രാമതരംഗത്തില്‍ ബി.ജെ.പി ക്ക് 400 സീറ്റ് നേടാനാവുമോ?

1 min read

വേണമെങ്കില്‍ ബി.ജെ.പിക്ക് 400 സീറ്റ് പിടിക്കാം

രാജ്യം മുഴുവന്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുന്നു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയെന്നര്‍ഥം. പ്രതിപക്ഷ സഖ്യത്തിന് ഇതുവരെ ഒരോറ്റ യൂണിറ്റായി പ്രവര്‍ത്തിക്കാനായിട്ടില്ല. അവരുടെ ആന്തരിക വൈരുദ്ധ്യം നിലനില്‍ക്കുന്നു. എടുത്തുപറയത്തക്ക തിരഞ്ഞെടുപ്പ് വിഷയങ്ങളും അവരുടെ മുന്നിലില്ല. അതേ സമയം സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുകയും ചെയ്യുന്നു. മറുഭാഗത്ത് ബി.ജെ.പിക്ക് നല്ല ആത്മവിശ്വാസമുണ്ട്. എന്നാല്‍ അമിതമായ ആത്മവിശ്വസമില്ല. ഒരിക്കലും ഒരു 2004 ആവര്‍ത്തിക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുമില്ല. ഭരണ രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ ബി.ജെ.പിക്ക് എടുത്തു കാണിക്കാന്‍ കഴിയും. വാഗ്ദാനങ്ങളൊക്കെ പാലിച്ചു എന്നു പറയാം. എന്നാലും പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സ്വാഭാവികമായും ഒരു ഭരണ വിരുദ്ധ വികാരം ഉയര്‍ന്നുവരാം. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയാണ് സാധാരണ ഗതിയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നുവരേണ്ടത്.

ഭരണഘടനയിലെ 370ാം വകുപ്പ് നീക്കം ചെയ്യല്‍, രാമക്ഷേത്ര നിര്‍മ്മാണം എന്നതൊക്കെ കാലാകാലങ്ങളായി ബി.ജെ.പി അജന്‍ഡയിലുള്ളതാണ്. അതെല്ലാം നടപ്പിലാക്കി എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച്്് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെ രാജ്യത്തെങ്ങും ഒരു രാമതരംഗം ആഞ്ഞുവീശുകയാണ്. അത് തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുമെന്നുറപ്പാണ്.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 400 സീറ്റ് കിട്ടുമോ. അതാണ് ഇപ്പോഴുയരുന്ന മില്യന്‍ഡോളര്‍ ക്വസ്‌റ്റ്യെന്‍. ഇത് നേടിയാല്‍ ബി.ജെ.പിക്ക് ഭരണം കുറച്ചൂകൂടി എളുപ്പമായിരിക്കും. രാമക്ഷേത്രം ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മാത്രമല്ല ആവേശം നല്‍കുന്നത്. സാധാരണക്കാര്‍ക്കുമുണ്ട്. അതോടൊപ്പം എതിരാളികളും ബി.ജെ.പി അസാദ്ധ്യമായതൊക്കെ സാധിക്കുന്നു എന്നു ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 400 സീറ്റും 50 ശതമാനം വോട്ടും ബി.ജെ.പിക്ക് എളുപ്പമല്ലെങ്കിലും അസാദ്ധ്യമല്ല.

കോണ്‍ഗ്ര്‌സിന് അതിന്റെ പ്രതാപ കാലത്തുപോലും 400 സീറ്റും 50 ശതമാനം വോട്ടും നേടാന്‍ കഴിഞ്ഞിട്ടില്ല. 1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സീറ്റ് 400 കടന്നിരുന്നു. അന്ന് ബി.ജെ.പിക്ക് കിട്ടിയത് കേവലം രണ്ട് സീറ്റാണ്. ഒന്ന് ഗുജറാത്തിലും ഒന്ന് ആന്ധ്രപ്രദേശിലും. വാജ്‌പേയി വരെ അന്ന് തിരഞ്ഞെടുപ്പില്‍ തോറ്റു. അന്ന് 48.1 ശതമാനം വോട്ടും കോണ്‍ഗ്രസിന് കിട്ടിയിരുന്നു.

ഇത് ബി.ജെ.പിക്കും സാധിക്കും. കാരണം എതിരാളികള്‍ പറയുന്നതുപോലെ കേവലം വടക്കേ ഇന്ത്യന്‍ പാര്‍ട്ടിയല്ല ബി.ജെ.പി ഇന്ന്. കഴിഞ്ഞ തവണ 303 സീറ്റാണ് ബി.ജെ.പിക്ക കിട്ടിയത്. അതില്‍ 223 സീറ്റും കിട്ടിയത് എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. വടക്കേ ഇന്ത്യയിലുള്ള മൂന്ന് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശിലെ 80ല്‍ 62, മദ്ധ്യപ്രദേശിലെ 29ല്‍ 28, രാജസ്ഥാനില്‍ 25ല്‍ 24, പടിഞ്ഞാറുള്ള രണ്ട് സംസ്ഥാനങ്ങള്‍ ഗുജറാത്തില്‍ 26ല്‍ 26 മഹാരാഷ്ട്രയില്‍ 48ല്‍ 23 കിഴക്കുള്ള രണ്ട് സംസ്ഥാനങ്ങള്‍ ബംഗാളില്‍ 42ല്‍ 18 ബിഹാറിലെ 40ല്‍ 17, തെക്ക് കര്‍ണാടകത്തില്‍ 28ല്‍ 25 സീറ്റ് എന്നിങ്ങനെയാണ് ബി.ജെ.പി നേടിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 സീറ്റില്‍ 14ഉം ബി.ജെ.പി നേടിയിരുന്നു.

