ജെഡിഎസും സിപിഎമ്മും വെട്ടില്‍
1 min readമോദിയെ പിന്തുണച്ച് ഗൗഡ, കേരള ജെ.ഡി.എസും സിപിഎമ്മും പ്രതിസന്ധിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മോദി സര്‍ക്കാരിനെയും സന്ദര്‍ശിച്ചും പിന്തുണച്ചും ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെ ഗൗഡ. അതേസമയം കേരളത്തിലെ സിപിഎമ്മും ജെ.ഡി.എസും വെട്ടിലാകുമോ എന്ന ആശങ്കയിലാണ് ഇടതു സര്‍ക്കാര്‍. മോദിയെ ഗൗഡ സന്ദര്‍ശിച്ചതും അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തതോടെ ഗൗഡയുമായുള്ള ബന്ധം പൊട്ടിച്ചെറിയാന്‍ വന്‍ സമ്മര്‍ദമാണ് ജനതാദള്‍ എസ് കേരള ഘടകത്തില്‍ നിന്നുമുണ്ടാകുന്നത്. ദേശീയ തലത്തിലെ ജെഡിഎസ്, കേരള നേതൃത്വത്തോടു സൗമനസ്യം കാട്ടി വന്ന സിപിഎമ്മും വെട്ടിലാവുകയാണ്.
ഗൗഡയുടെ ബിജെപി ബന്ധത്തെ നിരാകരിച്ചെങ്കിലും അദ്ദേഹം പ്രസിഡന്റായ പാര്‍ട്ടിയുടെ കേരള ഘടകമായിട്ടാണ് ജെഡിഎസ് കേരളത്തില്‍ തുടരുന്നത്. ബിജെപിയുടെ സഖ്യകക്ഷി എല്‍ഡിഎഫിലും എല്‍ഡിഎഫ് മന്ത്രിസഭയിലും തുടരുന്നത് മുന്നണിയില്‍ നീറി നില്‍ക്കുകയാണെങ്കിലും കേരള നേതൃത്വത്തിനു സാവകാശം നല്‍കുന്ന അയഞ്ഞ സമീപനമായിരുന്നു സിപിഎമ്മിന്റേത്. ജനതാദള്‍ എസ് കേരള ഘടകം പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ജെഡിഎസ് സംസ്ഥാന നേതൃയോഗം ഇന്നു തലസ്ഥാനത്തു വിളിച്ചു. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗമാണ് രാവിലെ 11ന് ചേര്‍ന്നിരുന്നു.
ഇപ്പോള്‍ നവകേരള സദസ്സ് കൂടി കഴിഞ്ഞതോടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തില്‍ ഖണ്ഡിതമായ തീരുമാനം എടുത്തേ മതിയാകൂ എന്ന രീതിയിലുള്ള സമ്മര്‍ദം ജെഡിഎസിനുള്ളിലും മുന്നണിയിലും ശക്തമാണ്. ജെഡിഎസിന്റെ തീരുമാനം വൈകുന്നതില്‍ സിപിഎമ്മിന്റെ പല ജില്ലാ കമ്മിറ്റികളും നിലവില്‍ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. ഗൗഡയുമായുള്ള രാഷ്ട്രീയ സംഘടനാ ബന്ധം ഉപേക്ഷിച്ച് ‘കേരള ജനതാദള്‍ (സെക്കുലര്‍)’ എന്ന പേരില്‍ പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിക്കണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള മറ്റേതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാകണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. മത്സരിച്ചു ജയിച്ച പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യത വരാമെന്ന ആശങ്കയില്‍ തുടരുകയാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ്.
ഗൗഡ നല്‍കിയ ദേശീയ ഭാരവാഹിത്വം ഉപേക്ഷിക്കണമെന്ന സമ്മര്‍ദം ആ പദവി വഹിക്കുന്ന കേരള നേതാക്കളുടെ മേല്‍ ശക്തമായി. യോഗത്തിന്റെ തീരുമാനമെന്തായാലും ദേശീയ ജനറല്‍ സെക്രട്ടറി ജോസ് തെറ്റയില്‍ ആ പദവി വേണ്ടെന്നു വച്ചേക്കും. ഗൗഡ ബന്ധം തുടരുന്നതിലെ അതൃപ്തി പരസ്യമാക്കി ദേശീയ തലത്തില്‍ വിമത കക്ഷി രൂപീകരിച്ച മുതിര്‍ന്ന നേതാവ് സി.കെ.നാണുവിനെ എങ്ങനെ തള്ളിപ്പറയും എന്ന പ്രശ്‌നവും ഇന്നത്തെ യോഗത്തിനു മുന്നിലുണ്ടാകും.