അവസരങ്ങള്‍ ഇല്ലാതാക്കിയതാര്

1 min read

ജയചന്ദ്രന് അവസരങ്ങള്‍ ഇല്ലാതായി; യേശുദാസ് മാത്രം പാടി

സ്വയം വര ചന്ദ്രികേ, തങ്കമനസ്സ് അമ്മ മനസ്സ്, മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി, തുടങ്ങി എത്ര കേട്ടാലും മതിവരാത്ത അനേകം ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസ്സില്‍ കൂടുകൂട്ടിയ പാട്ടുപെട്ടിയാണ് ഭാവഗായകന്‍ പി ജയചന്ദ്രന്‍. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി സിനിമ ഇന്റസ്ട്രി നിറഞ്ഞു നിന്ന പി ജയചന്ദ്രന്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളെല്ലാം കരസ്ഥമാക്കി. എന്നിരുന്നാലും യേശുദാസിന്റെ താരപ്രഭ ഒരു പരിധിവരെ പി ജയചന്ദ്രന്റെ കരിയറില്‍ ബാധിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ പി ജയചന്ദ്രന് അവസരങ്ങളില്ലാതെ വന്നിട്ടുമുണ്ട്. ആ സന്ദര്‍ഭത്തിനെപ്പറ്റി സംവിധായകന്‍ കമല്‍ ഒരിക്കല്‍ സംസാരിച്ചിരുന്നു.

നിറം എന്ന സിനിമയില്‍ പ്രായം തമ്മില്‍ മോഹം നല്‍കി എന്ന ഗാനം ജയചന്ദ്രന്‍ പാടിയതിനെക്കുറിച്ചാണ് കമല്‍ അന്ന് പറഞ്ഞത്.
നിറം ചിത്രത്തിനു മുന്‍പു വെരെ എന്റെ പടത്തില്‍ ജയേട്ടന്‍ പാടിയിരുന്നില്ല. പല കാരണങ്ങളാലും പാടിക്കാന്‍ പറ്റിയില്ല പാടിക്കാന്‍ പറ്റിയില്ല എന്നുവേണം പറയാന്‍. ആ സമയത്ത് മലയാളത്തില്‍ അദ്ദേഹത്തിന് പാട്ടുകള്‍ കുറഞ്ഞ സമയമായിരുന്നു. തെലുങ്കിലും തമിഴിലും കുറേ പാട്ടുകള്‍ പാടിയിരുന്നു എങ്കിലും അതും കുറവായിരുന്നു. ഒരു ദിവസം വളരെ യാദൃശ്ചികമായി ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടു. കൂടെ ടിഎ റസാഖും ഉണ്ട്. സംസാരിച്ചിരിക്കവെ പെട്ടെന്ന് ജയേട്ടന്‍ ചൂടായി.

നീ കുറേ പടം ചെയ്തല്ലോ, ഒറ്റ പടത്തില്‍ എന്നെക്കൊണ്ട് പാടിച്ചില്ല. നിന്റെ വലിയ മ്യൂസിക് ഡയറക്ടമാര്‍ ഇവിടെയുണ്ടല്ലോ. അവരാരും എന്നെ വിളിക്കുന്നില്ല എന്നൊക്കെ പറഞ്ഞു. എനിക്കപ്പോള്‍ ഒത്തിരി വിഷമം തോന്നി. ഞാനും ചിന്തിച്ചു..ശരിയാണ്, ജയേട്ടനെ ഒരു പാട്ട് പോലും പാടിച്ചില്ലല്ലോ.. ജയേട്ടന്‍ അത് പറഞ്ഞങ്ങ് പോകുകയും ചെയ്തു. ഞാന്‍ റസാഖിനോട് ഭയങ്കര കഷ്ടമായി പോയി എന്ന് പറഞ്ഞു. അടുത്ത പടമാണ് നിറം. വിദ്യാസാഗറിനോട് ഒരു പാട്ട് ജയേട്ടന് കൊടുക്കണമെന്ന് പറഞ്ഞു. വിദ്യാസാഗര്‍ അത് കേട്ടപ്പോള്‍ വലിയ താല്‍പര്യമായി.

