മുഖ്യമന്ത്രിയെ പരിപാടിക്ക് വിളിക്കുമ്പോള്‍ മൈക്ക് ശരിയാണോ എന്നുറപ്പുവരുത്തണേ

1 min read

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ പൊട്ടലും ചീറ്റലും: മൈക്കിനെതിരെ എഫ്.ഐ.ആര്‍

ഇനി ആരെങ്കിലും മുഖ്യമന്ത്രിയെ പരിപാടിക്ക് വിളിക്കുമ്പോള്‍ മൈക്കൊക്കെ വളരെ പക്കാ ആണുന്നുറപ്പുവരുത്തണേ. വേണമെങ്കില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം വരെ നിങ്ങള്‍ക്കെതിരെ കേസെടുക്കാം. പണ്ട് ഒരു മൈക്കുകാരനെ മുഖ്യമന്ത്രി ശാസിക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ. മൈക്കിന് പകരം പുതിയ വല്ല ഇലക്ട്രോണിക് ഉപകരണവും വരുന്നതുവരെ നമുക്കിങ്ങനെയല്ല നടക്കാന്‍ പറ്റൂ. ഏതായാലും സൂക്ഷിച്ചാല്‍ നന്ന്. അല്ലെങ്കില്‍ മൈക്ക് കേടായതിന് ജയിലില്‍ പോവേണ്ടിവരും. നമ്മുടെ കെ.പി.സി.സി. പരിപാടിക്ക് പോയ മൈക്കിന് അതിന് പുറമേ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും കയറേണ്ടി വന്നു.

കേരള പോലീസ് ആക്ട് പ്രകാരം മനപ്പൂര്‍വം പൊതുസുരക്ഷയില്‍ പരാജയപ്പെടുക, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുക തുടങ്ങിയവയ്ക്കാണ് കേസ്.
ഇനി ഏതൊക്ക ലബോറട്ടറികളിലാണാവോ കയറേണ്ടിവരിക്. നമ്മുടെ മുട്ടിലിലെ മരത്തിന് സംഭവിച്ചത് പോലെ ഡി. എന്‍. എ ടെസ്റ്റിന് വിധേയമാവേണ്ടിവരുമോ. കണ്ടറിയാം.

മരണത്തിന്റെ വ്യാപാരികള്‍ എന്ന് നമ്മുടെ സോണിയാ മാഡം ആരെയോ ആക്ഷേപിച്ചിരുന്നു. ഇപ്പോള്‍ നമ്മുടെ ഭരണ പക്ഷവും പ്രതിപക്ഷവും പിന്നെ മലയാള മനോരമയും ആ പേരിനര്‍ഹരായിക്കുകയാണ്. ബദ്ധവൈരികളാണെങ്കിലും ഇരുവരും മത്സരിച്ച് ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കുകയായിരുന്നു. ആദ്യം മുഖ്യമന്ത്രി കരഞ്ഞു. കോടിയേരി മരിച്ചാല്‍പോലും കരയാത്ത ആളാണ്. കഠിന ഹൃദയന്‍ എന്നൊന്നും പറയരുത്. ദൃഡ ചിത്തനാണദ്ദേഹം. പിന്നെ നമ്മുടെ കോണ്‍ഗ്രസുകാരാണെങ്കില്‍ എങ്ങനെയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മരണത്തിന്റെ പേരില്‍ നാലു വോട്ട് നേടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. നല്ല ഓളമുണ്ടാക്കി. പിന്നെയാണ് കെ.പി.സി.സി ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗം നടത്താന്‍ തീരുമാനിച്ചത്. ഒരു പക്ഷേ മുഖ്യമന്ത്രിയെ വിളിച്ച് നാലു കൊടുക്കാന്‍ , അടിയല്ല ,കേട്ടോ ,തെറി, എന്നു വച്ചാല്‍ സബ്‌സറ്റാന്‍ഡേര്‍ഡ് തെറിയല്ല, കുറിക്കു കൊള്ളുന്ന വാചകങ്ങള്‍ ഉദ്ധരിച്ച് പ്രസംഗിക്കുക, അതിന് നമ്മുടെ കെ.സുധാകരന്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്തിട്ടുണ്ടാകും. ആളാകാന്‍ നോക്കിയ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതില്‍ വീണു എന്നു പറയേണ്ടതില്ലല്ലോ. ഒന്നുമില്ലെങ്കിലും അദ്ദേഹം ഒരു കണ്ണൂരുകാരനല്ലേ. സുധാകരന്‍ എന്തെങ്കിലും വച്ചിട്ടുണ്ടാകുമെന്ന് നിരീക്ഷിക്കേണ്ടതായിരുന്നു. അതു പോട്ടെ. പോയ ബുദ്ധി പിന്നെ തിരിച്ചുകിട്ടില്ലല്ലോ. ഇനി ബാക്കി നോക്കാം എന്നുകരുതിയായിരിക്കും ഈ എഫ്.ഐ.ആര്‍

