അപൂര്‍വങ്ങളില്‍ അപൂര്‍വ്വം
1 min readഗോപികയെ താലി ചാര്‍ത്തി ജിപി!
ആരാധകര്‍ കാണാന്‍ കാത്തിരുന്ന ഒരു കാഴ്ചയാണ് താരങ്ങളായ ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം. വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കിട്ട് കണ്ടപ്പോള്‍ മുതല്‍ കട്ട വെയിറ്റിങ്ങിലായിരുന്നു മലയാള സിനിമാ സീരിയല്‍ പ്രേക്ഷകര്‍. ഇന്ന് വടക്കുംനാഥന്റെ മുമ്പില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. തുളസിമാലയണിഞ്ഞ് നിറചിരിയോടെ ഗോപികയെ ചേര്‍ത്ത് നിര്‍ത്തി നില്ക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ മുഴുവന്‍.
താലികെട്ടിന്റെ വീഡിയോ ജിപി തന്നെ സ്വന്തം യുട്യൂബ് ചാനല്‍ വഴി പങ്കിട്ടിട്ടുണ്ട്. എന്നാല്‍ വിവാഹ വീഡിയോ കണ്ടപ്പോള്‍ ഏറെയും ആരാധകര്‍ക്കുണ്ടായിരുന്ന അതിശയം വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ചുള്ള വിവാഹമായിരുന്നു. പൊതുവെ വടക്കുംനാഥ ക്ഷേത്രത്തില്‍ വിവാഹം പതിവ് കാഴ്ചയല്ലത്രെ. അതുകൊണ്ടുതന്നെ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മുമ്പും പല വിവാഹങ്ങളും ക്ഷേത്രത്തില്‍ നടന്നിട്ടുണ്ട്. മാത്രമല്ല തിരക്ക് ഒഴിവാക്കാനായി പത്തുപേരില്‍ കൂടുതല്‍ ചടങ്ങില്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ദ്ദേശം മാത്രമാണ് ക്ഷേത്ര കമ്മിറ്റി മുമ്പോട്ട് വെയ്ക്കുന്നത്. വടക്കും നാഥ ഭക്തനായ ജിപി തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യവും അവിടെ വെച്ച് നടത്താന്‍ തന്നെ തീരുമാനിച്ചു.
നമഃശിവായ മന്ത്രം കുറിച്ചുകൊണ്ടുള്ള ജിപിയുടെയും ഗോപികയുടെയും കല്യാണ കുറിയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങളും കുടുംബാംഗങ്ങളും പ്രദക്ഷിണം പൂര്‍ത്തിയാക്കി. ശേഷം ഭഗവാന്റെ നടയ്ക്ക് മുമ്പില്‍ എത്തിയാണ് താലികെട്ട് നടത്തിയത്. ശ്രീകോവില്‍ നടക്ക് പുറത്തുവെച്ചായിരുന്നു താലിചാര്‍ത്ത്.
പട്ടാമ്പിക്കാരനായ ജിപിക്ക് വടക്കുംനാഥനോട് പ്രത്യേക ഭക്തിയാണ്. പലകുറി വടക്കുംനാഥനെക്കുറിച്ച് വാചാലനായിട്ടുമുണ്ട് താരം. കസവ് സാരിയും മുലപ്പൂവും മിനിമല്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പുമാണ് താലികെട്ടിനായി ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടില്‍ പങ്കെടുക്കാന്‍ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.
താലികെട്ടിനുശേഷം മറ്റ് ചടങ്ങുകള്‍ വിരുന്ന് നടക്കുന്ന മണ്ഡപത്തിലാണ് നടന്നത്. രാജകീയമായ മണ്ഡപമാണ് വിവാഹത്തിനായി ജിപിയും ഗോപികയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള പരിപാടികളുമായി ആഘോഷിക്കുകയായിരുന്നു ജിപിയും ഗോപികയും. ഹല്‍ദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. വളരെ വിരളമായി മാത്രം വധൂവരന്മാര് നടത്താറുള്ള അയനിയൂണ് ചടങ്ങ് ജിപിയും ഗോപികയും നടത്തിയത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൗതുകം പകര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് ജിപിയും ഗോപികയും വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും വിവാഹിതരാകുമെന്ന് ഒരിക്കലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ക്കും വിവാഹനിശ്ചയ ചിത്രങ്ങള്‍ വലിയൊരു സര്‍പ്രൈസായിരുന്നു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഏറെ സജീവമാണ് ജിപി.
അതുകൊണ്ട് തന്നെ ഒട്ടുമിക്ക സെലിബ്രിറ്റികളും ജിപി-ഗോപിക വിവാഹം ആഘോഷമാക്കാന്‍ എത്തിയിട്ടുണ്ട്. മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും മലയാളികളുടെ ഇടയില്‍ ശ്രദ്ധേയനാണ്.
തെലുങ്കില്‍ അടക്കം ചുവടുറപ്പിച്ച് കഴിഞ്ഞു ജിപി. ബാലതാരമായി നിരവധി സിനിമകളില്‍ ഗോപികയും അഭിനയിച്ചിട്ടുണ്ട്. ബാലേട്ടന് സിനിമയിലെ മോഹന്‍ലാലിന്റെ മകളായി എത്തി പിന്നീട് നിരവധി സീരിയലുകളില്‍ വേഷമിട്ട ഗോപിക സാന്ത്വനത്തില്‍ അഞ്ജലിയായി ജനഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. നടി എന്നതിലുപരി ഒരു ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ് ഗോപിക.