പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ സംഭവിക്കുന്നതെന്തെന്നോ?
1 min read
പെണ്ണാണെന്നു കരുതി ചാടിവീണാൽ ചെന്നെത്തുന്നത് പടുകുഴിയിൽ. പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്
സോഷ്യൽ മീഡിയ അരങ്ങുവാഴുന്ന കാലമാണിത്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ, പ്രായവ്യത്യാസമില്ലാതെ സകലമാനജനങ്ങളും സൈബറിടങ്ങളിൽ സജീവമാണ്. തൊട്ടടുത്ത് താമസിക്കുന്നവൻ ആരെന്ന് അറിയില്ലെങ്കിലും, കൈവെള്ളയിൽ ഇരിക്കുന്ന സ്മാർട്ട്‌ഫോണിൽ പുതിയ സൗഹൃദങ്ങൾ തിരയുകയാണ് മലയാളി. അങ്ങ് വിദൂരതയിൽ ഇരിക്കുന്ന പുതിയ പുതിയ സുഹൃത്തുക്കളെ വലയിലാക്കാനാണ് നമുക്ക് താത്പര്യം. അവന്റെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തുന്നു. സുഖവിവരങ്ങൾ അന്വേഷിക്കുന്നു. പക്ഷേ, ഇത്തരം സൗഹൃദങ്ങൾ നിങ്ങളെ കുഴിയിൽ ചാടിച്ചേക്കാമെന്ന് മുന്നറിപ്പ് നൽകുന്നു കേരളാപൊലീസ്. ചതിക്കുഴികൾ പതിയിരിക്കുന്ന ഇടങ്ങൾ കൂടിയാണ് സൈബർലോകം. പെണ്ണാണെന്നു കരുതി ചാടിക്കയറി അചരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ അനന്തരഫലം ഭീഷണിയും മാനഹാനിയും ധനനഷ്ടവും ആയിരിക്കും എന്ന് മുന്നറിയിപ്പു നൽകുന്നു കേരളാപൊലീസിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നാൽ തട്ടിപ്പുകാരെ ധൈര്യപൂർവം നേരിടാനും പൊലീസിനെ വിവരം ധരിപ്പിക്കാനും തയ്യാറാകണമെന്നും കൂടി പറയുന്നു കേരളാ പൊലീസ്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.
സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറുവശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനനുസരിച്ച് പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോർഡ് ചെയ്ത് എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചുകൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്ലീലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നൽകും.
ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം?
ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്. നൽകിയാൽ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകുക
എൻ.ബി : ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.
