വില തുച്ഛം; രണ്ട് മണിക്കൂറില്‍ പൊടിപൊടിച്ച് വിദ്യാര്‍ത്ഥികളുടെ ഫ്രൈഡേ മാര്‍ക്കറ്റ്
1 min readകോഴിക്കോട് : വീട്ടില്‍ നിന്ന് തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ ക്യാമ്പസില്‍ വില്‍പ്പനക്കായി എത്തിച്ച് വിദ്യാര്‍ത്ഥികളിലെ സംരംഭകരെ പ്രോത്സാഹിപ്പിച്ച് സ്കൂളിലെ ഫ്രൈഡെ മാര്‍ക്കറ്റ് ശ്രദ്ധേയമായി. കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്സ് കോളേജിലെ ഇഡി ക്ലബില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കമിട്ടത്. ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ. എ പി അനു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളിലെ സംരംഭകരെ വളര്‍ത്താനും ഭക്ഷ്യ വിഭവങ്ങളിലെ സുരക്ഷിതത്ത്വം ഉറപ്പ് വരുത്താനും ഫ്രൈഡെ മാര്‍ക്കറ്റ് ഉപകരിക്കുമെന്നും എ പി അനു അഭിപ്രായപ്പെട്ടു.
ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനിലായിരുന്നു പൊറാട്ട ചിക്കന്‍ കറി, കപ്പ മത്സ്യക്കറി, ഉന്നക്കായ, സമൂസ, ഓംലെറ്റ് തുടങ്ങി 20 ല്‍ പരം വിഭവങ്ങള്‍ വില്‍പ്പനക്കായി ഒരുക്കിയത്. വില വിവര പട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേക്കും വിഭവങ്ങളെല്ലാം തീര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ഗാന വിരുന്നും ചടങ്ങിന് പൊലിമയേകി.
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. തൊഴില്‍ കണ്ടെത്തുന്നതിലുപരി തൊഴില്‍ ദാതാക്കളായി മാറാന്‍ ഫ്രൈഡെ മാര്‍ക്കറ്റ് പ്രചോദനമാകുമെന്നും എല്ലാ വെള്ളിയാഴ്ചകളിലും ഉച്ഛയ്ക്ക് ശേഷം ഫ്രൈഡെ മാര്‍ക്കറ്റ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നും പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യൂ അറിയിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്സണ് കൊച്ചു പറമ്പില്‍ , അധ്യാപകരായ എം.എസ്. വിനി, ടി പി ശില്പ , എസ് മഹാലക്ഷമി , കെ അഞ്ജന, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആര്യ അനില്‍ കുമാര്‍ , പി ഗൗതമി എന്നിവര്‍ പ്രസംഗിച്ചു.