടിയെ മികച്ച നടനാക്കി മാറ്റുന്നത്. 1984 ൽ അടിയൊഴുക്കുകളിലൂടെ തുടങ്ങിയ ജൈത്രയാത്ര ഇന്ന് നൻപകൽ നേരത്തിലെത്തി നിൽക്കുന്നു. 1989 ൽ എം. ടി.യുടെ തൂലികയിൽ വിരിഞ്ഞ വടക്കൻ വീരഗാഥയിലെ ചന്തു ചേകവർ അദ്ദേഹത്തെ രണ്ടാമത്തെ നേട്ടത്തിന് ഉടമയാക്കി. 94 ൽ വിധേയനിലേയും 2005 ൽ കാഴ്ചയിലേയും അഭിനയ മികവിലൂടെ മമ്മൂട്ടി വീണ്ടും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 13 വർഷങ്ങൾക്കു മുമ്പാണ് ഏറ്റവുമൊടുവിൽ സംസ്ഥാന പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്. 2010 ൽ പുറത്തിറങ്ങിയ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ . ഹരിദാസ്, മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജി, ഖാലിദ് അഹമ്മദ് എന്നീ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പാലേരി മാണിക്യത്തിൽ മമ്മൂട്ടി കയ്യടി നേടിയത്.  

 അഹിംസ എന്ന ചിത്രത്തിലെ വാസുവിനെ അവതരിപ്പിച്ചതിന് 1981 ലെ മികച്ച രണ്ടാമത്തെ നടനായും മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടു. യാത്ര, നിറക്കൂട്ട് എന്നീ സിനിമകളിലെ അഭിനയ മികവിന് 1985 ൽ സ്‌പെഷ്യൽ ജൂറി പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി.

ഒട്ടേറെ ദേശീയ പുരസ്കാരങ്ങളും മമ്മൂട്ടിയിലെ അഭിനയമികവിനെ തേടിയെത്തിയിട്ടുണ്ട്.. ആദ്യത്തെ ദേശീയ പുരസ്കാരലബ്ധി 1989 ലായിരുന്നു. മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചലച്ചിത്രങ്ങൾക്ക്. 93 ൽ പൊന്തൻമാട , വിധേയൻ എന്നീ ചിത്രങ്ങളും ദേശീയ ചലച്ചിത്ര അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു.

Related posts:

Leave a Reply

Your email address will not be published.