ശമ്പളത്തിന് പണമില്ല; സ്വിഫ്റ്റ് ബസ്സുകള്‍ കൂടി പണയം വയ്ക്കാന്‍   കെ.എസ്.ആര്‍.ടി.സിയില്‍ ആലോചന

1 min read

ശമ്പളക്കുടിശ്ശിക പരിഹരിക്കാന്‍ സ്വിഫ്റ്റ് ബസ്സുകള്‍ കൂടി പണയം വയ്ക്കുമോ?

ശമ്പളം നല്‍കാത്തതില്‍ കടുത്ത പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍  സ്വിഫ്റ്റ്  ബസുകള്‍ കൂടി പണയപ്പെടുത്താനുള്ള കെ.എസ്.ആര്‍.ടി.സി തീരുമാനത്തില്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമോ?
കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ സ്വിഫ്റ്റിന്റെ പുത്തന്‍ ബസുകള്‍ പണയപ്പെടുത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ ആലോചന. സര്‍ക്കാര്‍ അതിന് അനുമതി നല്‍കുമോ?

സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ബസുകള്‍ ഈടുവെച്ച് വായ്പ വാങ്ങാന്‍ കഴിയൂ. സര്‍ക്കാര്‍ സഹായധനത്തില്‍ വാങ്ങിയ 280 കോടി രൂപയുടെ ബസുകളാണ് സ്വിഫ്റ്റിനുള്ളത്. ഇവ പണയപ്പെടുത്തി 200 കോടി രൂപയെങ്കിലും സമാഹരിച്ചാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളക്കുടിശ്ശിക പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധനകാര്യസ്ഥാപനങ്ങളൊന്നും വായ്പ നല്‍കുവാന്‍ സന്നദ്ധരായിട്ടില്ലെന്നുള്ളതും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.  സര്‍ക്കാര്‍ വാഗ്ദാനംചെയ്ത പ്രതിമാസ സഹായമായ 50 കോടി രൂപ വൈകുന്നതും വിഹിതം കുറയുന്നതുമാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.

ഏപ്രില്‍, മേയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ 30 കോടി രൂപവീതമാണ് അനുവദിച്ചത്. ഇതില്‍ ഇനി 80 കോടി രൂപ കിട്ടാനുമുണ്ട്. ജൂണിലെ രണ്ടാംഗഡു ശമ്പളം നല്‍കാന്‍ 35 കോടി രൂപവേണം. ജൂലായിലെ ശമ്പളത്തിന് 80 കോടിയും.

ശമ്പളവിതരണത്തിനായി കുറഞ്ഞത് 150 കോടി രൂപയെങ്കിലും ഉടന്‍ കിട്ടിയില്ലെങ്കില്‍ ജീവനക്കാരുടെ ഓണം പ്രതിസന്ധിയിലാകുമെന്നതില്‍ സംശയം വേണ്ട. ഇതിനുപുറമേ പെന്‍ഷന്‍ ബാധ്യത തീര്‍ക്കാന്‍ 140 കോടി രൂപ വേറേയും വേണം. കഴിഞ്ഞമാസം എസ്.ബി.ഐ.യില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്ത 50 കോടിയില്‍ നാലുകോടിരൂപ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളത്. ഡീസലിന്റെ വില കൂടുന്നതും സാമ്പത്തികനില താളംതെറ്റിച്ചു.

വന്‍കിട ഉപഭോക്താക്കളുടെ നിരക്കില്‍ ഡീസല്‍ വാങ്ങിയിരുന്നപ്പോള്‍ പണമടയ്ക്കാന്‍ 45 ദിവസത്തെ സാവകാശം ലഭിച്ചിരുന്നു. അഞ്ചോ, ആറോ ദിവസം എണ്ണക്കമ്പനിക്ക് പണമടച്ചില്ലെങ്കില്‍ 25 കോടി രൂപ സമാഹരിക്കാന്‍ കഴിയുമായിരുന്നു. 50 കോടി രൂപ ഓവര്‍ഡ്രാഫ്റ്റും എടുക്കും. മുന്‍കാലങ്ങളില്‍ ഇത്തരം സാമ്പത്തിക ക്രമീകരണത്തിലൂടെയാണ് ശമ്പളം നല്‍കിയിരുന്നത്. വന്‍കിട ഉപഭോക്താക്കളുടെ ഡീസല്‍ നിരക്ക് കൂടിയതോടെ യാത്രാഫ്യൂയല്‍സിന്റെ പേരിലാണ് ഇപ്പോള്‍ ഇന്ധനം വാങ്ങുന്നത്. പണമടച്ചതിന്റെ രേഖ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ ഡീസല്‍ കിട്ടൂ.

ആറുകോടി രൂപയാണ് ശരാശരി പ്രതിദിനവരുമാനം. ഒരുകോടി രൂപ ബാങ്ക് വായ്പാതിരിച്ചടവിനും മൂന്നേകാല്‍ക്കോടി രൂപ ഡീസലിനും വേണ്ടിവരും. സ്‌പെയര്‍പാര്‍ട്‌സ്, ടയര്‍, ഓയില്‍ ചെലവ് കഴിഞ്ഞാല്‍ പിന്നെ ശമ്പളത്തിന് മിച്ചമുണ്ടാകില്ല. കോവിഡിനുശേഷം നിരത്തില്‍ ഇറക്കുന്ന ബസുകളുടെ എണ്ണം 4500നുമേല്‍ വര്‍ധിച്ചത് പ്രതീക്ഷ നല്‍കുന്നുണ്ട്. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 1300ല്‍നിന്ന് 700ല്‍ താഴെയാക്കിയതും നേട്ടമാണ്.

മൊത്തത്തില്‍, പെട്ടിരിക്കുകയാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും. ഇതില്‍ ഇനി എന്ത് തീരുമാനം ആവും സര്‍ക്കാര്‍ എടുക്കുക. കടമെടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്വിഫ്റ്റ് ബസ് കൂടി പണയം വയ്ക്കാന്‍ സര്‍ക്കാര്‍ മുതിരുമോ?

Related posts:

Leave a Reply

Your email address will not be published.