സൂപ്പർഹിറ്റുകളുടെ നിർമ്മാതാവ്
1 min readപിവിജിയുടെ മരണത്തോടെ മറഞ്ഞു പോയത് മലയാള സിനിമയിലെ കോഴിക്കോടൻ മുഖം
മലയാള സിനിമയിലെ കോഴിക്കോടൻ മുഖമായിരുന്നു ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറും നിർമ്മാതാവ് പി.വി.ഗംഗാധരനും. മലയാള സിനിമയുടെ സുവർണ കാലമായിരുന്നു അത്. എത്രയെത്ര സിനിമകളാണ് അന്ന് കോഴിക്കോടൻ മണ്ണിൽ ചിത്രീകരിച്ചത്. ഹരിഹരൻ, ഐ.വി.ശശി, ഭരതൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരൊക്കെ സിനിമയുടെ ലൊക്കേഷൻ തേടി കോഴിക്കോടെത്തി. പിന്നാലെ പ്രിയദർശനെപ്പോലുള്ളവരും. എല്ലാവർക്കും പ്രചോദനമായത് പിവിജി എന്ന പി.വി.ഗംഗാധരനായിരുന്നു.
അങ്ങാടി, ഏകലവ്യൻ, വാർത്ത തുടങ്ങിയ ജനപ്രിയ സിനിമകൾ…. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കായ ഒരു വടക്കൻ വീരഗാഥ… നിരൂപക പ്രശംസ പിടിച്ചുപറ്റിയ എന്ന് സ്വന്തം ജാനകിക്കുട്ടി…. കൊലപാതക രാഷ്ട്രീയം പറഞ്ഞ ശാന്തം…. കുടുംബചിത്രങ്ങളായ തൂവൽകൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ …. പുതുമുഖങ്ങളെ അണിനിരത്തിയ നോട്ട്ബുക്ക്…. ഇങ്ങനെ 22 സിനിമകൾക്കാണ് പിവിജി ജീവൻ നൽകിയത്. ഇതിൽ 20ഉം സൂപ്പർഹിറ്റ്. ഓരോന്നും പ്രമേയം കൊണ്ട് വ്യത്യസ്തം. കഥകൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേകമായൊരു കഴിവു തന്നെയുണ്ടായിരുന്നു പിവിജിക്ക്. കഥ മാത്രമല്ല, ചിത്രത്തിലെ പാട്ടുകൾക്കും വലിയ സ്ഥാനം നൽകിയിരുന്നു പിവിജി. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളെല്ലാം ഇന്നും സൂപ്പർഹിറ്റുകളായതിന്റെ കാരണവും മറ്റൊന്നുമല്ല. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറാണ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിച്ചത് എന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.
ആദ്യസിനിമയായ സുജാതയിലെ നായകൻ പ്രേംനസീറായിരുന്നു. നസീർ അന്ന് മലയാളത്തിലെ തിരക്കുള്ള നായകനടൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകാനായി രവീന്ദ്രജയിനെ മലയാളത്തിലെത്തിച്ചു പിവിജി. കൂടെ ഗായിക ആശാഭോസ്ലെയും. ചിത്രത്തിലെ നാല് ഗാനങ്ങളും ഹിറ്റുകൾ. ആശ്രിത വത്സലനേ… എന്ന ഗാനത്തിന്റെ വരുമാനം ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
ജയൻ എന്ന നടന്റെ കരിയറിൽ ബ്രേക്കായി മാറിയ ചിത്രമായിരുന്നു അങ്ങാടി. ജയനെ സൂപ്പർതാരമാക്കിയ സിനിമ. മലയാളത്തിലെ എവർഗ്രീൻ സൂപ്പർഹിറ്റ്. ദാമോദരൻ-ഐ.വി.ശശി കൂട്ടുകെട്ടിൽ പിറന്ന ചിത്രം. ചുമട്ടുതൊഴിലാളികളുടെ നേതാവായി അത്യുഗ്രൻ പ്രകടനമാണ് ജയൻ കാഴ്ചവെച്ചത്.
ഭരതനും പത്മരാജനും ഒന്നിച്ചത് പിവിജിയുടെ ഒഴിവുകാലത്തിലൂടെയാണ്. പ്രേം നസീർ, ശ്രീവിദ്യ, ജലജ, രോഹിണി തുടങ്ങിയ താരനിര. കെ.ജയകുമാറിന്റെ വരികൾക്ക് ഈണം നൽകിയത് ജോൺസൺ.
ഭരതന്റെ തന്നെ സംവിധാനത്തിലൊരുങ്ങിയ ചിത്രമായിരുന്നു കേരളത്തിലെ നക്‌സലൈറ്റുകളുടെ ജീവിതകഥ പറഞ്ഞ ഇത്തിരിപ്പൂവേ ചുവന്ന പൂവേ. മധു, മമ്മൂട്ടി, ശോഭന, റഹ്മാൻ, കെ.ആർ.വിജയ തുടങ്ങിയ താരനിര.
ഐ.വി.ശശി സംവിധാനം ചെയ്ത അഹിംസയിൽ മമ്മൂട്ടിക്കും മോഹൻലാലിനും പ്രധാന വേഷങ്ങൾ നൽകി പിവിജി. രതീഷ്, സുകുമാരൻ, ശ്രീനിവാസൻ, പൂർണ്ണിമ ജയറാം, സീമ, മേനക, ജോസ്പ്രകാശ്, ബാലൻ കെ നായർ, ലാലു അലക്‌സ്, കുതിരവട്ടം പപ്പു തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരന്നു.