ഉത്തര്‍പ്രദേശില്‍ എസ്.പി., ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യം ഇപ്പോള്‍ ദുര്‍ബലമാണ്. മായാവതി സഖ്യത്തിലില്ല. എട്ടുമുതല്‍ 12 സീറ്റുവരെ ബി.ജെ.പിക്ക് യു.പിയില്‍ നിന്ന് അധികം പിടിക്കാം. ബിഹാറില്‍ ജെ.ഡി.യുവുമായുള്ള സഖ്യം മൂലം കുറച്ചുസീറ്റിലേ ബി.ജെ.പിക്ക് മത്സരിക്കാന്‍ സാധിച്ചുള്ളൂ. മത്സരിച്ച 17 സീറ്റിലും ജയിക്കുകയും ചെയ്തു. ഇത്തവണ അഞ്ച് മുതല്‍ 7 സീറ്റവരെ അധികം കിട്ടാം. സഖ്യകക്ഷികള്‍ വിട്ടുപോയതുകാരണം പഞ്ചാബ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങില്‍ കൂടുതല്‍ സീറ്റില്‍ ബി.ജെ.പി മത്സരിക്കും. 2019ല്‍ ബി.ജെ.പി 435 സീറ്റിലാണ് മത്സരിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 475- 500 സീറ്റ് വരെയാകും.

തെക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യവും ഇതിന് സഹായകമാണ്. ജെ.ഡി.എസുമായുള്ള സഖ്യം മൂലം കര്‍ണാടകത്തില്‍ 24 സീറ്റിലേ മത്സരിക്കാന്‍ കഴിയുകയുള്ളു. നിലവിലെ സീറ്റില്‍ നിന്ന് ഒരു സീറ്റേ കുറയുകയുളളു. തമിഴ്‌നാട്, കേരളം, എന്നിവിടങ്ങളില്‍ നിന്നായി ബി.ജെ.പിക്ക് സീറ്റ് കിട്ടുമെന്നാണ് വിശ്വാസം.

72 സീറ്റിലാണ് 2019ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നത്. അസം-1, ചത്തിസ്ഗഡ്-2, ഗോവ-1, ഢാര്‍ഖണ്ഡ്-2, കര്‍ണാടക-2, മണിപ്പൂര്‍-1, കേരള-1, മഹാരാഷ്ട്ര-2, മദ്ധ്യപ്രദേശ്-1, ഒഡിഷ-11, പഞ്ചാബ്-1, തമിഴ്‌നാട്-5, തെലങ്കാന-2, യു.പി-16, കേന്ദ്രഭരണ പ്രദേശങ്ങള്‍-2, ബംഗാള്‍-22 എന്നിവയാണത്. ഇതില്‍ 17 സീറ്റിലും അഞ്ച് ശതമാനത്തില്‍ താഴെ വോട്ടിനാണ് ബി.ജെ.പി തോറ്റത്. 15സീറ്റില്‍ 45,000 വോട്ടിന് താഴെയും. 5 ശതമാനം വോട്ട് അധികം കിട്ടിയാല്‍ 38 സീറ്റ് കൂടി കിട്ടും. നിലവിലെ 303ന്റെ കൂടെ 38 സീറ്റ് കൂട്ടുമ്പോള്‍ തന്നെ അത് 341 ആകും.

ഒഡിഷയില്‍ വോട്ടര്‍മാര്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജു ജനതാ ദളിന് വോട്ട് ചെയ്താലും പാര്‍ലമെന്റ് തിരഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാനാണ് സാദ്ധ്യത. ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് തൃണമൂലിന് കിട്ടുന്ന കുറെ ന്യൂനപക്ഷ വോട്ട് പിടിച്ചാല്‍ ബി.ജെ.പിക്ക സീറ്റ് വര്‍ദ്ധിപ്പിക്കാം. അതേസമയം ഈ രണ്ടു പാര്‍ട്ടികളും തൃണമൂലിന്റെ കൂടെ നിന്നാലും ധ്രുവീകരണം ബി.ജെ.പിക്ക്അനുകൂലമാകാനാണ് സാദ്ധ്യത. പല സംസ്ഥാനങ്ങളിലുമായി കൂടുതല്‍ ഘടകകക്ഷികള്‍ ബി.ജെ.പിയോട് കൂടാനുള്ള സാദ്ധ്യത ഇപ്പോഴുണ്ട്. ബി.ജെ.പി മുന്നണിക്ക് 400 സീറ്റ് എന്നത് അമിത പ്രതീക്ഷയാണെന്ന് തോന്നാമെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അതൊരിക്കലും അസംഭവ്യമല്ല.

Related posts:

Leave a Reply

Your email address will not be published.