സൗന്ദര്യത്തിൽ മകൾ പുറകിലെന്ന് ആരാധകർ
1 min readയു.കെ.യിൽ അവധിയാഘോഷിച്ച് ലിസിയും കല്യാണിപ്രിയദർശനും
മകൾ കല്യാണിക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് ലിസി. അമ്മയുടെയും മകളുടെയും ട്രിപ്പ് എന്ന അടിക്കുറിപ്പോടെ ലിസി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കല്യാണി പകർത്തിയ ചിത്രങ്ങളാണിത്. അവധിയാഘോഷവുമായി അമ്മയും മകളും ലണ്ടനിലാണ് ഉള്ളത്. യു.കെ എക്‌സ്‌പ്ലോർ ചെയ്ത് നടക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ വൈറലാണ്. വളരെക്കാലത്തിനു ശേഷമാണ് അമ്മയും മകളും കൂടിയുള്ള ഇത്തരമൊരു യാത്ര.
കണ്ടാൽ സഹോദരിമാരെപ്പോലെയുണ്ട്, ലിസി സിനിമയിലേക്ക് തിരിച്ചുവരണം, 80കളിലെ ലിസിയുമായി തട്ടിച്ചുനോക്കുമ്പോൾ സൗന്ദര്യത്തിന്റെ കാര്യത്തിൽ കല്യാണി വളരെ പുറകിലാണ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നടി രാധിക ശരത്കുമാർ, ഖുശ്ബു തുടങ്ങിയവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
1984ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് ലിസി അഭിനയരംഗത്തെത്തുന്നത്. തുടർന്ന് പ്രിയദർശന്റെ ഒട്ടേറെ സിനിമകളുടെ ഭാഗമായി ലിസി. ഏറെ നാളത്തെ പ്രണയത്തിനുശേഷം 1990ലാണ് ഇരുവരും വിവാഹിതരായത്. ലിസി നായികയായി തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു വിവാഹം. വിവാഹത്തോടെ സിനിമ പൂർണ്ണമായും ഉപേക്ഷിച്ചു ലിസി.
പിന്നീട് കേൾക്കുന്നത് ഇരുവരും വേർപിരിയാൻ പോകുന്നു എന്ന വാർത്തയാണ്. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2016ലാണ് കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചത്. പിരിയാനുള്ള ഇരുവരുടെയും തീരുമാനം ഞെട്ടലോടെയാണ് സുഹൃത്തുകൾ പോലും കേട്ടത്. ഉറ്റകുട്ടുകാരായ സുരേഷ്‌കുമാറും മോഹൻലാലും വരെ ഇടപെട്ടെങ്കിലും തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനായില്ല. എന്നാൽ പിരിയുന്നതിലുള്ള വേദന ഇരുവരും പങ്കുവെച്ചിരിക്കുന്നു. വിവാഹമോചനത്തിനുള്ള കാരണമെന്തെന്ന് പ്രിയദർശൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലിസി പറഞ്ഞത് ഇപ്രകാരമാണ് : ”കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാൻ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിനായി മതം മാറി. തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ ഒരുപാട് ത്യാഗം ഞാൻ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങൾ നിങ്ങളെ ത്യജിച്ചാൽ ഭർത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങൾക്കു വേണ്ടി ജീവിതം കളയാൻ പറഞ്ഞോ എന്നായിരിക്കും അവർ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്ന് വെയ്ക്കരുത്.”
പിരിഞ്ഞു താമസിക്കുകയാണെങ്കിലും മക്കളുടെ എാതു കാര്യത്തിലും ഒന്നിച്ചുണ്ടാകും ലിസിയും പ്രിയദർശനും. അടുത്തിടെയാണ് മകൻ സിദ്ധാർത്ഥിന്റെ വിവാഹം നടന്നത്. ചെന്നൈയിലെ വസതിയിൽ വെച്ചു നടന്ന വിവാഹത്തിന്റെ നടത്തിപ്പ് രണ്ടുപേരും ചേർന്നായിരുന്നു.
സിദ്ധാർത്ഥ് അമേരിക്കയിൽ ഗ്രാഫിക്‌സ് കോഴ്‌സ് കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷം പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ വി.എഫ്.എക്‌സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ദേശീയപുരസ്‌കാരവും സിദ്ധാർത്ഥിനെ തേടിയെത്തി. സിദ്ധാർത്ഥിന്റെ ഭാര്യ മെർലിൻ വിഷ്വൽ ഇഫക്റ്റ്‌സ് പ്രൊഡ്യൂസറാണ്.
പ്രിയദർശനോടൊപ്പം പല സിനിമകളിലും അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷമാണ് കല്യാണി അഭിനയരംഗത്തെത്തുന്നത്. 2017ൽ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2020ൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളത്തിലുമെത്തി. പ്രിയദർശന്റെ മരക്കാറിലും കല്യാണി അഭിനയിച്ചിട്ടുണ്ട്. തല്ലുമാല, ബ്രോഡാഡി, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയായി മാറി കല്യാണി.