സത്യത്തില്‍, എല്ലാ പാട്ടും ജയേട്ടനെക്കൊണ്ട് പാടിക്കാമെന്നാണ് സാഗര്‍ പറഞ്ഞത്. ദാസേട്ടനോട് ഇഷ്ടക്കുറവുണ്ടായിട്ടൊന്നുമല്ല. ജയേട്ടന്റെ ശബ്ദത്തോടായിരുന്നു വിദ്യാസാഗറിന് താല്‍പര്യം. പക്ഷെ അന്ന് കാസറ്റ് വിറ്റ് പോകണമെങ്കില്‍ ദാസേട്ടന്‍ തന്നെ പാടണം. കാസറ്റ് നല്ല വിലയ്ക്ക് വിറ്റ് പോകുന്ന സമയമം. ജോണി സാഗരിയയാണ് നിറത്തിന്റെ ഓഡിയോ എടുക്കുന്നത്. എല്ലാ പാട്ടും ദാസേട്ടന്‍ പാടണമെന്ന് ജോണി പറഞ്ഞു. എന്തായാലും ജയേട്ടനെക്കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് ഞാനും വിദ്യാസാഗറും. ജോണി അതിന് സമ്മതിച്ചു.

പ്രായം തമ്മില്‍ എന്ന പാട്ട് തന്നെ അദ്ദേഹം പാടട്ടെ എന്ന് തീരുമാനിച്ചു. കോളേജില്‍ പാടുന്ന ഈ പാട്ട് ജയേട്ടന്‍ പാടിയാല്‍ ശരിയാവുമോ എന്നൊരു സംശയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പാട്ട് പാടുന്നത് കേട്ട് എല്ലാവരും ഞെട്ടി. ഒരു സിനിമയില്‍ ആര് മ്യൂസിക് ചെയ്താല്‍ നന്നാകുമെന്നാണ് ആലോചിക്കാറ്. അല്ലാതെ കഴിഞ്ഞ ഹിറ്റായ പടത്തിലെ മ്യൂസിക് ഡയറക്ടറെ വെക്കാനല്ല. എന്റെ സുഹൃത്തുക്കളാണെങ്കില്‍ പോലും അങ്ങനെയാണ്. വിദ്യാസാഗര്‍ ആദ്യം എനിക്ക് വേണ്ടി ചെയ്ത അഴകിയ രാവണനിലെ എല്ലാ പാട്ടുകളും ഹിറ്റായി.

വിദ്യാസാഗറിന് മലയാളത്തിലേക്ക് വലിയ എന്‍ട്രി ലഭിച്ചു. പക്ഷെ പെട്ടെന്ന് ഞാന്‍ ചെയ്ത അടുത്ത സിനിമ ഈ പുഴയും കടന്ന് ആണ്. അതിലേക്ക് വിദ്യാസാറിനെ ഞാന്‍ വിളിച്ചില്ല. തന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് വിദ്യാസാഗറിന് തോന്നാം. ജോണ്‍സണ്‍ മാഷ് കൊടുക്കുന്ന മലയാളി ഈണത്തിന്റെ സൗന്ദര്യമാണ് ഞാന്‍ ആലോചിച്ചത്.
വിദ്യാസാഗറിന് അത് ചെയ്യാന്‍ പറ്റില്ലെന്നല്ല. അത് കഴിഞ്ഞ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമ വന്നപ്പോള്‍ ഈ പടത്തിന്റെ മൂഡിന് നല്ലത് വിദ്യാസാഗറാണെന്ന് തോന്നി. വീണ്ടും വിദ്യാസാഗറിലേക്ക് പോയി. താനങ്ങനെയാണ് എല്ലാ സംഗീത സംവിധായകരെയും ഗായകരെയും സമീപിച്ചക്കുന്നതെന്നും കമല്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.