സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അധോലോക ബന്ധം: വി മുരളീധരന്‍
1 min readതിരുവനന്തപുരം: സിപിഎം കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ക്കെരെ ഉയര്‍ന്നു വരുന്ന അരോപണങ്ങള്‍, അവര്‍ അധോലോക സംഘങ്ങളെപ്പോലെയായെന്ന് തെളിയിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ‘കൈതോല പായിലെ’ കോടികളുടെ കടത്തും ‘കണ്ണിനടിയിലെ കറുപ്പ്’ മാറ്റാനുള്ള വ്യാജ ചികില്‍സയുമെല്ലാം ഇതാണ് വ്യക്തമാക്കുന്നത്. രണ്ട് പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ നാട്ടിലെ നിയമങ്ങള്‍ക്ക് അല്‍പം പോലും വില കല്‍പിക്കുന്നില്ല. ജി.ശക്തിധരന്‍ വളരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് വി. മുരളീധരന്‍ പറഞ്ഞു. കൈതോല പായയില്‍ പൊതിഞ്ഞ് എറണാകുളത്ത് നിന്ന് കോടികള്‍ കടത്തിയതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ ശക്തിധരന്‍ തയാറാവണം. ആധികാരികമായ വിവരങ്ങള്‍ സഹിതം പരാതി നല്‍കിയാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും.
മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനായിരുന്ന ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ എന്ത് കൊണ്ട് തയ്യാറാകുന്നില്ല എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ അന്വേഷണം നടത്തി വിവരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.