അല്ലെങ്കിലും പിണറായി വിജയന് ഇത് എന്തിന്റെ കേടാ. ഉമ്മന്‍ചാണ്ടി മുന്‍ മുഖ്യമന്ത്രിയല്ലെ. അദ്ദേഹത്തെ അനുസ്മരിക്കാന്‍ സര്‍ക്കാരിന് നേരിട്ടൊരു അനുസ്മരണ പരിപാടിയങ്ങ് നടത്തിയാല്‍ പോരായിരുന്നു. ഒരു സര്‍വ കക്ഷിയോഗം. എല്ലാ പാര്‍ട്ടിക്കാരെയും വിളിക്കാം. കോണ്‍ഗ്രസില്‍ നിന്ന്എല്ലാ ഗ്രൂപ്പുകാരെയും വിളിക്കാം. കെ.സി, സുധാകരന്‍, ചെന്നിത്തല, കെ.സി.ജോസഫ്, പിന്നെ ഉമ്മന്‍ചാണ്ടിയുടെ മകനും മകളും .പോരായിരുന്നോ. സ്വാഗതം വേണമെങ്കില്‍ നമ്മുടെ വാസവനെക്കൊണ്ട് നടത്തിക്കാമായിരുന്നു. കിലോമീറ്ററുകളോളം അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്രയില്‍ പങ്കെടുത്തതല്ല. അല്ലെങ്കിലും ഉമ്മന്‍ചാണ്ടിയും വാസവനും തമ്മിലൊരു നെക്‌സസ് ഉണ്ടായിരുന്നുവെന്നാണ് പലരും പറയുന്നത്.

ഇതിന് പകരം പിണറായി പുലിമടയില്‍ കയറി പോകേണ്ടതുണ്ടായിരുന്നോ. അദ്ദേഹം കരുതി എല്ലാവരും മാന്യമായി പെരുമാറും. അതുവഴി താനുമൊരു പൊതുസമ്മതനാവുമെന്നൊക്കെയായിരുന്നു. ഏതായാലും മൈക്ക് പൊളിക്കല്‍ പരിപാടി ഏറ്റിയില്ലെങ്കില്‍ കൂവി തോല്‍പിക്കാനെങ്കിലും ചിലരെ സംഘാടകര്‍ ഏല്പിച്ചിട്ടുണ്ടാകുമെന്ന് ചിന്തിക്കാന്‍ പിണറായിക്ക് കഴിയാതെ പോയത് മോശമായി പോയി.

പിന്നെ കോണ്‍ഗ്രസുകാരോട്. വേദി നോക്കി പെരുമാറാന്‍ പടിക്കണം. പിണറായി ഉമ്മന്‍ചാണ്ടിയോട് ദ്രോഹമൊക്കെ ചെയ്തിരിക്കാം. അത് രാഷ്ട്രീയം. ചില നല്ല കാര്യങ്ങള്‍ നിങ്ങളോട്ടും ചെയ്തുകൊടുത്തില്ല. ടി.പി.ചന്ദ്രശേഖരന്‍ കേസ് ഊരിക്കൊടുത്തില്ല. അല്ലെങ്കില്‍ പ്രമുഖരൊക്കെ തൂങ്ങുമായിരുന്നില്ലേ. അതുകൊണ്ട് കൊടുക്കല്‍ വാങ്ങലൊക്കെ സാധാരണയാണ്. പക്ഷേ അനുസ്മരണ യോഗത്തില്‍ അതു വച്ച് കളിക്കരുതായിരുന്നു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് പിണറായിയെ വിളിക്കാതിരുന്നാല്‍ മതിയായിരുന്നല്ലോ.

കോണ്‍ഗ്രസിലെ യുവതാരങ്ങളായ ഷെരീഫും അബിന്‍ വര്‍ക്കിയുമൊക്കെ സി.പി.എമ്മിനും പിണറായിക്കുമെതിരെ ചാനലില്‍ കത്തിക്കയറുന്നതൊക്കെ കണ്ടു. അതൊക്കെ ചാനലില്‍ ആവാം. എന്നാല്‍ നിങ്ങള്‍ വിളിച്ച പരിപാടിയില്‍ മുഖ്യമന്ത്രി വരുമ്പോള്‍ കൂവുന്നതുമൊക്കെ നല്ല രീതിയല്ല കേട്ടോ. പക്ഷേ ദൃഡമാനസരല്ലാത്ത സാധാരണ കോണ്‍ഗ്രസുകാരാണ് കൂവിയതെന്ന് പറഞ്ഞ് സമാധാനിക്കാനേ വഴിയുള്ളു. അവരൊക്കെ വരുന്നുണ്ടെങ്കില്‍ പിണറായി സഖാവിനെ വിളിക്കേണ്ടിരുന്നില്ല കേട്ടോ. ചടങ്ങ് അങ്ങ് നിയമസഭാ ഹാളില്‍ നടത്തിയാല്‍ മതിയായിരുന്നല്ലോ.

പിന്നെ നമ്മുടെ കെ.മുരളീധരന്‍ ഉമ്മന്‍ചാണ്ടിയെ കാട്ടുകള്ളനൊന്നെക്കെ വിളിച്ചത് പലരും ഇപ്പോള്‍ എടുത്തിടുന്നുണ്ട്. അത് ശരിയല്ല. അതോടൊപ്പം വിരോധം ഇടതുകാരുടെതാണെങ്കിലും ദു:ഖാചരണ വേളയില്‍ അതൊക്കെ പറയാതിരിക്കുന്നതാണ് നല്ലത്.

Related posts:

Leave a Reply

Your email address will not be published.