സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും.
1 min read
സിബിഐ ആറാം ഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ മധു
മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരുന്നു സിബിഐ സിനിമകൾ. അഞ്ച് സിനിമകളാണ് ഈ സീരീസിൽ ഇതുവരെ ഇറങ്ങിയത്. കെ.മധു സംവിധാനം ചെയ്ത സിബിഐ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയത് എസ്.എൻ.സ്വാമിയാണ്. ഇപ്പോഴിതാ ഈ സീരീസിലെ ആറാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ കെ.മധു.
മസ്‌ക്കറ്റിൽ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടിയിലായിരുന്നു ഈ സിനിമാ പ്രഖ്യാപനം. ഈ സീരീസിലിറങ്ങിയ ആദ്യ സിനിമ ”ഒരു സിബിഐ ഡയറിക്കുറിപ്പ്” ആയിരുന്നു. 1988ലാണ് ചിത്രം റിലീസ് ചെയ്തത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങി മൂന്നു ചിത്രങ്ങൾ കൂടി… എല്ലാം സൂപ്പർഹിറ്റുകൾ. എന്നാൽ അഞ്ചാമത്തെ ചിത്രമായ ”സിബിഐ 5:ദ ബ്രെയ്ൻ വേണ്ടത്ര ശ്രദ്ധ നേടിയില്ല. പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയാത്ത അഞ്ചാം ഭാഗത്തിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നു. അഞ്ചു ചിത്രങ്ങളിലും സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥനെ അവതരിപ്പിച്ച മമ്മൂട്ടി കയ്യടി നേടി. മലയാളി പ്രേക്ഷകർക്കു മുന്നിൽ എാറ്റവുമധികം തവണ ആവർത്തിച്ചെത്തിയ കഥാപാത്രവും സേതുരാമയ്യരായിരുന്നു. സിബിഐ എന്നു പറഞ്ഞാൽ സേതുരാമയ്യരാണ് എന്ന് ശരാശരി മലയാളിയെക്കൊണ്ട് ചിന്തിപ്പിക്കാൻ ഈ സിനിമകൾക്ക് കഴിഞ്ഞു.
മമ്മൂട്ടി നായകനായ ഈ സിബിഐ സിനിമയ്ക്ക് മറ്റു ഭാഷകളിൽ അനുകരണങ്ങൾ പോലുമുണ്ടായി. അക്കാലത്തെ സിനിമകളിൽ നിർബന്ധമായിരുന്ന പാട്ടും നൃത്തവും ഇല്ലാതെ കുറ്റാന്വേഷണത്തിൽ മാത്രം ഊന്നിയുള്ള പ്രമേയമായിരുന്നു സിബിഐ സിനിമകളുടേത്. 1980കളിൽ സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഈ ഫോർമാറ്റിനു കഴിഞ്ഞു.
മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആദ്യം കണ്ടുവെച്ച പേര് അലി ഇമ്രാൻ എന്നായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ നിർദ്ദേശ പ്രകാരം പേര് മാറ്റി. തന്റേടത്തേക്കാളേറെ, ബുദ്ധി ഉപയോഗിക്കുന്ന ലാളിത്യമുള്ള ഒരു ബ്രാഹ്മണൻ മികച്ച ആശയമായിരിക്കും എന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതനുസരിച്ചാണ് എസ്.എൻ.സ്വാമി സേതുരാമയ്യർ എന്ന് പേര് കണ്ടെത്തുന്നത്. കൈ പിറകിൽ കെട്ടിയുള്ള സേതുരാമയ്യരുടെ നടത്തവും മമ്മൂട്ടിയുടെ സംഭാവനയാണ്. ജമ്മു കാശ്മീർ കേഡർ ഐപിഎസ് ഓഫീസറായ രാധാവിനോദ് രാജുവിൽ പ്രചോദനം ഉൾക്കൊണ്ടാണ് സേതുരാമയ്യരായി മമ്മൂട്ടി നിറഞ്ഞാടിയത്.
സിബിഐ ആറാം ഭാഗത്തിന്റെ തിരക്കഥയെഴുതുന്നത് യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആയിരിക്കുമെന്ന രീതിയിൽ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അഭിനേതാക്കൾ ആരൊക്കെയായിരിക്കും എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.