മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞ സുകുമാരി
1 min readനടി സുകുമാരിയുടെ അവസാനരംഗം ഓർത്തെടുക്കുന്നു ലാൽ ജോസ്
നടി സുകുമാരിയുടെ ലാസ്റ്റ് സീൻ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് കരയുന്നതായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. സുകുമാരിയുമൊത്തുള്ള തന്റെ അവസാന ചിത്രത്തിലെ അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഇമ്മാനുവൽ എന്ന സിനിമയുടെ ലൊക്കേഷനായിരുന്നു അത്.
”ഇമ്മാനുവലിലെ ലാസ്റ്റ് ഷോട്ട് മമ്മൂക്കയെ കെട്ടിപ്പിടിച്ച് സുകുമാരിചേച്ചി കരയുന്ന സീനായിരുന്നു. എന്റെ മനസ്സിൽ ഇപ്പോഴുമുള്ളത് ചേച്ചി ആ സീൻ കഴിഞ്ഞിട്ട് ലിഫ്റ്റിൽ കയറിയിട്ട് എന്നോട് കൈകൊണ്ട് കാണാം മോനേ എന്ന് പറഞ്ഞ് കൈവീശി കാണിക്കുന്നതാണ്. അതിനുശേഷം ഡബ്ബിങ്ങിനു വന്നപ്പോഴാണ് അവസാനം കണ്ടത്. പക്ഷേ ഷൂട്ടിങ് കഴിഞ്ഞിട്ട് ലിഫ്റ്റിൽ വെച്ച് കൈ വീശി കാണിക്കുന്ന സുകുമാരി ചേച്ചിയുടെ മുഖമാണ് ഇപ്പോഴും ഓർമ്മയിലുള്ളത്. മുസ്ലിം വേഷത്തിൽ കാച്ചിമുണ്ടും തട്ടവുമിട്ടുള്ള സുകുമാരിചേച്ചിയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.” ലാൽജോസ് പറയുന്നു. സഫാരിടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു ഈ വെളിപ്പെടുത്തൽ.
ഇതിനുശേഷമാണ് സുകുമാരിക്ക് പൊള്ളലേൽക്കുന്നത്. കുറേ ദിവസം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഒടുവിൽ മരണവും. തമിഴ്, മലയാളം സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്നു സുകുമാരി. 60 വർഷങ്ങൾ നീണ്ട അഭിനയജീവിതം. ചുരുക്കം ചിലർക്കു മാത്രം ലഭിക്കുന്ന അപൂർവ ഭാഗ്യം. അമ്മവേഷങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോൾ തന്നെ ഹാസ്യതാരമായും തിളങ്ങി സുകുമാരി. വില്ലൻ വേഷങ്ങളും സുകുമാരിയുടെ കയ്യിൽ ഭദ്രമായിരുന്നു. മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി വേഷങ്ങൾ മലയാളിക്കു സമ്മാനിച്ചാണ് സുകുമാരി മറഞ്ഞത്.
ഇമ്മാനുവൽ ഹിറ്റായിരുന്നുവെന്നും നിർമ്മാതാവിന് ലാഭം കിട്ടിയ സിനിമയായിരുന്നു അതെന്നും കൂട്ടിച്ചേർക്കുന്നു ലാൽജോസ്. ”ഇമ്മാനുവൽ ജോർജിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു. സിനിമ തിയേറ്ററിൽ വിജയമായി. ഭയങ്കര സൂപ്പർ ഡ്യൂപ്പർ ഹിറ്റ് അല്ലെങ്കിലും സിനിമ ഹിറ്റായി. ജോർജിന് ലാഭം കിട്ടിയ സിനിമയായിരുന്നു ഇമ്മാനുവൽ. പട്ടാളത്തിനു ശേഷം മമ്മൂക്കയുമൊത്ത് ഒരു മുഴുനീള സിനിമ ചെയ്യുന്നതും ഇതായിരുന്നു.” ലാൽജോസ് പറഞ്ഞു.
ഇൻഷുറൻസ് കമ്പനിയുടെ എാജന്റായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം ഇമ്മാനുവൽ. ഫീൽഡിൽ പിടിച്ചു നിൽക്കുന്നതിനായുള്ള എാജന്റുമാരുടെ തന്ത്രപ്പാടുകളും ഒരു ഇടത്തരം കുടുംബത്തിന്റെ നിലനിൽപിനായുള്ള പോരാട്ടവും വരച്ചു കാണിച്ച ചിത്രം. ആളുകളെ ഇൻഷുറൻസിൽ ചേർക്കുമ്പോഴുണ്ടാകുന്ന ആവേശമൊന്നും ക്ലെയിം അനുവദിക്കുന്ന കാര്യത്തിൽ കമ്പനികൾ കാണിക്കാറില്ല. മാത്രമല്ല എങ്ങനെ പണം നൽകാതിരിക്കാം എന്ന ഗവേഷണത്തിലുമാണവർ. ഇതിനിടയിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, നിക്ഷേപകർക്ക് അർഹമായ അവകാശങ്ങൾ നേടിക്കൊടുക്കുന്ന ഇമ്മാനുവൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.