സംരഭകരെ അടിച്ചോടിക്കുന്ന സിപിഎം നയത്തിന് ശക്തമായ തിരിച്ചടിയുണ്ടാകും: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: സംരഭകരെ അടിച്ചോടിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സിപിഎം നയത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും വരവേല്‍പ്പ് എന്ന സിനിമ കേരളത്തില്‍ എത്രത്തോളം പ്രസക്തമാണെന്നതിന്റെ ഉദാഹരണമാണ് കോട്ടയത്ത് കണ്ടത്. ബസ് ഉടമയെ ബസ് ഇറക്കാന്‍ അനുവദിക്കാതിരിക്കുകയും അദ്ദേഹം ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു വന്നപ്പോള്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സിഐടിയു സിപിഎം ആക്രമണം കേരളത്തിന് നാണക്കേടാണ്. കേരളത്തെ ദാരുണമായ സ്ഥിതിയിലേക്കാണ് പിണറായി വിജയന്‍ തള്ളുന്നതെന്നും ബിജെപി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാല ജനസഭയില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പിന്നാക്കക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വലിയ ആക്രമണമാണ് ഉണ്ടാവുന്നത്. സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണ് പിണറായി വിജയനും സംഘവും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷ തട്ടിപ്പും വ്യാജരേഖ ചമക്കലും സ്വജനപക്ഷപാതവും മാത്രമാണുള്ളത്. പാവപ്പെട്ടവര്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

മുഖ്യപ്രതിപക്ഷം അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുകയാണ്. മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് അറസ്റ്റിലായി. പ്രതിപക്ഷ നേതാവ് വിദേശത്ത് നിന്നും അനധികൃതമായി പണം പിരിച്ച കേസില്‍ ആരോപണവിധേയനായി നില്‍ക്കുകയാണ്. മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തില്‍ ആരോപണ വിധേയനാണ്. ഈ സാഹചര്യത്തില്‍ ബിജെപി മാത്രമാണ് പിണറായി സര്‍ക്കാരിന് ബദല്‍.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള വലിയ ക്യാമ്പയിനിഗാണ് ബിജെപി നടത്തുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.