20 വർഷത്തിനു ശേഷം ആദ്യമായി സിംഗപ്പൂരിൽ സ്ത്രീക്ക് വധശിക്ഷ
1 min readമയക്കുമരുന്ന് കടത്തിയതിനാണ് സ്ത്രീയെ തൂക്കിലേറ്റുന്നത്.
20 വർഷത്തിനു ശേഷം ആദ്യമായി ഒരു സ്ത്രീയെ തൂക്കിലേറ്റാനൊരുങ്ങുന്നു സിംഗപ്പൂർ . മയക്കുമരുന്ന് ഇടപാട് കേസിൽ പിടിയിലായ സരിദേവി ജമാനി എന്ന സ്ത്രീയെയാണ് തൂക്കിലേറ്റുന്നത്. ഇവർക്ക് 45 വയസ്സുണ്ട്. വെള്ളിയാഴ്ച ആണ് തൂക്കിലേറ്റുക. മനുഷ്യാവകാശ സംഘടനയായ ട്രാൻസ്ഫോർമേറ്റീവ് ജസ്റ്റിസ് കളക്റ്റീവ് ആണ് ഇക്കാര്യം അറിയിച്ചത്.
30 ഗ്രാം ഹെറോയിൻ കടത്തിയതിനാണ് സിംഗപ്പൂർ കോടതി സരിദേവിയ്ക്ക് വധശിക്ഷ വിധിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. വധശിക്ഷ നടപ്പാക്കുന്ന വിവരവും തീയതിയും ഇവരുടെ കുടുംബത്തെ നോട്ടീസ് മുഖേന അറിയിച്ചിട്ടുണ്ട്. 20 വർഷങ്ങൾക്കു മുമ്പാണ് മയക്കുമരുന്ന് കേസിൽ ഒരു വനിതയെ സിംഗപ്പൂർ തൂക്കിലേറ്റിയത്. 36 വയസ്സുള്ള യെൻമെയ് വോൻ ആയിരുന്നു ആ സ്ത്രീ .
പരിഷ്കൃത രാജ്യമാണെങ്കിൽ പോലും വധശിക്ഷക്ക് എതിരല്ല സിംഗപ്പൂർ, ലഹരിമരുന്നിനെതിരെ ഏറ്റവും കഠിന ശിക്ഷ നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ, 500 ഗ്രാമിലധികം കഞ്ചാവും 15 ഗ്രാമിലധികം ഹെറോയിനും കൈവശം വെക്കുന്നത് വധശിക്ഷ വിധിക്കാവുന്ന കുറ്റമാണ് സിംഗപ്പൂരിൽ. കൊലപാതകം, തട്ടികൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും ഇവിടെ വധശിക്ഷ നൽകുന്നുണ്ട്. എന്നാൽ ആംനെസ്റ്റി ഇന്റർനാഷണൽ വധശിക്ഷക്ക് എതിരാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കൃത്യങ്ങൾക്കെതിരെ പുതിയ നിയമങ്ങളും പാസ്സാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നോട്ടു പോകാൻ സിംഗപ്പൂർ തയ്യാറല്ല. വധശിക്ഷ കുറ്റകൃത്യങ്ങൾ കുറയുന്നതിന് സഹായകമാകുന്നുണ്ട് എന്നാണ് സിംഗപ്പൂർ നൽകുന്ന വിശദീകരണം.