കൊടികുത്തി സ്ഥാപനം പൂട്ടിക്കുന്നതോ കമ്മ്യൂണിസം?
1 min readമുതലാളിയെ കുത്തുപാളയെടുപ്പിച്ചേ അടങ്ങൂ എന്ന് സിഐടിയു
സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് കയറ്റിറക്ക് ജോലികൾ ചെയ്യുന്ന സ്വകാര്യസ്ഥാപനത്തിനു മുന്നിൽ സിഐടിയുവിന്റെ കൊടികുത്ത് സമരം. കോട്ടയം കുമരനെല്ലൂരിൽ പ്രവർത്തിക്കുന്ന ഉറുമ്പിൽ ഹാർഡ് വെയറിന് മുന്നിലാണ് സിഐടിയു കൊടികുത്തി സമരം ആരംഭിച്ചിരിക്കുന്നത്. ആ പ്രദേശത്തെ സിഐടിയുക്കാരാണ് സമരം ചെയ്യുന്നത്. സ്വന്തമായി ജീവനക്കാരെ നിയമിച്ചാണ് സ്ഥാപനം കയറ്റിറക്ക് ജോലികൾ ചെയ്യുന്നത്. അതിന് അനുവദിക്കില്ലെന്നും കയറ്റിറക്ക് ജോലി തങ്ങൾക്കുതന്നെ വേണമെന്നും ആവശ്യപ്പെട്ടാണ് സിഐടിയു സമരം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ചരക്കു ലോറി സിഐടിയുക്കാർ തടഞ്ഞിരുന്നു. ചരക്കിറക്കാൻ അവർ സമ്മതിച്ചില്ല. സ്വന്തം ജീവനക്കാരുണ്ടെങ്കിൽ അവരെ ഉപയോഗിച്ച് കയറ്റിറക്ക് ജോലികൾ ചെയ്യാമെന്നും അതിന് പൊലീസ് സംരക്ഷണം നൽകണമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി വിധിയൊക്കെ അങ്ങനെ കിടക്കും, പല വിധികളും ഞങ്ങൾ കണ്ടിട്ടുണ്ട് എന്നാണ്് സിഐടിയുക്കാരുടെ വാദം. റോസമ്മ സ്കറിയ എന്ന സ്ത്രീയാണ് സ്ഥാപനത്തിന്റെ ഉടമ. ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ പൊലീസ് സംരക്ഷണയിലാണ് ഇപ്പോൾ സ്ഥാപനം നടത്തുന്നത്.
കുറഞ്ഞ ചെലവിൽ സാധനങ്ങൾ നൽകുക എന്നതാണ് റോസമ്മയുടെ ലക്ഷ്യം. അതിന് ക്രെയിൻ ഉപയോഗിച്ച് കയറ്റിറക്ക് നടത്തിയാലേ സാധിക്കൂ. വാഹനപാർക്കിംഗ് എാരിയ കയ്യേറിയാണ് സമരം. ന്യായമായ ആവശ്യം മാത്രമേ ഞങ്ങൾ ചോദിക്കുന്നുള്ളൂ എന്നാണ് സിപിഎം ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീമോൻ പറയുന്നത്.
സംഘടനയുടെ പേരു പറഞ്ഞ് വ്യവസായ സ്ഥാപനങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും മുച്ചൂടും മുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണെന്ന് തോന്നുന്നു സിപിഎമ്മും സിഐടിയുവും. കോടതിവിധികൾക്ക് പുല്ലുവിലയാണിവർക്ക്. തിരുവാർപ്പിലെ ബസ് ഉടമയുടെ അവസ്ഥ നാം കണ്ടതാണല്ലോ. ഉടമ കുത്തുപാളയെടുത്താലും വേണ്ടില്ല, ഞങ്ങൾക്ക് കൃത്യമായി പണം കിട്ടിയാൽ മതി എന്നതാണ് അവരുടെ നിലപാട്. തന്മൂലം കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആളുകൾ മടിക്കുന്നു.