ക്ഷേത്രോത്സവങ്ങള്‍ക്കിടയില്‍ അശ്ലീല ഗാനങ്ങള്‍ പാടാനും ഡാന്‍സ് കളിക്കാനും വിലക്ക്

1 min read

ചേര്‍ത്തല കാര്‍ത്യായനി ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി

ക്ഷേത്രോത്സവങ്ങൾക്കിടയിൽ അശ്ലീല ഗാനങ്ങൾ പാടാനും ഡാൻസ് കളിക്കാനും അനുവദിക്കരുതെന്ന് കേരള ഹൈക്കോടതി . ആലപ്പുഴയിലെ ചേർത്തല കാർത്യായനി ദേവീ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. 

ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ചിലർ അശ്ലീല ഗാനങ്ങൾ വച്ച് നൃത്തം ചെയ്തിരുന്നു. ഇത് ഭക്തർക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. തർക്കങ്ങൾ പതിവായതിനെ തുടർന്നാണ് ചേർത്തല സ്വദേശി ഇ കെ സുനിൽ കുമാർ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ക്ഷേത്രോത്സവങ്ങളുടെ പരിധി ലംഘിക്കരുതെന്ന മുന്നറിയിപ്പും നൽകി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ , പി.ജി.അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

നാലമ്പലത്തിന് മുൻവശത്തുള്ള ആനക്കൊട്ടിലിൽ മദ്യപിച്ചും ചെരിപ്പു ധരിച്ചും ആളുകൾ കയറുന്നതും പാട്ടിന്റെ താളമനുസരിച്ച് ക്ഷേത്രമണി മുഴക്കുന്നതും അനുവദിക്കരുത്. ആചാരപ്രകാരമുള്ള കർമ്മങ്ങൾ എല്ലാ ഭക്തർക്കും നിർവഹിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കണം. കോടതി ഉത്തരവിൽ പറയുന്നു. കോടതിയുടെ മറ്റ് നിർദ്ദേശങ്ങൾ ഇവയാണ്:

 ഉത്തരവ് ലംഘിക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും ഉറപ്പാക്കണം.   

 ക്ഷേത്രപരിസരത്ത് ദേവസ്വം ബോർഡ് സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മതിയായ പോലീസുകാരെ വിന്യസിക്കാൻ ജില്ലാ പോലീസ് മേധാവി പദ്ധതി തയാറാക്കണം. 

ക്ഷേത്ര പാരമ്പര്യത്തിന് യോജിക്കാത്ത രീതിയിൽ അശ്ലീല പരാമർശങ്ങൾ അടങ്ങിയ പാട്ടും നൃത്തവും പല ക്ഷേത്രങ്ങളിലും പതിവായിട്ടുണ്ട്. ഉത്സവ സമയത്ത് മദ്യപിച്ച് ബഹളം വെക്കുന്നതും പതിവാണ്. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ ഇതുമൂലം വളരെയേറെ പ്രയാസങ്ങൾ നേരിടുന്നു. ഇത്തരം പ്രവർത്തനങ്ങൾ തടയാനോ നിയന്ത്രിക്കാനോ ദേവസ്വം ബോർഡ് നടപടികൾ സ്വീകരിക്കാറുമില്ല. ഉത്സവം അലങ്കോലമായാലും കുഴപ്പമില്ല, ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ ആനന്ദിക്കട്ടെ എന്ന നിലപാടാണ് അധികൃതരുടേത്. ഇതിന് തടയിട്ടിരിക്കുകയാണ് ഹൈക്കോടതി.

Related posts:

Leave a Reply

Your email address will not be published.