ആരും മറക്കില്ല പറക്കും തളികയിലെ മണവാളനെ…
1 min readകലാഭവന്‍ ഹനീഫ് ഓര്‍മ്മയാകുമ്പോള്‍ അദ്ധേഹം അവതരിപ്പിച്ച ഹാസ്യ വേഷങ്ങള്‍ പ്രേക്ഷക മനസ്സില്‍ ബാക്കിയാകുന്നു. മിന്നി മായുന്ന ഹാസ്യ അഭിനയംകൊണ്ടും നര്‍മം നിറഞ്ഞ ഡയലോഗുകള്‍ കൊണ്ടും ആടി തീര്‍ത്ത വേഷങ്ങള്‍ പലതാണ്. മലയാള സിനിമയെ സ്നേബിക്കുന്നവര്ക്ക് മറക്കാന്‍ കഴിയുന്നതല്ല ഈ പറക്കും തളികയിലെയും തെങ്കാശിപ്പട്ടണത്തിലെയും മണവാളനെ. മൂന്നു പതിറ്റാണ്ടു കാലം നീണ്ട അഭിനയജീവിതത്തില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്തു കയ്യടി വാങ്ങിയിട്ടുണ്ട് കലാഭവന്‍ ഹനീഫ്. പുതിയതും പഴയതുമായ തലമുറകളെ ‘ഈ പറക്കും തളികയിലെ കല്യാണ ചെറുക്കന്’ എന്ന വിശേഷണമാണ് ഹനീഫിനെ പരിചിതനാക്കിയത്. ‘ഈ പറക്കും തളികയില്‍ ‘അമ്മാവന്റെ ആദ്യത്തെ കല്യണമാണോ ഇത്?’ എന്നു ചോദിക്കുന്ന കുട്ടികളോട് ഹനീഫിന്റെ കഥാപാത്രം പറയുന്ന ‘ആദ്യത്തേതും അവസാനത്തേതും’ എന്ന ഡയലോഗും ആ വേഷവും അഭിനയവും മലയാളി മനസ്സില്‍ കയറികൂടി. തെങ്കാശിപ്പട്ടണത്തിലും കല്യാണച്ചെറുക്കനായിട്ടായിരുന്നു ഹനീഫ് എത്തിയത്. കയ്യില്‍ ചൂടുള്ള ചായപ്പാത്രം വച്ചുകൊടുക്കുമ്പോള്‍ അലറിക്കരയുന്ന ഹനീഫിന്റെ കഥാപാത്രത്തോട് സിനിമയിലെ അച്ഛന് കഥാപാത്രം ചോദിക്കുന്ന ഡയലോഗും തിയറ്ററുകളില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തിയിരുന്നു. ‘ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടോ?’, എന്ന ഡയലോഗ് അത്രയേറെ ചിരി പൊട്ടിക്കാനുള്ള കാരണം ആ സീനില്‍ ഹനീഫിന്റെ സവിശേഷ ശൈലിയിലുള്ള അലര്‍ച്ചയായിരുന്നു.