ഡീഗ്രേഡിങ് നല്ലതാണെന്ന് ചാക്കോച്ചന്‍
1 min readചാവേറിന്റെ ഡീഗ്രേഡിങ്ങിനോട് പ്രതികരിച്ച് ചാക്കാച്ചനും അര്‍ജുന്‍ അശോകനും
ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ വലിയ പ്രതീക്ഷകളുമായാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിനു ലഭിച്ചത്. എന്നാല്‍ വലിയ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല.
ചാവേറിനെതിരെ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് നടക്കുകയാണെന്ന് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ അര്‍ജുന്‍ അശോകന്‍ പറയുന്നു.
”ചാവേറിനെതിരെ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ഫിസിക്കല്‍ വര്‍ക്ക് കൂടുതല്‍ ചെയ്ത ചിത്രമാണ് ചാവേര്‍. ആരും അജഗജാന്തരം പ്രതീക്ഷിച്ച് സിനിമ കാണാന്‍ വരരുത്. സിനിമ കണ്ടിട്ട് മാത്രം അഭിപ്രായങ്ങള്‍ പറയണം. ടിനു പാപ്പച്ചന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ് ചാവേര്‍’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
ചാവേര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള തീയേറ്റര്‍ വിസിറ്റിന് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.
അതേസമയം ചാവേറിനെതിരെയുള്ള ഡിഗ്രേഡിങ് ഒരുരീതിയില്‍ നല്ലതാണെന്നു പറയുന്നു കുഞ്ചാക്കോ ബോബന്‍. ചാവേര്‍ പ്രൊമോഷന്റെ ഭാഗമായി തിയറ്ററില്‍ എത്തിയതാണദ്ദേഹം.
ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫുള്‍ ഓണ്‍ ആക്ഷന്‍ ചിത്രം എന്നതിലുപരി ഇമോഷണല്‍ അറ്റാച്ച്‌മെന്റുള്ള ഒരു ചിത്രമായാണ് ചാവേറിനെ പ്രേക്ഷകര്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സിനിമ കാണാനായി കുടുംബ പ്രേക്ഷകര്‍ കയറി തുടങ്ങിയിട്ടുണ്ട്. അവരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുമുണ്ട്. അതേസമയം ഡീഗ്രേഡിങ് ചെയ്യുന്നത് ഒരു രീതിയില്‍ നല്ലതാണ്. കാരണം അമിത പ്രതീക്ഷയില്ലാതെ ആള്‍ക്കാര്‍ വരും. അങ്ങനെ വരുന്നവര്‍ക്ക് സിനിമ ഇഷ്ടമാവുന്നുണ്ട്. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ തിയറ്ററില്‍ വന്നിരിക്കുന്നതെന്നും അല്ലെങ്കില്‍ ധൈര്യപൂര്‍വ്വം ഇങ്ങനെ വരാന്‍ സാധിക്കില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു. ഡീഗ്രേഡിങ്ങിന് അപ്പുറമുള്ള പ്രേക്ഷകരെ നമുക്ക് ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.