ആര്‍ഷോയെപ്പോലുള്ള ദൈവങ്ങള്‍; വിളിക്കുന്നിടത്തേക്ക് എല്ലാവരെയും വരുത്തും
1 min readഇനി സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ഇടിവെട്ടിപ്പോകും; ആര്‍ഷോ വിളയാട്ടം
കുറച്ചു ദൈവങ്ങളാണ് നമ്മുടെ പിണറായി ഭരണത്തില്‍ നാടുഭരിക്കുന്നത്. ചിലര്‍ക്ക് എവിടെയും അഴിമതി കാട്ടാം. ചിലര്‍ക്ക് എവിടെയും കയറി എന്ത് തോന്നിവാസവും കാണിക്കാം. ചിലര്‍ക്ക് ഡോക്ടറേറ്റ് കിട്ടും. ചിലര്‍ക്ക് പരീക്ഷയെഴുതാതെ പാസ്സാകാം. ചിലര്‍ക്ക് കോപ്പിയടിക്കാം. ആര്‍ഷോ എന്ന പേര് നിങ്ങള്‍ കേട്ടിട്ടില്ലേ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. ഘടക കക്ഷിയായ സി.പി.ഐ വിദ്യാര്‍ഥി സംഘടനയുടെ വനിതാ നേതാക്കളെ വരെ വിരട്ടുന്ന ആള്‍. ഇടയ്ക്കിടെ ജയിലില്‍ പോകും. പക്ഷേ പൊലീസുകാരൊക്കെ സാല്യൂട്ട് അടിക്കും. അതാണ് ആര്‍ഷോ.
ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ.ബി.അശോകിന്റെ ഓഫിസ് കാബിനിലേക്ക് അതിക്രമിച്ചുകയറി
എന്നതാണ് എസ്എഫ്‌ഐ നേതാവിനെതിരെയുളള പുതിയ പരാതി. കുറച്ചുകഴിഞ്ഞാല്‍ പരാതി ശൂന്യമായിപ്പോയേക്കാം.
ആര്‍ഷോ വന്നപ്പോള്‍ കേന്ദ്ര കാര്‍ഷികവകുപ്പ് ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു ബി.അശോക്. യോഗത്തിനുശേഷം കാണാമെന്നു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അശോക് അറിയിച്ചെങ്കിലും അത് വകവയ്ക്കാതെആര്‍ഷോയും ഒപ്പമുണ്ടായിരുന്നയാളും അശോകിന്റെ റൂമിലേക്ക് തള്ളിക്കയറുകയായിരുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ മുറിക്കുള്ളിലൂടെ അശോകിന്റെ ചേംബറില്‍ പ്രവേശിച്ച ആര്‍ഷോ ഓണ്‍ലൈന്‍ യോഗം തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഭാവിയില്‍ സന്ദര്‍ശക അനുമതി നല്‍കുകയാണെങ്കില്‍ ആര്‍ഷോയെ നിരീക്ഷിക്കണം എന്നും പരാതിയിലുണ്ട്. ബി.അശോകിന്റെ സി.എ ഡിനു നായരാണ് പരാതി നല്‍കിയത്.
അതിക്രമിച്ചുകയറി ഉദ്യോഗസ്ഥര്‍ക്കൊപ്പം കസേരയില്‍ ഇരുന്ന ആര്‍ഷോയും സുഹൃത്തും കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണി മുഴക്കിയെന്നും സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്കു ഡിനു നല്‍കിയ പരാതിയില്‍ പറയുന്നു.
വനിതാ ജീവനക്കാരോടും മറ്റ് ഉദ്യോഗസ്ഥരോടും ആര്‍ഷോ കയര്‍ത്തുസംസാരിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് ആര്‍ഷോയും സുഹൃത്തും പുറത്തിറങ്ങിയതത്രെ.
ബി.അശോകിനെ കാണണം എന്ന ആവശ്യവുമായി ബുധനാഴ്ച ഉച്ചയ്ക്ക് 3.15നാണ് ഇവര്‍ എത്തിയത്. ഇവര്‍ വന്ന വിവരം ഡിനു നായര്‍ ബി. അശോകിനെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി രണ്ടു യോഗങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും വൈകിട്ട് 5 നു കാണാം എന്നും ഡിനു മുഖേന അശോക് അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു ഇവര്‍ ജീവനക്കാരോട് തട്ടിക്കയറുയും ബഹളമുണ്ടാക്കുകയും ചെയ്തത്.
‘വിളിക്കുന്നിടത്തേക്ക് എല്ലാവരെയും വരുത്തും എന്ന്’ ആര്‍ഷോ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അതേസമയം, ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ചീഫ് സെക്യൂരിറ്റി ഓഫിസര്‍ എം.സിറാജുദ്ദീന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നുമാണ് ആര്‍ഷോ പറയുന്നത്.
‘അതിക്രമിച്ചു കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുമായി സംസാരിക്കാനാണു സെക്രട്ടേറിയറ്റില്‍ പോയത്. അദ്ദേഹവുമായി സംസാരിച്ച ശേഷം മടങ്ങിയെന്നും ഇവര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ സെക്രട്ടേറിയറ്റിലെ സി.സി.ട.ിവി കളെല്ലാംഇതിനകം ഇടിമിന്നലേറ്റുകാണുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വര്‍ണക്കള്ളക്കടത്തുകാലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് സംഭവിച്ച ദുര്‍ഗതി ഈ ദൃശ്യങ്ങള്‍ക്കുമുണ്ടാകും. വീരവാദങ്ങളെല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞ ആര്‍ഷോ ഇത് അശോകിനോട് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞേനെ, നീയൊക്കെ നിക്കറിട്ട് നടക്കുന്ന സമയത്ത് കാര്‍ഷിക സര്‍വകലാശാലയില്‍ ഞാനും എസ്.എഫ്.ഐ ഒക്കെ കളിച്ചുനടന്നതാ
എന്ന്.