ചേട്ടനും അനുജനും കൂടെ മമ്മൂക്കയെ കമഴ്ത്തി
1 min readകണ്ണൂർ സ്‌ക്വാഡ് വിജയമായപ്പോൾ സന്തോഷം തോന്നിയെന്ന് റോണി
കണ്ണൂർ സ്‌ക്വാഡ് ഹിറ്റായിരുന്നില്ലെങ്കിൽ ആളുകൾ എന്തായിരിക്കും പറയുക? കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തായ റോണി ഡേവിഡിന്റേതാണ് ചോദ്യം.
ചേട്ടനും അനുജനും കൂടെ മമ്മൂക്കയെ കമഴ്ത്തി. മമ്മൂക്ക പാവം, പത്തിരുപത് ദിവസം ഡേറ്റും നൽകി കഷ്ടപ്പെട്ടിട്ട് പടം വിജയിച്ചില്ല. ഇതായിരിക്കും ആളുകളുടെ പറച്ചിൽ. റോണി തന്നെ ഉത്തരവും കണ്ടെത്തി.
കണ്ണൂർ സ്‌ക്വാഡിലെ തിരക്കഥാകൃത്ത് മാത്രമല്ല, അഭിനേതാവ് കൂടിയാണ് റോണി. കേസന്വേഷണത്തിനിറങ്ങി പുറപ്പെട്ട നാല് പൊലീസുകാരിൽ ഒരാൾ റോണിയായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ റോബി വർഗീസ് അദ്ദേഹത്തിന്റെ അനുജനും.
ഒരു മാസമായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് കണ്ണൂർ സ്‌ക്വാഡ്. ഈ സന്ദർഭത്തിലാണ് കണ്ണൂർ സ്‌ക്വാഡുമായി ബന്ധപ്പെട്ട തങ്ങളുടെ സ്വപ്‌നങ്ങളെക്കുറിച്ചും ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും റോണി ഡേവിഡ് മനസ്സു തുറക്കുന്നത്.
”പടം ഇപ്പോഴും ഓടുന്നുണ്ടെങ്കിൽ അത് വലിയൊരു ഭാഗ്യമാണ്. ഇത് ശരിക്കും ഞങ്ങളുടെ നല്ല കാലമാണ്. കണ്ണൂർ സ്‌ക്വാഡ് അഥവാ പ്രേക്ഷകർക്ക് വർക്ക് ആയില്ലെങ്കിൽ എല്ലാവരും എന്തായിരിക്കും പറയുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ചേട്ടനും അനുജനും കൂടെ മമ്മൂക്കയെ കമഴ്ത്തി. അങ്ങനെയാവും എല്ലാവരും ഉറപ്പായിട്ടും പറയുക. മമ്മൂക്ക പാവം, 10-20 ദിവസം ഡേറ്റും നൽകി കഷ്ടപ്പെട്ടിട്ട് പടം വിജയിച്ചില്ല എന്നേ ആളുകൾ പറയൂ. സാമ്പത്തികമായി ലാഭം നേടുക എന്നതിലുപരി നമുക്കൊരു പ്രതിബന്ധതയില്ലേ, ആ കമ്മിറ്റ്‌മെന്റിൽ നിന്ന് നമുക്കൊരിക്കലും മാറാൻ സാധിക്കില്ല. അതിന്റെ വാല്യൂ അത്രയും വലുതാണ്. അതിനു പകരം വെക്കാൻ മറ്റൊന്നുമില്ല. മമ്മൂക്കയെന്ന വ്യക്തി നമ്മുടെ മേൽ തന്ന വിശ്വാസം ഒരു തരത്തിലും ദുരുപയോഗം ചെയ്യാൻ പാടില്ല. ഷൂട്ടിനായി നോർത്തിന്ത്യയിൽ പോയ സമയത്ത് എല്ലാവർക്കും അസുഖം പിടിച്ചിരുന്നു. റോബിക്കൊന്നും തീരെ വയ്യായിരുന്നു. അവന്റെ ശബ്ദമൊക്കെ പോയിട്ട് ബാക്കിയുള്ളവരെ കൊണ്ടാണ് ആക്ഷൻ പറയിപ്പിച്ചത്. നമുക്ക് സങ്കടം തോന്നും കാണുമ്പോൾ. ആർക്കും തീരെ വയ്യ. പടത്തിൽ അധികവും സിങ്ക് സൗണ്ട് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ശബ്ദം പോയത് കൊണ്ട് രണ്ടാം പകുതി മുഴുവൻ എനിക്ക് ഡബ്ബ് ചെയ്യേണ്ടി വന്നു. കുറേ കഷ്ടപ്പെട്ടെങ്കിലും കണ്ണൂർ സ്‌ക്വാഡ് വിജയമായപ്പോൾ ഒരുപാട് സന്തോഷം തോന്നി.” റോണി പറയുന്നു.