കലാഭവന്‍ ഹനീഫിന് ആദരാഞ്ജലികള്‍ നേര്‍ന്ന് കലാലോകം
1 min read
ആരും മറക്കില്ല പറക്കും തളികയിലെ മണവാളനെ…
കലാഭവന്‍ ഹനീഫ് ഓര്‍മ്മയാകുമ്പോള്‍ അദ്ധേഹം അവതരിപ്പിച്ച ഹാസ്യ വേഷങ്ങള്‍ പ്രേക്ഷക മനസ്സില്‍ ബാക്കിയാകുന്നു. മിന്നി മായുന്ന ഹാസ്യ അഭിനയംകൊണ്ടും നര്‍മം നിറഞ്ഞ ഡയലോഗുകള്‍ കൊണ്ടും ആടി തീര്‍ത്ത വേഷങ്ങള്‍ പലതാണ്. മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല ഈ പറക്കും തളികയിലെയും തെങ്കാശിപ്പട്ടണത്തിലെയും മണവാളനെ. മൂന്നു പതിറ്റാണ്ടു കാലം നീണ്ട അഭിനയജീവിതത്തില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്തു കയ്യടി
വാങ്ങിയിട്ടുണ്ട് കലാഭവന്‍ ഹനീഫ്. പുതിയതും പഴയതുമായ തലമുറകളെ ‘ഈ പറക്കും തളികയിലെ കല്യാണ ചെറുക്കന്‍’ എന്ന വിശേഷണമാണ് ഹനീഫിനെ പരിചിതനാക്കിയത്.
‘അമ്മാവന്റെ ആദ്യത്തെ കല്യണമാണോ ഇത്?’ എന്നു ചോദിക്കുന്ന കുട്ടികളോട് ഹനീഫിന്റെ കഥാപാത്രം പറയുന്ന ‘ആദ്യത്തേതും അവസാനത്തേതും’ എന്ന ഡയലോഗും ആ വേഷവും അഭിനയവും മലയാളി മനസ്സില്‍ കയറികൂടി. തെങ്കാശിപ്പട്ടണത്തിലും കല്യാണച്ചെറുക്കനായിട്ടായിരുന്നു ഹനീഫ് എത്തിയത്. കയ്യില്‍ ചൂടുള്ള ചായപ്പാത്രം വച്ചുകൊടുക്കുമ്പോള്‍ അലറിക്കരയുന്ന ഹനീഫിന്റെ കഥാപാത്രത്തോട് സിനിമയിലെ അച്ഛന്‍ കഥാപാത്രം ചോദിക്കുന്ന ഡയലോഗും തിയറ്ററുകളില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തിയിരുന്നു. ‘ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടോ?’, എന്ന ഡയലോഗ് അത്രയേറെ ചിരി പൊട്ടിക്കാനുള്ള കാരണം ആ സീനില്‍ ഹനീഫിന്റെ സവിശേഷ ശൈലിയിലുള്ള അലര്‍ച്ചയായിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷന്‍ സിനിമയില്‍ ശശി എന്ന പേരു കൊണ്ടുള്ള നാട്ടുകാരുടെ പരിഹാസം അവസാനിപ്പിക്കാന്‍ പേരുമാറ്റം നടത്തുന്ന കഥാപാത്രമായാണ് ഹനീഫ് എത്തിയത്.
കലാഭവന്‍ ഹനീഫിന്റെ വിയോഗത്തെ സിനിമാലോകം കണ്ണീരോടെയായിരുന്നു അനുശോചനം നല്‍കിയത്. നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയില്‍ ആയിരുന്നു മമ്മൂട്ടി എത്തിയത്. പ്രിയ സപ്രവര്‍ത്തകനെ അവസാന നോക്ക് കണ്ട മമ്മൂട്ടി, ഹനീഫിന്റെ മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലാണ് ഹനീഫും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.
‘ഞാനെന്റെ ഉള്ളില്‍ ആഗ്രഹിച്ചൊരു റോള്‍ ആയിരുന്നു തുറുപ്പുഗുലാനില്‍ ചെയ്തത്. മദ്യപാനിയുടെ റോള്‍ ആയിരുന്നു ചെയ്തത്. ആ വേഷത്തില്‍ ഞാന്‍ മമ്മൂട്ടിയുടെ മുന്നില്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിന് അത് ഇഷ്ടമായി. പാണ്ടിപ്പട, പറക്കും തളിക, പോലുള്ള സിനിമയ്ക്ക് ഒപ്പം തന്നെ തുറുപ്പുഗുലാനെ പറ്റിയും ആളുകള്‍ സംസാരിക്കുന്നത് വളരെ സന്തോഷം തന്നതാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാനടന്മാരില്‍ ഒരാളായ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ഏതൊരു കലാകാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണ്’, എന്നാണ് ഒരിക്കല്‍ മമ്മൂട്ടിയെ കുറിച്ച് ഹനീഫ് പറഞ്ഞത്.
‘എന്റെ പൊന്നു സഹോദരന് ആയിരം പ്രണാമങ്ങള്‍. അകാലത്തിലുള്ള ഈ യാത്ര വേണ്ടായിരുന്നു എന്റെ പൊന്നു സഹോദരാ. വേദനയോടെ ഈ പട്ടാളക്കാരന്റെ സല്യൂട്ട് സ്വീകരിച്ചാലും..പ്രണാമം’, മേജര്‍ രവി കുറിച്ചു….’ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്‌നേഹബന്ധങ്ങള്‍ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട’, എന്നായിരുന്നു ദിലീപ് കുറിച്ചത്.
ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹനീഫിന്റെ അന്ത്യം. നൂറ്റിഅന്‍പതിലധികം ചിത്രങ്ങളും സ്‌റ്റേജ് ഷോകളും ചെയ്തു. വര്‍ക്കിച്ചനും ബാപ്പൂട്ടിയും തങ്കപ്പനും പിന്നെ പേരില്ലാത്ത നൂറുകണക്കിന് കഥാപാത്രങ്ങളും ഹനീഫിന്റെ കൈയില്‍ ഭദ്രമായിരുന്നു. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് പ്രതിസന്ധികള്‍ ഹനീഫിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം മറികടന്നാണ് ഹനീഫ് മലയാള സിനിമാപ്രേമികളുടെ മനസ്സില്‍ നല്ലൊരു നടനായി തീര്‍ന്നത്.