സി.പി.ഐയില്‍ കാനം- ഇസ്മയില്‍ അടി രൂക്ഷം
1 min readപാലക്കാട്ട് എം.എല്‍.എ രാജിവച്ചു. പാര്‍ട്ടി എം.എല്‍.എ സി.പി.എം നിയന്ത്രണത്തിലെന്ന് സി.പി.ഐ ജില്ലാ നേതൃത്വം
സി.പി.ഐയില്‍ തമ്മിലടി രൂക്ഷം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എതിരാളികളും തമ്മിലാണ് കടുത്ത അടി നടക്കുന്നത്. പാലക്കാട് ജില്ലയില്‍ കെ.ഇ.ഇസ്മയില്‍ പക്ഷക്കാരാണ് കാനത്തെ എതിര്‍ക്കുന്നതെങ്കില്‍ മറ്റ് പല ജില്ലകളിലും ഇസ്മയിലിനോട് താല്പര്യമില്ലാത്തവരും കാനത്തെ എതിര്‍ക്കുന്നുണ്ട്.
പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസിനെ കാനം വിഭാഗം നിയന്ത്രിക്കുന്ന സി.പി.ഐ ജില്ലാ കമ്മിറ്റി തരം താഴ്ത്തിയിരുന്നു. ജില്ലാസെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയിരുന്നത്. ഇസ്മയില്‍ അനുകൂലിയാണ് മുഹസിന്. സി.പി.ഐ എം.എല്‍.എയാണെങ്കിലും സി.പി.എം നിയന്ത്രണത്തിലാണ് മുഹസിന് ഉള്ളതെന്നാണ് കാനം വിഭാഗക്കാര്‍ ആരോപിക്കുന്നത്. പട്ടാമ്പിയില്‍ സി.പി.ഐക്ക് നേരിയ സ്വാധീനമേ ഉള്ളൂ. വീണ്ടും ജയിച്ചു കയറണമെങ്കില്‍ സി.പി.എം അണികളെ പിണക്കാതിരിക്കണം. ഇത് സി.പി.ഐ ജില്ലാ നേതൃത്വത്തിന് പിടിക്കുന്നില്ല. ഇതാണ് മുഹസിനെ വെട്ടാന്‍ കാരണം. വിഭാഗീയത രൂക്ഷമായതോടെ സി.പി.ഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് മുഹമ്മദ് മുഹസിന് രാജിവയ്ക്കുകയും ചെയ്തു.
ജില്ലയിലെ സി.പി.ഐ.യുടെ ഏക എം.എല്‍.എ.യാണ് മുഹ്സിന്. പാര്‍ട്ടിയുടെ പ്രമുഖനേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുടുംബാംഗവും മുന്‍ ജില്ലാപഞ്ചായത്തംഗവുമായ സീമ കൊങ്ങശ്ശേരിയുള്‍പ്പെടെ മറ്റ് ആറുപേര്‍കൂടി ജില്ലാ കൗണ്‍സിലില്‍നിന്ന് രാജിവെച്ചിട്ടുണ്ട്. പ്രമുഖ സി.പി.ഐ നേതാവായിരുന്ന പട്ടാമ്പി ഇ.പി. ഗോപാലന്റെ മകള്‍ കെ.സി. അരുണ പട്ടാമ്പി മണ്ഡലം സെക്രട്ടേറിയറ്റില്‍നിന്നു രാജിവെച്ചിട്ടുണ്ട്. കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന ജില്ലാനേതൃത്വം ഏകപക്ഷീയനടപടികളെടുക്കെന്ന്ു എന്നാരോപിച്ചാണ് രാജി.
കഴിഞ്ഞ ഓഗസ്റ്റില്‍ പട്ടാമ്പിയില്‍ നടന്ന ജില്ലാസമ്മേളനത്തിലും വലിയതോതില്‍ വിഭാഗീയപ്രവര്‍ത്തനം നടന്നിരുന്നു. കാനത്തെ അനുകൂലിക്കുന്ന കെ.പി. സുരേഷ് രാജായിരുന്നു സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കെ.ഇ. ഇസ്മയിലിനെ അനുകൂലിക്കുന്നവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും കാനം അനൂകൂലികള്‍ ആരോപിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന കെ.ഇ. ഇസ്മയില്‍ സംസാരിച്ചാല്‍ തീരാവുന്ന ബഹളമായിട്ടും അദ്ദേഹം മൗനംപാലിച്ചെന്ന് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ റിപ്പോര്‍ട്ടിലുണ്ട്. മുന്‍ ജില്ലാസെക്രട്ടറി ടി. സിദ്ധാര്ഥന് കണ്‍വീനറായ മൂന്നംഗസമിതിയെയാണ് നിയോഗിച്ചിരുന്നത്. ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിനെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാകൗണ്‍സിലിലേക്ക് തരംതാഴ്ത്തിയത്.
