ഇന്‍ഷുറന്‍സ് ഇല്ലാതെ സര്‍വ്വീസ്; ബസ് ടാക്‌സി ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു

1 min read

മൂന്നാര്‍: ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ സര്‍വ്വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസ്, ബസ് ടാക്‌സി ഡ്രൈവര്‍മാരുടെ നേതൃത്യത്തില്‍ മൂന്നാറില്‍ തടഞ്ഞിട്ടു. ഇന്നലെ വൈകീട്ട് മൂന്നാറില്‍ ദേവികുളം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാത്ത നിരവധി വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതില്‍ പ്രകോപിതരായ ടാക്‌സി ഡ്രൈവര്‍മാരാണ് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞത്.

ഇന്നലെ വൈകീട്ട് നാലിനാണ് സംഭവം. പോസ്റ്റോഫീസ് കവലയിലുളള ബസ് സ്റ്റാന്‍ഡില്‍ നിന്നും നിറയെ യാത്രക്കാരുമായി അടിമാലിയിലേക്ക് സര്‍വ്വീസ് നടത്തിയ കെ എല്‍ 15 9088 എന്ന ബസാണ് ടാക്‌സി ഡ്രൈവര്‍മാര്‍ അര മണിക്കൂറോളം തടഞ്ഞിട്ടത്. ഡ്രൈവര്‍മാര്‍ നടത്തിയ പരിശോധനയില്‍ ബസിന് 2020 ഏപ്രില്‍ 7 മുതല്‍ ഇന്‍ഷുറന്‍സ് ഇല്ലെന്നും 2016 മെയ് 1 മുതല്‍ പെര്‍മിറ്റില്ലെന്നും കണ്ടെത്തി. ഇതോടെയാണ് ബസ് തടഞ്ഞത്.

മൂന്നാര്‍ എസ് ഐ ഷാഹൂല്‍ ഹമീദിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഡ്രൈവര്‍മാരെ മാറ്റിയ ശേഷമാണ് കെ എസ് ആര്‍ ടി സി ബസിനെ പോകാന്‍ അനുവദിച്ചത്. ദേവികുളം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ മൂന്നാര്‍ പോസ്റ്റോഫീസ് കവലയില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത നിരവധി വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ടാക്‌സി ഡ്രൈവര്‍മാര്‍ കെ എസ് ആര്‍ ടി സി ബസിന്റെ രേഖകള്‍ പരിശോധിച്ചതും ബസ് തടഞ്ഞിട്ടതും.

Related posts:

Leave a Reply

Your email address will not be published.