ചിക്കന്‍ ബിരിയാണി നല്‍കാത്തതിന് റെസ്റ്റോറന്റിന് തീയിട്ടു, ന്യൂയോര്‍ക്കില്‍ 49 കാരന്‍ അറസ്റ്റില്‍

1 min read

ന്യൂയോര്‍ക്ക് : ഓര്‍ഡര്‍ ചെയ്തിട്ടും ചിക്കന്‍ ബിരിയാണി നല്‍കാത്തതിന്റെ പേരില്‍ 49കാരന്‍ ബംഗ്ലാദേശി റെസ്റ്റോറന്റിന് തീയിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. റെസ്റ്റോറന്റിന് തീയിട്ടയാളെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 49 കാരനായ ചോഫെല്‍ നോര്‍ബുവാണ് അറസ്റ്റിലായത്. ജാക്‌സണ്‍ ഹൈറ്റ്‌സിലെ റെസ്റ്റോറന്റ് കത്തിച്ചതായി ചോഫെല്‍ നോര്‍ബു സമ്മതിച്ചു. ഇയാള്‍ക്കെതിരെ തീവെപ്പ്, ക്രിമിനല്‍ കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി, ബംഗ്ലാദേശി ഭക്ഷണശാലയിലെ ജീവനക്കാര്‍ തനിക്ക് ചിക്കന്‍ ബിരിയാണി നല്‍കിയില്ലെന്ന് പ്രതി ആരോപിച്ചു. ഇതേ തുടര്‍ന്നാണ് ഇയാള്‍ ഭക്ഷണശാലയിലെത്തി തീകൊളുത്തിയത്.

‘ഞാന്‍ നന്നായി മദ്യപിച്ചിരുന്നു. ഞാന്‍ ചിക്കന്‍ ബിരിയാണി ചോദിച്ചു. അവര്‍ എനിക്ക് ചിക്കന്‍ ബിരിയാണി തന്നില്ല. ‘എനിക്ക് ഭ്രാന്തായിരുന്നു, ഞാന്‍ തീയിട്ടു’ അറസ്റ്റിനെത്തുടര്‍ന്ന് നോര്‍ബു പൊലീസിനോട് പറഞ്ഞു. ‘ഞാന്‍ ഒരു ഗ്യാസ് ക്യാന്‍ വാങ്ങി. അത് കത്തിക്കാന്‍ ശ്രമിക്കുന്നതിനായി ഞാന്‍ കടയിലേക്ക് എറിഞ്ഞു. ഞാന്‍ അത് കത്തിക്കുന്നതിനിടെ എനിക്കും തീ പൊള്ളലേറ്റു’ പ്രതി പറഞ്ഞു.

സംഭവം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ന്യൂയോര്‍ക്കിലെ അഗ്‌നിശമന സേന സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു. ദൃശ്യങ്ങളില്‍ നോര്‍ബു റെസ്റ്റോറന്റിന് പുറത്ത് കുറച്ച് നേരം നില്‍ക്കുകയും കത്തുന്ന ദ്രാവകം എറിഞ്ഞ് തീയിടുകയും ചെയ്തതായി ദൃശ്യങ്ങളില്‍ കാണാം. ക്വീന്‍സ് മള്‍ട്ടി കള്‍ച്ചറല്‍ ജാക്‌സണ്‍ ഹൈറ്റ്‌സിലാണ് ബംഗ്ലാദേശി റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.

Related posts:

Leave a Reply

Your email address will not be published.