ജില്ലാകൗണ്സിലംഗം കോടിയില്‍ രാമകൃഷ്ണനെയും പട്ടാമ്പി മണ്ഡലം സെക്രട്ടറി പി.കെ. സുഭാഷിനെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനും തീരുമാനമെടുത്തിരുന്നു. എ.ഐ.ടി.യു.സി. സംസ്ഥാനനേതാവ് കെ.സി. ജയപാലന് ഉള്‍പ്പെടെ ഏതാനും ജില്ലാകമ്മിറ്റി അംഗങ്ങളെ താക്കീതുചെയ്യുകയുമുണ്ടായി.
ജില്ലാകൗണ്‍സില്‍ അംഗങ്ങളായ 22 പേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിനല്കാന് അനുവദിച്ചസമയം ഞായറാഴ്ച അവസാനിച്ചു.
ഇതിനിടെയാണ് രാജിവിവരങ്ങള് പുറത്തുവരുന്നത്. മണ്ണാര്‍ക്കാട്ടുനിന്ന് പാലോട് മണികണ്ഠന്, സി.കെ. അബ്ദുറഹ്മാന്, നെന്മാറയില്നിന്ന് എം.ആര്. നാരായണന്, എം.എസ്. രാമചന്ദ്രന്, കുഴല്‍മന്ദത്തുനിന്ന് ആര്. രാധാകൃഷ്ണന് തുടങ്ങിയ ജില്ലാകൗണ്‍സില്‍ അംഗങ്ങളാണ് രാജിക്കത്ത് അയച്ചത്.
സി.പി.ഐയുടെ വര്‍ഗ ബഹുജന സംഘടനകൡലേക്കും വിഭാഗീയത പടരുന്നുണ്ട്. കഴിഞ്ഞദിവസം കൊല്ലങ്കോട് നടന്ന എ.ഐ.ടി.യു.സി മണ്ഡലം സമ്മേളനം ബഹളത്തില്‍ കലാശിച്ചിരുന്നു. എ.ഐ. വൈ.എഫ്, എ.ഐ.എസ്.എഫ് എന്നിവയിലും വിഭാഗീയത രൂക്ഷമാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ പട്ടാമ്പിയില്‍ നടന്ന സി.പി.ഐ ജില്ലാസമ്മേളനത്തിന്റെ പ്രചാരണ ഫ്ളക്സില്‍ ഉദ്ഘാടകനേക്കാള്‍ വലുതായി ദേശീയ നിര്‍വാഹകസമിതിയംഗം കെ.ഇ. ഇസ്മായിലിന്റെ ചിത്രം അച്ചടിച്ചതിനെച്ചൊല്ലി ഔദ്യോഗികവിഭാഗം അന്നുതന്നെ പ്രതികരിച്ചിരുന്നു. സമ്മേളനവേദിയില്‍ അദ്ദേഹം ഔദ്യോഗിക വിടവാങ്ങല്‍ പ്രസംഗമെന്നരീതിയില് നടത്തിയ പ്രസംഗവും മറുവിഭാഗം ആയുധമാക്കിയിരുന്നു.
സി.പി.ഐ ക്ക് എം.എല്‍ എ മാര്‍ ഉണ്ടായിരുന്ന മണ്ണാര്‍ക്കാടും ശക്തമായ വിഭാഗീയത ഉണ്ട്. പട്ടാമ്പി സമ്മേളനത്തിനുമുമ്പ് മണ്ണാര്‍ക്കാട്ടായിരുന്നു പാര്‍ട്ടി ജില്ലാസമ്മേളനം. അവിടെ സെക്രട്ടറി തിരഞ്ഞെടുപ്പ് തര്‍ക്കം മൂലം പുലരും വരെ നീണ്ടിരുന്നു.
മറ്റ് ജില്ലകളിലും വിഭാഗീയത ശക്തമാണെന്നാണ് സൂചന.