കേരളം ഭരിക്കുന്നത് പിണറായി വ്യാജന്‍ സര്‍ക്കാര്‍: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: പിണറായി വ്യാജന്‍ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്‌ഐ നേതാക്കള്‍ യൂണിയന്‍ ഭാരവാഹികളാവുന്നു. സര്‍വ്വകലാശാല പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ നേതാക്കള്‍ പരീക്ഷ പാസാവുന്നു. ഡിവൈഎഫ്‌ഐക്കാര്‍ വ്യാജരേഖ ചമച്ച് ഡോക്ടറേറ്റ് നേടുന്നു. എസ്ഫ്‌ഐക്കാര്‍ക്കും ഡിവൈഎഫ്‌ഐക്കാര്‍ക്കും എന്തുമാവാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. വ്യാജന്‍മാരുടെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. എല്ലാം വെറും സാങ്കേതികപിഴവാണെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. എന്തുകൊണ്ടാണ് എസ്എഫ്‌ഐക്കാര്‍ക്ക് മാത്രം സാങ്കേതികപിഴവ് ഉണ്ടാകുന്നത്.

ലോക കേരളസഭ എന്നത് ഭൂലോക തട്ടിപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതുവരെ ലോകകേരളസഭ കൊണ്ട് ഒരു രൂപയുടെ നിക്ഷേപം കേരളത്തില്‍ വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ അഴിമതി ആരും പ്രതിരോധിക്കുന്നില്ലെന്ന വേവലാതിയാണ് മരുമകന്‍ മന്ത്രിക്കുള്ളത്. ഒരു ലജ്ജയുമില്ലാതെ തട്ടിപ്പ് നടത്തുന്നവരെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ക്ക് പോലും പറ്റുന്നില്ല. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് അഴിമതിപണം വീതംവെക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം മുഖ്യമന്ത്രിക്ക് മാത്രമാണ് ലഭിക്കുന്നത്. അതാണ് അഴിമതിയെ പ്രതിരോധിക്കാന്‍ ആരും വരാത്തതിന് കാരണം. ജൂനിയര്‍ മന്ത്രിമാരെ വെച്ച് മരുമകനെ കൊണ്ട് ഭരണം നടത്തിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. കേരളത്തിലെ മന്ത്രിമാരില്‍ ആര്‍ക്കും പ്രതിച്ഛായ ഇല്ല. ഇന്റര്‍നെറ്റ് ചിലവുകള്‍ ഇത്രയും സുഗമമായി ലഭിക്കുന്ന നാട്ടില്‍ കെഫോണ്‍ തട്ടിപ്പ് മാത്രം ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്. ഭൂമിക്ക് സംസ്ഥാനത്ത് അന്യായമായ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതികരം ഒരു മര്യാദയുമില്ലാതെയാണ് കൂട്ടുന്നത്. കേന്ദ്രസര്‍ക്കാര്‍ കടവാങ്ങല്‍ പരിധി കുറച്ചെന്നാണ് സംസ്ഥാന ധനകാര്യമന്ത്രി പറയുന്നത്. എന്നാല്‍ കണക്ക് ചോദിച്ചാല്‍ മന്ത്രിക്ക് മറുപടിയില്ല. നേരത്തെ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ ധനമന്ത്രി കള്ളംപറഞ്ഞ് ഒടുവില്‍ നാണംകെടുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

കേരളത്തില്‍ കര്‍ഷക ആത്മഹത്യ പതിവായിരിക്കുകയാണ്. കടക്കെണിയിലായ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്ല്യങ്ങള്‍ സംസ്ഥാനത്തെ കര്‍ഷകരിലെത്തുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. നെല്‍കര്‍ഷകര്‍ക്ക് കേന്ദ്രവിഹിതം കൊടുത്തെങ്കിലും സംസ്ഥാന സര്‍ക്കാരിന് വിഹിതം കൊടുക്കാനാവുന്നില്ല. നെല്ല് സംഭരിച്ചതിന്റെ പണം ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. മില്ലുടമകളുമായി ചേര്‍ന്ന് കര്‍ഷകരെ ദ്രോഹിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത കര്‍ഷകര്‍ക്ക് ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല എന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഷാജി രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, കര്‍ഷകമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് എസ്.ജയസൂര്യന്‍, സംസ്ഥാന ജന.സെക്രട്ടറിമാരായ അജിഘോഷ്, കെടി വിബിന്‍, സംസ്ഥാനസെക്രട്ടറി എം.വി.രഞ്ജിത്, ജില്ലാ പ്രസിഡന്റ് ദിലീപ് മണമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

Related posts:

Leave a Reply

Your email address will not be published.