കൂടുതല്‍ പ്രതിപക്ഷനേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി
1 min readതിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കുടുതല്‍ പ്രതിപക്ഷ പ്രമുഖര്‍ ബി.ജെ.പിയിലേക്ക്
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. രാഷ്ട്രീയ നേതാക്കള്‍ക്കൊന്നും ഇനി വിശ്രമമില്ല. 22ന് അയോദ്ധ്യയില്‍ രാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുകയാണ്. രാജ്യമെമ്പാടും അതിന്റെ പ്രകമ്പനങ്ങളാണ്. എങ്ങും രാമഭക്തി അലയടിക്കുന്നു. വളരെ കൃത്യതയോടെയാണ് ഭരണകക്ഷിയായ ബി.ജെ.പി ഈ അവസരം ഉപയോഗിക്കുന്നത്. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ ശുചീകരണം നടക്കുന്നു. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ഇന്ത്യയിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും എത്തുന്നു. പലയിടത്തും ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രത്യേകിച്ച് കൃസ്ത്യന്‍ വിഭാഗങ്ങളും തങ്ങളുടെ വീട്ടിലേക്ക് അക്ഷതം ചോദിച്ചു വാങ്ങുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ പോലും രാമനാമം ചൊല്ലുന്നു. മതത്തിനും ജാതിക്കും അതീതമായി ഒരു രാമതരംഗം എങ്ങും ദര്‍ശിക്കാം.
രാഷ്ട്രീയ നേതാക്കള്‍ക്കും ഈ ട്രെന്‍ഡ് മനസ്സിലായിക്കഴിഞ്ഞു. ഒഴുക്കിനെതിരെ നീന്താനാരും തയ്യാറാവില്ല. ഒഴുക്കെങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ആരും പ്രാണപ്രതിഷ്ഠയെ തള്ളിപ്പറയുന്നില്ല. നേരത്തെ രാമജന്മഭൂമി എന്നുപറയുന്നതിന് പകരം ബാബറി മസ്ജിദ് എന്നുപറഞ്ഞവര്‍ ആ പേര് പോലും ഇപ്പോള്‍ ഉച്ചരിക്കുന്നില്ല. കേരളത്തിലെ മു്സ്ലിംലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പോലും അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് തങ്ങള്‍ എതിരല്ലെന്ന് പറയുന്നു. ഈ തരംഗം അടുത്ത തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിനും ഇത് അഗ്‌നിപരീക്ഷണമാണ്. ഒരു പക്ഷേ ജനുവരി 22 ന് അവര്‍ പലയിടത്തും തങ്ങളുടതോയ ബദല്‍ പ്രാണപ്രതിഷ്ഠകളോ പൂജകളോ നടത്തിക്കൂടായ്കയില്ല.
രാമനെ ആരും ഇപ്പോള്‍ എതിര്‍ക്കുന്നില്ല. ബാബറി മസ്ജിദിന് മുകളില്‍ ഈച്ച പോലും പറക്കില്ല എന്നു പറഞ്ഞ മുലായം സിംഗ് യാദവ് ഇപ്പോഴില്ലെങ്കിലും മകനും മുന്‍ യു.പി. മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, വിളിച്ചാല്‍ താന്‍ പ്രാണപ്രതിഷ്ഠയ്ക്കു പോകുമെന്ന നിലപാടിലാണ്. സമസ്തിപൂരില്‍ എല്‍.കെ.അഡ്വാനിയെ അറസ്റ്റ് ചെയ്ത മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ആകെട്ട രാമനെതിരെ ഒരക്ഷരം പറയുന്നില്ല. ഇത് പ്രതിപക്ഷത്തിനും അറിയാം. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പ്രതിപകക്ഷം നല്ല മൂഡിലായിരുന്നു. ഒന്നു ഫൈറ്റ് ചെയ്യാമെന്ന മനോഭാവത്തില്‍. എന്നാല്‍ ഇപ്പോള്‍ അവരുടെ ആത്മവിശ്വാസം പോയി. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ് തിരഞ്ഞെടുപ്പ് ഫലമാണ് ഒരു കാരണം. പിന്നെ പ്രതിപക്ഷത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളും. കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന് മേധാവിത്തമുള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങിലും ബിഹാറിലും ബംഗാളിലുമാണ്. മഹാരാഷ്ട്ര എന്നോ ബി.ജെ.പി പ്രതിപക്ഷത്തെ മറികടന്നു. ബിഹാറിലും മറികടക്കാമെന്നാണവരുടെ പ്രതീക്ഷ. ജെ.ഡി.എസ് കൂടി വന്നതോടെ കര്‍ണാടകയും ബി.ജെ.പിക്ക് തൂത്തുവാരാം. ഇനി ശക്തമായ മത്സരം നടക്കുക ബംഗാളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പഞ്ചാബിലും മാത്രം.
ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ കോട്ടകളില്‍ നേരിട്ട് ഇടിച്ചുകയറുകയാണ്. ഇത് പ്രതിപക്ഷത്തിന് പരിഭ്രാന്തി വളര്‍ത്തിയിട്ടുണ്ട്. മോദി ജനങ്ങളിലേക്കിറങ്ങുമ്പോള്‍ പ്രതിപക്ഷത്തെ കുറെ പ്രമുഖരെ വലിവിരിക്കുകയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും ആണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ബി.എല്‍.സന്തോഷ്, വിനോദ് താവഡെ കേന്ദ്ര മന്ത്രി ഭൂപിന്ദര്‍സിംഗ യാദവ്, അസം മുഖ്യമന്ത്രി ഹിമന്തബിശ്വാസ് ശര്‍മ്മ എന്നിവരൊക്കെ ഒരുമിച്ചിരുന്ന് ഏത് പ്രതിപക്ഷ പ്രമുഖരെ വലവീശണം എന്നാലോചിക്കുകയാണ്. പലരും ബി.ജെ.പിയെ ഇങ്ങോട്ട് സമീപിക്കുന്നുണ്ട്. പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസിനുംപ്രതിപക്ഷ സഖ്യത്തിനും മാനസിക ആഘാതം നല്‍കുകയാണ് ബി.ജെ.പി ചെയ്യുന്നത്. മണിപ്പൂരില്‍ രാഹുല്‍ ജാഥ തുടങ്ങുന്ന ദിവസം നോക്കിയാണ് മുംബയിലെ കരുത്തനും രാഹുല്‍ ബ്രിഗേഡ് അംഗവുമായ മിലിന്ദ് ദേവറയെ ബി.ജെ.പി പാളയത്തിലേക്ക കൊണ്ടുവന്നത്. രാഹുല്‍ ബ്രിഗേഡിലെ ആര്‍.പി.എന്‍ സിംഗ്, ജിതിന്‍ പ്രസാദ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരൊക്കെ നേരത്തെ ബി.ജെ.പി വലയില്‍ വീഴ്ത്തിക്കഴിഞ്ഞിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നു വന്ന ഒട്ടേറെ പ്രമുഖര്‍ ഇന്ന് ബി.ജെ.പിയുടെ മുന്‍നിര ടീമിന്റെ ഭാഗമായി കഴിഞ്ഞു. അസമില്‍ നിന്ന് ഹിമന്തബിശ്വാസ് ശര്‍മ്മ, ബംഗാളില്‍ സുവേന്ദുഅധികാരി, പഞ്ചാബില്‍ അമരീന്ദര്‍സിംഗ്, മഹാരാഷ്ടയില്‍ നാരായണ്‍ റാണെ, മണിപ്പൂരില്‍ ബിരേന്‍സിംഗ്, ആന്ധ്രയില്‍ കിരണ്‍ റെഡ്ഡി, ഗോവയില്‍ ദിഗംബര്‍ കാമത്ത് തുടങ്ങിയവരൊക്കെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയില്‍ എത്തിയവരാണ്.
ജനസ്വാധീവും കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിലാക്കാനുള്ള പ്രാപ്തിയും ഉള്ളവരെയ മാത്രമാണ് ബി.ജെ.പി കൂടെ കൊണ്ടുവരുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കൂടുതല്‍ നേതാക്കളെ പ്രത്യേകിച്ച രാഹുലിനോട് ചുറ്റിപ്പറ്റി നില്‍ക്കുന്നവരെ ആകര്‍ഷിക്കാനാണ് ബി.ജെ.പി ശ്രമം. രാഹുലിനെ നിരായുധനാക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം. ചിലരെ സെറ്റ് ആക്കി കഴിഞ്ഞാലും യോജിച്ച സമയം നോക്കിയെ വിവരം പുറത്തുവിടൂ.