വെറും 18 ദിവസം കൊണ്ടാണ് വാർത്ത ചിത്രീകരിച്ചത്. പടം സൂപ്പർഹിറ്റ്. ഐ.വി.ശശിയുടെ സംവിധാനം. നായകൻ മമ്മൂട്ടി. അതോടൊപ്പം കുതിരവട്ടം പപ്പുവിനും വേണുനാഗവള്ളിക്കും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ.
കാറ്റത്തെ കിളിക്കൂടിൽ ഷേക്‌സ്പിയർ കൃഷ്ണപിള്ളയായി ഗോപി നിറഞ്ഞാടി. മികച്ച നടനുൾപ്പെടെ മൂന്ന് സംസ്ഥാന അവാർഡുകളാണ് ചിത്രം നേടിയത്.
രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് എാകലവ്യൻ. സുരേഷ് ഗോപിക്ക് താരമൂല്യമേകിഎാകലവ്യൻ.
കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശമായിരുന്നു ശാന്തം. ജയരാജിന്റെ സംവിധാനം. ഫുട്‌ബോൾ താരമായ ഐ.എം.വിജയൻ നായകനായി രംഗപ്രവേശം ചെയ്തത് ശാന്തത്തിലൂടെയാണ്.
വടക്കൻപാട്ടുകളിൽ വില്ലനായി അറിയപ്പെട്ടിരുന്ന ചന്തുവിന്റെ ധർമ്മസങ്കടങ്ങൾ ഉൾക്കൊണ്ട എം.ടി.യുടെ രചനയും ഇരുകയ്യും നീട്ടി സ്വീകരിച്ചു പിവിജി. ചതിയനല്ലാത്ത ചന്തുവിനെ എാറ്റെടുത്തു മലയാളി പ്രേക്ഷകർ. ചിത്രത്തിലെ ഡയലോഗുകളും പാട്ടുകളും ഇന്നും ഹിറ്റാണ്.
ലോഹിതദാസിന്റെ തിരക്കഥയ്ക്ക് സത്യൻ അന്തിക്കാട് ചലച്ചിത്രഭാഷ്യം നൽകിയ കുടുംബചിത്രമാണ് തൂവൽകൊട്ടാരം. ജയറാം, ദിലീപ്, മഞ്ജുവാര്യർ തുടങ്ങിയവർ തകർത്തഭിനയിച്ച സിനിമ.
രാഷ്ട്രീയ ഗുണ്ടയായിരുന്ന ശിവപ്രസാദിനുണ്ടാകുന്ന മാനസാന്തരവും തുടർക്കുണ്ടാകുന്ന. സംഭവവികാസങ്ങളുമാണ് അദ്വൈതം പറയുന്നത്. ടി.ദാമോദരൻ തിരക്കഥയെഴുതിയ അദ്വൈതത്തിന്റെ സംവിധായകൻ പ്രിയദർശനായിരുന്നു.
എം.ടി.-ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. ജോമോൾക്ക് മികച്ച നടിക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത സിനിമയായിരുന്നു ഇത്.
അച്ചുവിന്റെ അമ്മ എന്ന സിനിമയ്ക്കുവേണ്ടി ഉർവശിയെ ചെന്നൈയിൽ പോയി വിളിച്ചുകൊണ്ടുവരികയായിരുന്നു പിവിജി. രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ. മലയാളത്തിൽ ഇന്നേവരെ ആരും പറയാത്ത പ്രമേയം. ചിത്രത്തിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം എാറെ ശ്രദ്ധേയമായിരുന്നു.
കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സിനിമകളായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങളും വീണ്ടും ചില വീട്ടുകാര്യങ്ങളും. രണ്ടു സിനിമകളുടെയും സംവിധായകൻ സത്യൻ അന്തിക്കാടാണ്. കാളിദാസ് ജയറാം എന്ന ബാലതാരത്തിന്റെ ഉദയം കൂടിയായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങൾ. ലോഹിതദാസിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. ജയറാം, തിലകൻ, കെപിഎസി ലളിത സംയുക്ത തുടങ്ങിയ താരങ്ങൾ തങ്ങളുടെ പ്രകടനം കൊണ്ട് ഗംഭീരമാക്കിയ സിനിമ.
പുതുമുഖ താരങ്ങളെ വെച്ചാണ് 2006ൽ നോട്ട്ബുക്ക് എന്ന സിനിമ നിർമ്മിച്ചത്. അക്കാലത്ത് അധികമാരും ചർച്ച ചെയ്യാതിരുന്ന പ്രമേയം. ചിത്രം ജനം സ്വീകരിക്കുമെന്ന പിവിജിയുടെ പ്രതീക്ഷ തെറ്റിയില്ല.
16 വർഷം മുമ്പേ ചലച്ചിത്രരംഗത്തു നിന്ന് പിൻവാങ്ങിയെങ്കിലും, അദ്ദേഹം ജീവൻ നൽകിയ സിനിമകളിലൂടെ മലയാള സിനിമാലോകം പിവിജി എന്ന മൂന്നക്ഷരത്തെ എന്നെന്നും ഓർത്തിരിക്കും.