ഗുവാഹത്തിയില്‍ പൊന്നിയിന്‍ സെല്‍വന്‍ കാണാന്‍ വഴിയുണ്ടോ? അശ്വിന്റെ ചോദ്യത്തിന് തഗ്ഗ് മറുപടിയുമായി ആരാധകര്‍
1 min readഗുവാഹത്തി: ഇന്ത്യദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20ക്കായി ഗുവാഹത്തിയിലെത്തിയ സ്പിന്നര്‍ ആര്‍ അശ്വിന്‍ കടുത്ത നിരാശയിലാണ്. പതിവായി ചെയ്തുകൊണ്ടിരുന്ന ഒരു കാര്യം ഇത്തവണ മുടങ്ങിയതാണ് സങ്കടത്തിന് കാരണം.
ഇന്ത്യന്‍ താരം ആര്‍ അശ്വിന് ക്രിക്കറ്റ് പോലെ തന്നെ പ്രിയപ്പെട്ടതാണ് സിനിമയും. തമിഴ് സിനിമകളെല്ലാം വിടാതെ കാണും. റിലീസ് ദിവസം തന്നെ കാണുകയാണ് പതിവ്. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വിക്രമും കാര്‍ത്തിയും ജയറാമും ജയം രവിയും ഐശ്വര്യ റായിയും തൃഷയും ഐശ്വര്യ ലക്ഷ്മിയുമെല്ലാം അഭിനയിച്ച ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. റിലീസ് ദിനം സിനിമ കണ്ട് ശീലമുള്ള ആര്‍ അശ്വിന് ഇതുവരെ സിനിമ കാണാനായില്ല. കാര്യവട്ടം ട്വന്റി 20 കഴിഞ്ഞ് രണ്ടാം മത്സരത്തിനായി ഗുവാഹത്തിയിലാണ് അശ്വിനുള്ളത്.
പരിശീലനം ഉള്‍പ്പെടെയുള്ളതിനാല്‍ തീയേറ്ററില്‍ പോയി സിനിമ കാണാന്‍ ഇതുവരെ കഴിഞ്ഞില്ല. അതിന്റെ സങ്കടമുണ്ട് അശ്വിന്. ഗുവാഹത്തിയില്‍ എവിടെയാണ് പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനമുള്ളതെന്ന് ആരാധകരോട് ചോദിച്ചിരിക്കുകയാണ് അശ്വിന്‍. ഇന്നത്തെ പരിശീലന സെഷന്‍ ഒഴിവാക്കി സിനിമ കാണാന്‍ പോയിക്കൂടെയെന്ന് ആരാധകരുടെ മറുചോദ്യം. വളരെ രസകരമാണ് അശ്വിന് ലഭിച്ച പല മറുപടികളും.
ഇന്ത്യദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 നാളെ ഗുവാഹത്തിയില്‍ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. നാളെ ജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്. കാര്യവട്ടത്തെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പരിക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഇന്ത്യ പേസര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി 20 ലോകകപ്പിന് മുന്‍പ് ഇരുടീമുകളുടേയും അവസാന പരമ്പരയാണിത്.