‘നീല കണ്ണുള്ള, മേക്കപ്പ് ഇട്ട, ലെതര്‍ ജാക്കറ്റ് ധരിച്ച രാവണന്‍’; ‘ആദിപുരുഷി’നെതിരെ ബിജെപി വക്താവ്

1 min read

പ്രഭാസ് നായകനായി എത്തുന്ന ‘ആദിപുരുഷ്’ എന്ന ചിത്രമാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ആണ് ഇതിന് കാരണം. ഒരു ബ്രഹ്മാണ്ഡ ടീസര്‍ പ്രതീക്ഷിച്ച പ്രേക്ഷകന് ലഭിച്ചത് കാര്‍ട്ടൂണ്‍ ആണെന്നാണ് ട്രോളുകളില്‍ പറയുന്നത്. ചിത്രത്തിന്റെ വിഎഫ്എക്‌സിനെ കുറ്റപ്പെടുത്തിയും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഈ അവസരത്തില്‍ ആദിപുരുഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്.

രാമായണത്തെയും രാവണനെയും തെറ്റായ രീതിയിലാണ് ടീസറില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് മാളവിക ആരോപിക്കുന്നത്. സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്. ‘വാല്‍മീകിയുടെ രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ, അല്ലെങ്കില്‍ ഇതുവരെ ലഭ്യമായ അനേകം മനോഹരമായ രാമായണ വ്യാഖ്യാനങ്ങളെക്കുറിച്ചോ സംവിധായകന്‍ ഗവേഷണം നടത്താത്തതില്‍ എനിക്ക് ഖേദമുണ്ട്. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമായിരുന്ന ഏറ്റവും കുറഞ്ഞ കാര്യം നമ്മുടെ സ്വന്തം സിനിമകളെ കുറിച്ച് അന്വേഷിക്കുക എന്നതാണ്. രാവണന്‍ എങ്ങനെയാണെന്ന് ദൃശ്യമാകുന്ന നിരവധി കന്നഡ, തെലുങ്ക് , തമിഴ് സിനിമകളുണ്ട്’, എന്ന് മാളവിക പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു മാളവികയുടെ പ്രതികരണം.

ഇന്ത്യക്കാരന്‍ അല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് രാവണനെ ആദിപുരുഷനില്‍ അവതരിപ്പിച്ചിരിക്കുന്നത്. നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത് ചെയ്യാന്‍ കഴിയില്ല. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആര്‍ക്കും ഇത് നിസ്സാരമായി കാണാനാവില്ല. ഈ തെറ്റായ ചിത്രീകരണത്തില്‍ എനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്. അവര്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ ചരിത്രത്തെയാണെന്നും മാളവിക പറയുന്നു.

വിഷയത്തെ കുറിച്ച് മാളവിക ട്വീറ്റും ചെയ്തിട്ടുണ്ട്. ‘ലങ്കയില്‍ നിന്നുള്ള ശിവഭക്ത ബ്രാഹ്മണനായ രാവണന്‍ 64 കലകളില്‍ പ്രാവീണ്യം നേടിയിരുന്നു. വൈകുണ്ഠം കാവല്‍ നിന്ന ജയ, ശാപത്താല്‍ രാവണനായി അവതരിച്ചു. ഇത് ഒരു തുര്‍ക്കി സ്വേച്ഛാധിപതിയായിരിക്കാം, പക്ഷേ രാവണനല്ല. ബോളിവുഡ്, നമ്മുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുന്നത് നിര്‍ത്തൂ. ഇതിഹാസമായ എന്‍.ടി.രാമറാവുവിനെ കുറിച്ച് കേട്ടിട്ടുണ്ടോ?’, എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്.

ഓം റാവത്ത് ആണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. ശ്രീരാമനായി പ്രഭാസ് വേഷമിടുമ്പോള്‍, സീതയായി എത്തുന്നത് കൃതി സനോണാണ്. അടുത്ത വര്‍ഷം ജനുവരി 12ന് ചിത്രം റിലീസ് ചെയ്യും. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്!ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.