ഫിഫ റാങ്കിംഗ്: 2018ന് ശേഷം ഏറ്റവും മികച്ച സ്ഥാനത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

1 min read

ഏറ്റവും പുതിയ ഫിഫ പുരുഷ ഫുട്‌ബോള്‍ ടീം റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യ

ഏറ്റവും പുതിയ ഫിഫ പുരുഷ ഫുട്‌ബോള്‍ ടീം റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യ. 2018ന് ശേഷം ഇതാദ്യമായി ബ്ലൂ ടൈഗേഴ്‌സ് 100നുള്ളിലെത്തി. പുതിയ റാങ്കിംഗ് പ്രകാരം 99ാം സ്ഥാനത്താണ് സുനില്‍ ഛേത്രി നയിക്കുന്ന നീലപ്പട. അതേസമയം ഏഷ്യന്‍ ടീമുകളുടെ റാങ്കിംഗില്‍ 18ാം സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. ജൂണ്‍ മാസത്തെ റാങ്കിംഗില്‍ നിന്ന് ഒരു സ്ഥാനമാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. അടുത്തിടെ സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്തത് കിരീടം ഉയര്‍ത്തിയതാണ് ഇന്ത്യന്‍ ടീമിന് തുണയായത്. സാഫ് കപ്പിന് തൊട്ടുമുമ്പ് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിലും ഇന്ത്യന്‍ ടീമിനായിരുന്നു കിരീടം.

നായകന്‍ സുനില്‍ ഛേത്രിക്ക് കീഴില്‍ കഴിഞ്ഞ മാസക്കാലങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ വര്‍ഷം മാര്‍ച്ചില്‍ 106ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2015 മാര്‍ച്ചില്‍ 173ാം സ്ഥാനത്ത് കിടന്നിരുന്ന ടീമാണ് 2023 ജൂലൈയില്‍ നൂറിനുള്ളിലേക്ക് എത്തിയത്. ഇപ്പോഴത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന് കീഴില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നീലപ്പട പുറത്തെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വിയറ്റ്‌നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ ശേഷം പിന്നീട് കളിച്ച ഒരു മത്സരങ്ങളിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല.

ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്. ഫ്രാന്‍സ് രണ്ടും ബ്രസീല്‍ മൂന്നും ഇംഗ്ലണ്ട് നാലും ബെല്‍ജിയം അഞ്ചും ക്രൊയേഷ്യ ആറും നെതര്‍ലന്‍ഡ്‌സ് ഏഴും ഇറ്റലി എട്ടും പോര്‍ച്ചുഗല്‍ ഒന്‍പതും സ്‌പെയിന്‍ പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Related posts:

Leave a Reply

Your email address will not be published.