ഡോ.പ്രീതി ആശുപത്രിയില്‍ മരണവുമായി മല്ലിട്ടത് 5 ദിവസം ; ‘ലൗ ജിഹാദ്’ ഉന്നയിച്ച് ബിജെപി

1 min read

ഹൈദരാബാദ് : നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (നിംസ്) അഞ്ച് ദിവസത്തോളം മരണവുമായി മല്ലിട്ട ശേഷം ഡോ.പ്രീതിയെന്ന ഇരുപത്തിയാറുകാരി മെഡിക്കല്‍ വിദ്യാര്‍ഥിനി ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങി. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയായ ഡോ.മുഹമ്മദ് സൈഫ് വാഷ്‌റൂമില്‍ പോകാന്‍ പോലും അനുവദിക്കാതെ അധികസമയം ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുന്നതായി പ്രീതി പരാതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്മ ശാരദയുമായി പ്രീതി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ഞായറാഴ്ച പകല്‍ തന്നെ ഡോ.പ്രീതി മരിച്ചതായിട്ടുളള നിഗമനം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഒട്ടേറെപ്പേര്‍ ആശുപത്രിക്കു മുന്നില്‍ സംഘടിക്കുകയും ചെയ്തു. ഒടുവില്‍ രാത്രി 9.10നാണ് പ്രീതിയുടെ മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍ പ്രസ്താവന ഇറക്കിയത്. അതിനു പിന്നാലെ ആശുപത്രി പരിസരത്ത് പ്രതിഷേധമുണ്ടായി. ഡോ.പ്രീതിക്ക് നീതി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രവര്‍ത്തകരാണ് മുദ്രാവാക്യം മുഴക്കി ആശുപത്രി കവാടത്തിലെത്തിയത്. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെ രംഗത്തിറക്കി രംഗം ശാന്തമാക്കി. പ്രീതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി നീക്കാനുള്ള ആശുപത്രി അധികൃതരുടെ നീക്കത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പ്രശ്‌നം സൃഷ്ടിച്ചു.

ജൂനിയര്‍ വിദ്യാര്‍ഥികളുടെ നേരെ അനാവശ്യമായി റാഗ് ചെയ്ത് പീഡിപ്പിക്കുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠമാകേണ്ടതിന്, ആരോപണവിധേയനായ ഡോ.മുഹമ്മദ് സൈഫിനെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന് പ്രതിഷേധക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ ആശുപത്രിക്കുള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രീതിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുന്‍പായിട്ടു തന്നെ, ആശുപത്രിക്കെട്ടിടം വന്‍ സുരക്ഷാ വലയത്തിലായിരുന്നു. പ്രതിഷേധ സാധ്യത മുന്‍കൂട്ടി കണ്ട് വന്‍ പൊലീസ് സന്നാഹമാണ് ആശുപത്രി പരിസരത്ത് വിന്യസിച്ചത്. പ്രതിഷേധക്കാരില്‍ ഒട്ടേറെ സ്ത്രീകളുമുണ്ടായിരുന്നതിനാല്‍, വനിതാ പൊലീസുകാരെയും വിന്യസിച്ചിരുന്നു.

പിന്നാക്ക വിഭാഗക്കാരിയായ പ്രീതിയുടെ മരണത്തിനു പിന്നില്‍ ‘ലവ് ജിഹാദ്’ ആരോപണമുയര്‍ത്തി ബിജെപിയും രംഗത്തെത്തിയിരുന്നു. തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ഡി സഞ്ജയ് കുമാറാണ് ആരോപണം ഉന്നയിച്ചത്. ‘ഇത് ലവ് ജിഹാദ് തന്നെയാണെന്ന് താന്‍ തറപ്പിച്ചു പറയുന്നു എന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ലവ് ജിഹാദ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഹിന്ദു സ്ത്രീകള്‍ ഇവിടെ വ്യാപകമായി അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ ബലത്തിലാണ് ഒരു വിഭാഗം ആളുകള്‍ ഹിന്ദു യുവതികളെ ഉന്നമിടുന്നതെന്നും സഞ്ജയ് കുമാര്‍ ആരോപിച്ചു.

പ്രീതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബാംഗങ്ങളും രംഗത്തെത്തി. ഇന്നു വരെ സംഭവിച്ച എല്ലാക്കാര്യങ്ങളിലും ഞങ്ങള്‍ക്ക് വ്യക്തത വേണമെന്നും ചേച്ചിക്കു ലഭിച്ച ചികിത്സയുടെ വിശദാംശങ്ങളും അവളെ മാനസികമായി പീഡിപ്പിച്ച ഡോ.സൈഫിനെതിരെ കൈക്കൊണ്ട നടപടികള്‍ അറിയിക്കണമെന്നും പ്രീതിയുടെ ഇളയ സഹോദരന്‍ വംശി പൃഥ്വി ആവശ്യപ്പെട്ടു. ഇത്തരമൊരു പ്രശ്‌നത്തിന്റെ പേരില്‍ ജീവനൊടുക്കുന്ന ദുര്‍ബലയല്ല പ്രീതിയെന്നും, ഈ സംഭവം കൊലപാതകമാണെന്നും വംശി പ്രതികരിച്ചു.

‘ഒരാഴ്ച മുന്‍പ് താന്‍ അവളെ കാണുമ്പോള്‍, ഡോ. സൈഫില്‍ നിന്നുള്ള മാനസിക പീഡനത്തിന്റെ കാര്യം പ്രീതി സൂചിപ്പിച്ചിരുന്നു. ഈ പ്രശ്‌നം അവള്‍ക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്നും അറിയിച്ചിരുന്നു. ആശുപത്രിയിലായ ദിവസവും പുലര്‍ച്ചെ മൂന്നു വരെ അവള്‍ ഒരു ശസ്ത്രക്രിയയ്ക്ക് സഹായിക്കുകയായിരുന്നു. അതിനു ശേഷം രാവിലെ 8.30ന് അവളുടെ ഫോണില്‍നിന്ന് അവസാന കോള്‍ പോകുന്നതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം ദുരൂഹമാണ്. അബോധാവസ്ഥയില്‍ കണ്ടെത്തിയതിനു ശേഷവും അവളുടെ മൊബൈല്‍ ഫോണ്‍, വിരലടയാളം ഉപയോഗിച്ച് തുറന്ന് എന്തൊക്കെയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും എല്ലാ വിശദാംശങ്ങളും നീക്കിയ ശേഷമാണ് അവളെ കൊലപ്പെടുത്തിയതും അതിനെ ആത്മഹത്യാ ശ്രമമാക്കി അവതരിപ്പിച്ചതെന്നും’ വംശി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.