പാനീയത്തില്‍ ഡ്രഗ് കലര്‍ത്തിയിട്ടുണ്ടോ?
തിരിച്ചറിയാം ഈ വഴികളിലൂടെ

1 min read

നിശാപ്പാര്‍ട്ടികളിലും ഡേറ്റിങ്ങുകളിലും സ്ത്രീകള്‍ക്കു ചതിക്കുഴി ഒരുക്കുന്നതില്‍ ഒന്നാമതാണ് ഡേറ്റ്-റേപ്പ്-ഡ്രഗ്‌സ് എന്നറിയപ്പെടുന്ന ലഹരിമരുന്നുകള്‍. കുടിക്കുന്ന പാനീയങ്ങളില്‍ അവരറിയാതെ ഇവ കലര്‍ത്തും. ഗുളിക രൂപത്തിലും നിറമില്ലാത്ത ലായനിയായും ലഭിക്കും. മണമോ നിറമോ രുചിയോ ഇല്ലാത്തതിനാല്‍ കലര്‍ത്തിയാല്‍ തിരിച്ചറിയാനും കഴിയില്ല. ലഹരി അകത്തു ചെന്നാല്‍ ഓര്‍മ നശിക്കുന്നു. മാത്രമല്ല, സ്വയം തീരുമാനം എടുക്കാനുള്ള കഴിവും ആക്രമണത്തെ എതിര്‍ക്കാനുള്ള ശേഷിയും നഷ്ടപ്പെട്ടേക്കാം. ഒടുവില്‍ ബോധം വരുമ്പോള്‍ തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാനും ഇവര്‍ക്ക് സാധിക്കില്ല. ഈ ലഹരിമരുന്ന് ഒരു തരം ‘ഹിപ്നോട്ടിക് അമ്‌നേഷ്യ’യാണു സൃഷ്ടിക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.

രക്ഷപ്പെടാന്‍ സ്മാര്‍ട് ഗാഡ്ജറ്റുകള്‍

Drinksavvy എന്ന കമ്പനി പുറത്തിറക്കിയ കപ്പുകളും സ്‌ട്രോകളും- ഇവ ഉപയോഗിച്ചാല്‍ പാനീയത്തില്‍ ഡ്രഗ് കലര്‍ത്തിയിട്ടുണ്ടോ എന്നറിയാം.

Sipchip കമ്പനിയുടെ കുഞ്ഞന്‍ കോയിന്‍ ഡ്രഗ് ഡിറ്റക്ടര്‍ (താക്കോല്‍ക്കൂട്ടത്തിനൊപ്പം തൂക്കിയിടാം)- പാനീയത്തിന്റെ ഒരു തുള്ളി ഡിറ്റക്ടറില്‍ ഇറ്റിച്ചാല്‍ 30 സെക്കന്‍ഡിനുള്ളില്‍ ഫലമറിയാം.

Smart glass coasters- ഗ്ലാസ് കോസ്റ്ററില്‍ വച്ചാലുടന്‍ ഡ്രഗ് കലര്‍ത്തിയിട്ടുണ്ടെങ്കില്‍ കോസ്റ്ററിന്റെ നിറം മാറും.

Nail polish- ഡ്രഗ് ഡിറ്റക്ടിങ് നെയില്‍ പോളിഷ് ഇട്ടു പാര്‍ട്ടികള്‍ക്കു ധൈര്യമായി പോകാം, പാനീയത്തില്‍ വിരല്‍ ഒന്നു മുക്കി നോക്കിയാല്‍ മതി, നെയില്‍ പോളിഷിന്റെ നിറം മാറുന്നുണ്ടെങ്കില്‍ പണി പാളി എന്നര്‍ഥം.

ഇവയില്‍ ചിലത് ഓണ്‍ലൈനില്‍ ലഭ്യമാണ്. മറ്റു പല കമ്പനികളുടേതാണ് എന്നു മാത്രം. മറ്റുള്ളവ ഇന്ത്യയിലും എത്താന്‍ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. 2013ല്‍ പാനീയത്തില്‍ ലഹരി കലര്‍ത്തി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായതു മുതല്‍ ഇത്തരം ഡ്രഗ് ഡിറ്റക്ടിങ് കിറ്റുകളുടെയും സ്മാര്‍ട് ഗാഡ്ജറ്റുകളുടെയും ആവശ്യകതയെപ്പറ്റി വാദമുയര്‍ന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല.

Related posts:

Leave a Reply

Your email address will not be published.