തോമസ് ചാഴിക്കാടനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഫാസിസ്റ്റ് രീതി: കെ.സുരേന്ദ്രന്
1 min readതിരുവനന്തപുരം: സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവായ തോമസ് ചാഴിക്കാടനെ നവകേരള സദസിനിടെ മുഖ്യമന്ത്രി അപമാനിച്ചത് അദ്ദേഹത്തിന്റെ ഫാസിസ്റ്റ് സമീപനത്തിന് തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇത്രയും അസഹിഷ്ണുത പുലര്‍ത്തുന്ന ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ചാഴിക്കാടന് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് മനസിലാവാത്തത് ഞെട്ടിക്കുന്നതാണ്. 38 പാര്‍ട്ടികളുള്ള എന്‍ഡിഎയില്‍ പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷനും മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ബഹുമാനത്തോടെയാണ് എല്ലാ ഘടകകക്ഷി നേതാക്കളോടും പെരുമാറുന്നത്. എന്നാല്‍ പിണറായി വിജയന് മുന്നണി മര്യാദകളൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ മനസിലാവുന്നത്. കേരള കോണ്‍ഗ്രസിനെ പോലെ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയുടെ നേതാവിനെ പരസ്യമായി അപമാനിക്കുന്നത് അദ്ദേഹത്തിന്റെ ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ തെളിവാണ്. സ്വന്തം മുന്നണിയിലെ നേതാക്കളെ പോലും പരസ്യമായി അവഹേളിക്കുന്ന മുഖ്യമന്ത്രി ഗവര്‍ണറോട് ഇത്തരത്തില്‍ പെരുമാറുന്നതില്‍ അത്ഭുതമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
തോമസ് ചാഴിക്കാടന് ഉയര്‍ത്തിയ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍ റബറിന് 250 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന് ഇപ്പോള്‍ റബര്‍ എന്ന് കേള്‍ക്കുന്നതേ കലിയായിരിക്കുകയാണ്. നവകേരള സദസ് ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ളതാണെന്നാണ് തുടക്കത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. റബര്‍ വിലതകര്ച്ച കേരളത്തിലെ വലിയൊരു വിഭാഗം കര്‍ഷകരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്. എന്നാല്‍ മുഖ്യമന്ത്രി ഇതിനെ അവഗണിക്കുകയാണ്. പരാതി എന്നൊന്ന് വേണ്ടായെന്നും നിവേദനം മാത്രം മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരപരമാണ്. ജനങ്ങളുടെ യജമാനനാണ് താനെന്ന ഭാവമാണ് മുഖ്യമന്ത്രിക്കുള്ളത്. ജനസേവകനാണ് താനെന്ന് പലപ്പോഴും അദ്ദേഹം മറന്നു പോവുകയാണ്. പാലയില്‍ നവകേരള സദസില്‍ റബര്‍ വിലതകര്‍ച്ചയല്ലാതെ മറ്റെന്താണ് ചാഴിക്കാടന് പറയാനുള്ളതെന്നും കെ.സുരേന്ദ്രന് ചോദിച്ചു.