കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍

1 min read

ഇരുട്ടില്‍ തപ്പി പോലീസ്

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പി പൊലീസ്. കേരള പോലീസിന്റെ കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലേക്കാണ് സംഭവം നീങ്ങുന്നത്. കുട്ടിയെ പൂയപ്പള്ളിയിലെ വീടിന്റെ പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയി ഒരു ദിവസത്തോളം കൂടെ വച്ചതിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോയിട്ടും പോലീസിന് പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ പിടിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അവര്‍ കുട്ടിയെ പട്ടാപകല്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ചുപോയിട്ടും അവരെ സംബന്ധിച്ച ഒരു സൂചനയും പോലീസിന് ലഭിച്ചില്ലെന്നത് കേരള പോലീസിന് നാണക്കേടാണുണ്ടാക്കിയത്. ഇനിയും പ്രതികളെ പിടികൂടാന്‍ കഴിയാത്തതോടെ ഇതിന് മറുപടി പറയേണ്ട ഭരണ നേതൃത്വവും പോലീസ് അധികാരികളും വെട്ടിലായി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തല ഉരുളുമെന്ന സ്ഥിതി വന്നതോടെ നഴ്സസ് അസോസിയേഷനിലെ പടലപ്പിണക്കവും റിക്രൂട്ട്‌മെന്റെ് തട്ടിപ്പും ആണ് തട്ടിക്കൊണ്ടുപോയതിന്റെ പിന്നിലെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും നഴ്സുമാരുടെ വിവാദ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട് ജില്ലാ പ്രസിഡന്റുമായ റെജിയെയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ കുട്ടിയെ തട്ടിക്കൊണ്ടുപോയപ്പോഴും റെജിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

അന്വേഷണം എവിടെയുമെത്തായതോടെ ചില സൂചനകള്‍ കിട്ടി എന്ന ധാരണ പോലീസ് മനപൂര്‍വം ഉണ്ടാക്കുകയാണോ എന്ന സംശയവും നാട്ടുകാരിലുണ്ട്. നഴ്സിംഗ് അസോസിയേഷന്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതുപോലെ തന്നെ യു.എന്‍.എ എന്ന സംഘടനയുടെ തലപ്പത്തുള്ളവര്‍ പലപ്പോഴും വിവാദമായ ഇടപാടുകളില്‍ പെട്ടിരുന്നവരാണ്. ഇതും സംശയം ബലപ്പെടുത്താനുള്ള കാരണങ്ങളാണ്. പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ നിന്ന് കുട്ടിയുടെ അച്ഛന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിലെ റെക്കോഡുകളും വിശദാംശങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. പോലീസ് ഭാഷ്യം ശരിയല്ലെങ്കില്‍ കുട്ടിയെ കാണാതായതിന്റെ വേദനയുമായി നടന്ന റെജിയ്ക്ക് ഇത് കൂടുതല്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. എന്നാല്‍ തട്ടിക്കൊണ്ടുപോയവരെ കണ്ടുപിടിക്കാന്‍ പോലീസിനെ റെജി വേണ്ട വിധത്തില്‍ സഹായിക്കുന്നില്ലെന്ന നിഗമനവും പോലീസിനുള്ളതായി അറിയുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാറിന്റെ നമ്പര്‍ പ്ലെയിറ്റ് മാറ്റിയ ആളാണ് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളില്‍ നിന്ന്കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കാറുകള്‍ വാടകയ്ക്ക് കൊടുക്കുന്ന ചിറക്കര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ രണ്ടുപുരുഷന്മാരും രണ്ടു സ്ത്രീകളും ആണുണ്ടായിരുന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞതായാണ് സൂചന. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമെന്നാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ അന്നു പറഞ്ഞിരുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ തന്നാലാവുന്ന വിധം ചെറുത്തുനില്പ് നടത്തിയിരുന്നു ഈ ബാലന്‍. വെള്ളിയാഴ്ച വൈകിട്ടോടെ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിലെ പ്രതികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തറിയിക്കാന്‍ കഴിയുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇല്ലെങ്കില്‍ മികച്ചതെന്നവകാശപ്പെടുന്ന കേരളപോലീസിന് ഈ സംഭവം നാണക്കേടുണ്ടാക്കുമെന്നുറപ്പാണ്.

Related posts:

Leave a Reply

Your email address will not be published.