ഇ.ഡി അന്വേഷണത്തെ ശരിവച്ച് ഇ.പിയും
1 min readകരുവന്നൂരില്‍ താനില്ലെന്ന ഇ.പി. ജയരാജന്‍
കോടികള്‍ വെട്ടിമാറ്റിയ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി അന്വേഷണത്തിനെതിരെ സി.പി.എം നിലപാടെടുക്കുമ്പോള്‍ ഇ.ഡിയെ കുറ്റം പറയാനാകില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇ.ഡി അന്വേഷണത്തിനെതിരെ നിലപാടെടുത്തപ്പോഴാണ് ഇ.ഡിക്കെതിരെ സംസാരിക്കാന്‍ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്ന നിലപാട് ജയരാജനെടുത്തത്. എല്ലാവരും വളരെ അത്ഭുതത്തോടെയാണ് ഇ.പിയുടെ നിലപാട് മാറ്റത്തെ നോക്കിക്കാണുന്നത്. പ്രത്യേകിച്ചും ഇ.ഡിയുടെ അന്വേഷണം ഇ.പി ജയരാജനിലേക്കും നീങ്ങുമെന്ന സൂചന വന്നപ്പോഴാണ് ഇ.പി കളം മാറ്റിയത്. അതേ സമയം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമായുള്ള ശീതസമരത്തിന്റെ ഭാഗമാണോ ഇതെന്നും അറിയില്ല.
ഈ കേസിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതെന്തിനെന്ന് വ്യക്തമാവുന്നില്ലെന്നാണ് ഇ.പി പറയുന്നത്. കേസിലെ മുഖ്യപ്രതിയായ പി.സതീഷ് കുമാറിനെ അറിയാം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരുകാരനാണ്. സതീഷോ സഹോദരനോ എന്തെങ്കിലും സഹായത്തിന് എന്നെ സമീപിച്ചതായോ സഹായം ചെയ്തുകൊടുത്തതായോ ഓര്‍മയില്ല എന്നാണ് ഇ.പി ജയരാജന്‍ പറയുന്നത്. സതീഷിന്റെ മുന്‍ ഡ്രൈവര്‍ ജയിലില്‍ നിന്നിറങ്ങിയാണ് തനിക്കെതിരായ ആരോപണങ്ങളൊക്കെ പലരോടും ഉന്നയിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തുന്നു. ഇതെല്ലാം കേസ് അട്ടിമറിക്കാനുളള് ഭാഗമാണ്. തനിക്കെതിരെയുള്ള ആരോപണം അന്വേഷിച്ചു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തനിക്കെതിരെ ആരോപണം ഉന്നയിച്ച സതീഷിന്റെ മുന്‍ ഡ്രൈവറെയും ഇ.ഡി ചോദ്യം ചെയ്യണമെന്ന് ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു. ഇ.ഡിക്കെതിരെ സി.പി.എം പ്രകടനം നടത്തിയതൊന്നും ജയരാജന്‍ അറിഞ്ഞിട്ടില്ലേ എന്നാണ് ജനം ചോദിക്കുന്നത്. സി.പി.എം നേതാവ് ടി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി അറസറ്റ് ചെയ്തതിനെതിരായാണ് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ സി.പി.എം നേതൃത്വത്തില്‍ സ്ത്രീകളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പ്രകടനം നടത്തിയത്.