ഹാരി പോര്‍ട്ടര്‍ സിനിമകളിലൂടെ പ്രശസ്തനായ നടന് റോബി കോള്‍ട്രെയിന്‍ അന്തരിച്ചു
1 min readഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന് റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. സ്കോട്ടിഷ് നടനായ റോബിക്ക് 72 വയസായിരുന്നു പ്രായം. ഹാരി പോര്‍ട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ റോബി സിനിമാ പ്രേമികള്‍ക്ക് ചിരപരിചിതനാണ്. സ്കോട്ട്ലാന്‍ഡിലെ ഫോര്‍ത്ത് വാലി റോയല്‍ ആശുപത്രിയിലായിരുന്നു അന്ത്യമെന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് വിശദമാക്കുന്നത്. എന്നാല്‍ മരണ കാരണം എന്താണെന്ന് ഏജന്റ് ബെലിന്ത റൈറ്റ് വ്യക്തമാക്കിയില്ല.
1990ല്‍ ടെലിവിഷന്‍ സീരീസ് ആയ ക്രാക്കറിലെ മനോരോഗ വിദഗ്ധനായാണ് അഭിനയ രംഗത്ത് റോബി പ്രശസ്തനായത്. ഈ കഥാപാത്രത്തിന് മികച്ച അഭിനേതാവിനുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡും റോബി നേടിയിട്ടുണ്ട്. ജെ കെ റൌളിംഗിന്റെ ഹാരി പോര്‍ട്ടറിലെ ഹാഗ്രിഡ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ അഭിനയ മികവിന് തെളിവായിരുന്നു.
2001നും 2011നും ഇടയില്‍ പുറത്തിറങ്ങിയ എട്ട് ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലും റോബി അഭിനയിച്ചിട്ടുണ്ട്. ജെയിംസ് ബോണ്ട് ചിത്രമായ ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നീ ചിത്രങ്ങളിലും റോബി അഭിനയിച്ചിട്ടുണ്ട്. സഹോദരി ആനി റേ, മക്കളായ സ്പെന്‍സര്‍, ആലീസ് എന്നിവര്‍ക്കൊപ്പമായിരുന്നു റോബി താമസിച്ചിരുന്നത്. ജെ കെ റൌജിംഗ് അടക്കം നിരവധി പ്രമുഖരാണ് റോബിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.