2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കച്ചകെട്ടി സിപിഎം

1 min read

ഒറ്റയ്ക്കു കഴിവില്ല, പ്രതിപക്ഷപാര്‍ട്ടികളുടെ സഹായം വേണം

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണം. സിപിഎം കേന്ദ്ര കമ്മിറ്റി പാസാക്കിയ പ്രമേയമാണിത്. തങ്ങള്‍ക്ക് അതിനുള്ള ശക്തിയുമില്ല. പിന്നെന്തു ചെയ്യും? മറ്റു കക്ഷികളുടെ സഹായം തേടുക തന്നെ. രാജ്യത്ത് സ്വാധീനം നഷ്ടമാകുന്ന സാഹചര്യത്തിലാണ് ബിജെപിക്കെതിരെ സിപിഎം പടയൊരുക്കം നടത്തുന്നത്. ഇതിനായി മറ്റു കക്ഷികള്‍ക്ക് പിന്തുണ നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.

ബിജെപിയുടെ ഭരണത്തില്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടക്കുന്നു, കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗിക്കുന്നു, രാജ്യത്ത് ജാതി സെന്‍സസ് നടത്തുന്നു, ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കുന്നുഇതെല്ലാം പ്രതിരോധിക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ഒന്നിക്കണം. ഇതാണ് യോഗത്തിലുയര്‍ന്നു വന്ന അഭിപ്രായം.

വിശാലമായ രാജ്യതാത്പര്യമാണ് സിപിഎമ്മിനുള്ളതെന്ന്, കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നാം. പക്ഷേ, സിപിഎമ്മിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്താണ്? കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയൊണെന്ന് അവര്‍ തിരിച്ചറിയുന്നു. ബിജെപിയുടെ വളര്‍ച്ച അവരെ വിറളി പിടിപ്പിക്കുന്നു. പശ്ചിമ ബംഗാളില്‍ നാമവശേഷമായിത്തീര്‍ന്നു. ഇനിയൊരു തിരിച്ചു വരവിനു വിദൂരസാധ്യത പോലുമില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. ത്രിപുരയാണെങ്കില്‍ രണ്ടാം തവണയും ബിജെപി പിടിച്ചെടുത്തു. ഭരണമുള്ളത് ആകെ കേരളത്തില്‍ മാത്രം. അവിടെയും ബിജെപി പിടിമുറുക്കുകയാണോ? ക്രിസ്തീയ സഭകളും ബിജെപിയും തമ്മില്‍ അടുപ്പം പുലര്‍ത്തുന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. ഇത്രയും കാലം തങ്ങളുടെ അടിമകളായിരുന്നവര്‍ കളം മാറ്റി ചവിട്ടുകയാണോ എന്ന ഭീതിയിലാണവര്‍.

സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു കഴിഞ്ഞു. ഇതേ ഭീഷണി വൈകാതെ തങ്ങളെയും തേടിയെത്തുമെന്ന് സിപിഎമ്മിനറിയാം. അടുത്ത തെരഞ്ഞെടുപ്പോടെ അത് സംഭവിച്ചേക്കാം. അതിനെ എങ്ങനെയും തടയുക എന്ന ജീവമരണ പോരാട്ടത്തിലാണിപ്പോള്‍ സിപിഎം. മറ്റു കക്ഷികളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ സീറ്റിലും വോട്ടിലും വര്‍ദ്ധനയുണ്ടാക്കാമെന്ന് സിപിഎം ചിന്തിക്കുന്നു. തമിഴ് നാട്ടില്‍ നിന്നും ലഭിച്ച രണ്ട് എം.പിമാര്‍ അവര്‍ക്ക് ഊര്‍ജം നല്‍കുന്നു. ഈ രീതി 2024ലും ആവര്‍ത്തിക്കാനും നേട്ടം കൊയ്യാനുമാണ് സിപിഎം പദ്ധതിയിടുന്നത്.

തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുന്ന കാര്യമാണെങ്കില്‍ അതിന് ആരുമായും സഖ്യത്തിലേര്‍പ്പെടാന്‍ സിപിഎം തയ്യാറാകും. മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൈകോര്‍ത്തത് നാം കണ്ടതാണല്ലോ. കേരളത്തില്‍ മുസ്ലിംലീഗിനെകൂടി മറുകണ്ടം ചാടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. മുസ്ലീങ്ങളുടെ സംരക്ഷകര്‍ ഞങ്ങള്‍ മാത്രമാണെന്ന് ആ സമുദായത്തെ ബോധ്യപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ആന്ധ്രയിലും തെലുങ്കാനയിലും ബിഹാറിലുമെല്ലാം സഖ്യസാധ്യത തേടിക്കൊണ്ടിരിക്കുന്നു. ബംഗാളില്‍ ആജന്മശത്രുവായ മമതയുടെ തോളില്‍ കയ്യിടാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അവരുമായി രമ്യതയില്‍ പോകാന്‍ തയ്യാറാകുന്നു. ഇങ്ങനെ കൊണ്ടു പിടിച്ച ശ്രമത്തിലാണ് സിപിഎം. കുറച്ച് വാട്ടു പിടിക്കുക, പറ്റുമെങ്കില്‍ ഏതാനും എം.പിമാരെ ഒപ്പിച്ചെടുക്കുക, ദേശീയ രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ടുപോയ സ്ഥാനവും സ്വാധീനവും വീണ്ടെടുക്കുക, എങ്ങനെയും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുക ഇതൊക്കെയാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ചിന്ത. ഐഡിയോളജിയൊക്കെ പിന്നെ. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോള്‍ എന്ത് ഐഡിയോളജി, എന്ത് ആദര്‍ശം.

Related posts:

Leave a Reply

Your email address will not be published.