മഹാരാഷ്ട്ര പഞ്ചായത്തുകളില്‍ ബി.ജെ.പി മുന്നേറ്റം

1 min read

ബാരാമതി പോയി, ശരദ് പവാറിനും ഉദ്ധവിനും കോണ്‍ഗ്രസിനും തിരിച്ചടി

മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന് വന്‍ജയം. ആകെ തിരഞ്ഞെടുപ്പ് നടന്ന 2359 ഗ്രാമപഞ്ചായത്തുകളില്‍ 1486 എണ്ണത്തിലും ബി.ജെ.പി സഖ്യം വിജയിച്ചു. ബി.ജെ.പിക്ക് മാത്രം 778 ഗ്രാമപഞ്ചായത്തുകള്‍ ലഭിച്ചു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിക്ക് 407ഉം ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 301 ഉം സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 287ഉം ശരദ്പവാറിന്റെ എന്‍.സി.പിക്ക് 144ഉം ഉദ്ദവ് താക്കറെയുടെ ശിവസേനയ്ക്ക് 115 ഉം ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് ലഭിച്ചത്.

കോണ്‍ഗ്രസ്- ശരദ്പവാര്‍- ഉദ്ദവ് താക്കറെ സഖ്യമായ മഹാരാഷ്ട്ര വികാസ് അഘാദിക്ക് ആകെ കിട്ടിയതിനെക്കാള്‍ ഇരട്ടി ഗ്രാമപഞ്ചായത്തുകള്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് കിട്ടിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസ് പറഞ്ഞു. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറിനാണ്. പവാറിന്റെ ശക്തികേന്ദ്രമായ ബാരാമതിയിലെ ഗ്രാമപഞ്ചായത്തുകളെല്ലാം അജിത് പവാറിന്റെ എന്‍.സി.പി തൂത്തുവാരി.

ജൂലായ് മാസത്തിലാണ് പവാറിന്റെ മരുമകനും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ ഭൂരിപക്ഷം പാര്‍ട്ടി എം.എല്‍.എ മാരൊപ്പം ബി.ജെ.പി സഖ്യ മന്ത്രിസഭയില്‍ ചേര്‍ന്നത്. ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. പുനെ ജില്ലയിലെ ബാരാമതി താലൂക്കാണ് പവാറിന്റെ ശക്തികേന്ദ്രം. അവിടെ 30 ഗ്രാമപഞ്ചായത്തുകളില്‍ 28ഉം അജിത് പവാറിന്‍െ എന്‍.സി.പി നേടി. രണ്ടെണ്ണം ബി.ജെ.പിയും. ഈ മേഖലയില്‍ കടന്നുകയറാന്‍ കുറേ നാളായി ശ്രമിക്കുന്ന ബി.ജെ.പിക്കും ഈ വിജയം ആത്മവിശ്വാസം നല്‍കുന്നു. ആദ്യമായാണ് രണ്ടു സാര്‍പാഞ്ചുമാരെ ഈ മേഖലയില്‍ വിജയിപ്പിക്കാന്‍ ബി.ജെ.പിക്കായത്.

കഴിഞ്ഞ 50 വര്‍ഷമായി ബാരാമതി കൈവശം വച്ച പവാര്‍ 50 വര്‍ഷത്തിനുള്ളില്‍ നടന്ന 14 തിരഞ്ഞെടുപ്പുകളില്‍ 13ലും ബാരമതിയില്‍ നിന്നാണ് വിജയിച്ചത്. 2009ലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാത്രം മകള്‍ സുപ്രിയ സുലേയ്ക്ക് മത്സരിക്കാനായി അദ്ദേഹം മാധയിലേക്ക് മാറുകയായിരുന്നു. പിന്നീട് സുപ്രിയയാണ് ഇവിടെ നിന്ന് ജയിച്ചുവരുന്നത്. 1991ല്‍ അജിത് പവാര്‍ ലോകസഭയിലേക്ക് ജയിച്ചെങ്കിലും ആവര്‍ഷം തന്നെ ശരദ്പവാറിനായി സീറ്റൊഴിഞ്ഞു കൊടുത്തു.

അജിത് പവാര്‍ പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് മത്സരിച്ചത്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് 15 വര്‍ഷത്തെ കോണ്‍ഗ്രസ് എന്‍സി.പി ഭരണത്തെ തൂത്തെറിഞ്ഞ് മഹാരാഷ്ട്രയില്‍ ഭരണം പിടിച്ചെടുത്തത്. അന്ന് ആകെയുള്ള 288 സീറ്റില്‍ ബി.ജെ.പി മാത്രം 122 സീറ്റ് നേടിയിട്ടും ബാരാമതി തൊടാനായിരുന്നില്ല.

2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബാരാമതി സീറ്റ് ബി.ജെ.പി സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷയ്ക്കാണ് നല്‍കിയത്. അന്ന് അവരുടെ സ്ഥാനാര്‍ത്ഥി മഹാദേവ ജാന്‍കര്‍ സുപ്രിയ സുലേയോട് തോറ്റത് 70,000 വോട്ടിനാണ്. ഇതുവരെയുളളതില്‍ ഏറ്റവുംകുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്.

മറ്റൊരു തിരിച്ചടി നേരിട്ടത് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കാണ്. ഏകനാഥ് ഷിന്‍ഡേ വിട്ടുപോയി ബി.ജെ.പിയുമായി ചേര്‍ന്ന് ഭര
ണം തുടങ്ങിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പാണിത്. എം.എല്‍.എമാര്‍ കൂടുതലും അപ്പുറത്താണെങ്കിലും അണികള്‍ തങ്ങളുടെ കൂടെയാണെന്നായിരുന്നു ഉദ്ദവ് പറഞ്ഞിരുന്നത്. എന്നാല്‍ ജനം ഏകനാഥ് ഷിന്‍ഡേയുടെ കൂടെയാണെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് തെളിയിച്ചു. ശിവസേന, എന്‍സി.പി എന്നിവയുടെ വിഘടിത ഗ്രൂപ്പുകളുമായി ചേര്‍ന്ന മത്സരിച്ച കോണ്‍ഗ്രസിനും നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ല.

Related posts:

Leave a Reply

Your email address will not be published.