ബിഹാര്‍ : നിതീഷിന്റെ മാറ്റം മോദിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്
1 min read
The Prime Minister, Shri Narendra Modi being received by the Governor of Bihar, Shri Satya Pal Malik and the Chief Minister of Bihar, Shri Nitish Kumar, on his arrival, at Patna, Bihar on April 10, 2018.
നിതീഷ് : മാദ്ധ്യമങ്ങള്‍ കാണാത്ത വസ്തുതകള്‍
ബിഹാറിലെ രാഷ്ട്രീയമായിരുന്നു കുറച്ചു ദിവസങ്ങള്‍ പത്രങ്ങള്‍ ആഘോഷിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര് രാവിലെ രാജികൊടുത്ത് വൈകുന്നേരം ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായപ്പോള്‍ പത്രങ്ങള്‍ ഊന്നല്‍ കൊടുത്തത് നിതീഷീന്റെ കൂറുമാറ്റത്തിതനായിരുന്നു. ആയാറാം ഗയാറാം വിളികളൊക്കെ കാര്യമായി വന്നു. മലയാള പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നിതീഷ് നിരവധി തവണ കളം മാറ്റിയതിന്റെ കണക്കുകളുമായാണ് നിറഞ്ഞാടിയത്. നിതീഷിന്റെ കളം മാറ്റമുണ്ടാക്കുന്ന രാഷ്ട്രീയ മാറ്റം ആരും കാര്യമായി ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ ശ്രദ്ധ കൊടുത്തില്ല. നേരത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷമാണ് നിതീഷ് എന്‍.ഡി.എയില്‍ നിന്ന് തെറ്റി മഹാഗഡ് ബന്ധന്‍ രൂപീകരിച്ചത്. അന്ന് മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചത് ബിഹാറിലെ ഭരണമാറ്റത്തെയായിരുന്നു. അതിലെ കേന്ദ്രബിന്ദു എന്‍.ഡി.എയ്ക്ക് ഒരു സംസ്ഥാനം നഷ്ടമായി എന്നതായിരുന്നു. ചിലര്‍ മോദി ഭരണത്തിന് ഒരു തിരിച്ചടി എന്നും എഴുതി. . പ്രതിപക്ഷത്തിന് ഒരു സംസ്ഥാനം കൂടി കിട്ടി എന്നതായിരുന്നു അന്ന് എല്ലാവരും ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടികള്‍ ബി.ജെ.പി മുന്നണി വിട്ടകലുന്ന കാലമായിരുന്നു അത്. അകാലിദളായിരുന്നു ഒന്ന്. കുറച്ച് മുമ്പാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് ശിവസേന മഹാരാഷ്ട്രയില്‍ മന്ത്രിസഭയുണ്ടാക്കിയത്. അന്ന് ബി.ജെ.പിയുടെ നിലപാട് ഇനി നിതീഷ് വന്നാലും തിരിച്ചെടുക്കേണ്ട എന്നായിരുന്നു. ഒരു പരിധിവരെ സുചിന്തിതമായ തീരുമാനം. അതോടൊപ്പം പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള എല്ലാ തന്ത്രങ്ങളും ബി.ജെ.പി പടിപടിയായി ആവിഷ്‌കരിച്ചു. ജിതിന്‍ റാം മാഞ്ചി , രാംവിലാസ് പസ്വാന്റെ സഹോദരനും മകനും നേതൃത്വം നല്‍കുന്ന രണ്ട് എല്‍.ജെ.പികളും കൂടി ചേര്‍ത്ത്് മഹാഗഡ്ബന്ധനെ തോല്‍പ്പിക്കാനുള്ള ശക്തി ബി.ജെ.പി സംഭരിച്ചിരുന്നു.
2019ല്‍ ബിഹാറിലെ 40 സീറ്റില്‍ ബി.ജെ.പിക്ക് കിട്ടിയത് 17 സീറ്റ്. ബാക്കി സീറ്റുകളെല്ലാം കിട്ടിയത് എന്‍.ഡി.എ യിലെ ഘടകക്ഷികളായ ജെ.ഡി.യു എല്‍.ജെ.പി എന്നിവര്‍ക്കും. ഇപ്പോള്‍ ബി.ജെ.പി നടത്തിയ സര്‍വേയില്‍ നിതീഷ്, ലാലു, കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് ബി.ജെ.പിക്ക് 23 മുതല്‍ 25 സീറ്റ് വരെ കിട്ടാമെന്നായിരുന്നു കണക്കൂകൂട്ടല്‍ . സഖ്യകക്ഷികളുടെ സീറ്റ് വേറെയും.
എന്നാല്‍ നാടകീയമായാണ് നിതീഷ് ബി.ജെ.പി പക്ഷത്തേക്ക് വരുന്നത്. നീതീഷിനെ സംബന്ധിച്ചിടത്തോളം മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നു. പല തവണ മുഖ്യമന്ത്രിയായ നിതീഷിന് കണ്ണ് പ്രധാനമന്ത്രി പദത്തിലായിരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതോടെയാണ് പ്രതിപക്ഷ നിരയ്ക്ക് പ്രതീക്ഷകള്‍ വരുന്നത്. അതോടെ പ്രതിപക്ഷ നേതൃനിരയ്ക്കായുള്ള നീക്കം നിതീഷ് തുടങ്ങി. ഇതേ പണി മറ്റൊരു ഭാഗത്ത് മമതാ ബാനര്‍ജിയും അരവിന്ദ് കേജരിവാളും നടത്തുന്നുണ്ടായിരുന്നു. കേജരിവാളിന്റെ രാജ്യ സഭയില്‍ ഡല്‍ഹി കേന്ദ്രഭരണ പ്രദേശ ബില്ലിനെ തോല്പിക്കലായിരുന്നു. ബിഹാറിലാകട്ടെ ഉപമുഖ്യമന്ത്രിയായ മകന്‍ തേജസ്വിയാദവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ലക്ഷ്യം. അതിനാണ് അവര്‍ നിതീഷിനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. അതായത് നിതീഷിനെ മുകളിലെ പദവിയിലിരുത്തി മകനെ മുഖ്യമന്ത്രിയാക്കുക. ലാലുവും നിതീഷും നല്ല ധാരണയില്‍ തന്നെയാണ് പോയത്.
ആന്തരിക വൈരുദ്ധ്യങ്ങള്‍ അകറ്റുന്നുണ്ടെങ്കിലും ബി.ജെ.പിക്കും മോദിക്കും എതിരായ മുന്നണി അധികാരത്തില്‍ വരാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുക എന്നാണ് പ്രതിപക്ഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. പ്രാദേശിക പാര്‍ട്ടികള്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് തങ്ങളെ പിന്തുണയ്ക്കണം എന്ന നിലാപാടാണെടുത്തത്. അത് ആം ആദ്മി പാര്‍ട്ടിയായാലും സമാജ് വാദി പാര്‍ട്ടി ആയാലും മമത ആയാലും ഇതായിരുന്നു സ്ഥിതി. എന്നാല്‍ ഇവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ദേശീയ സഖ്യത്തിന് അവരുടേതായ് പ്രശ്‌നങ്ങളുണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും രണ്ട് മുന്നണിയിലാണ്. കോണ്‍ഗ്രസിന്റെ അഴിമതിയെ എതിര്‍ക്കാനാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതു തന്നെ. അതുകൊണ്ട് ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസും ആപ്പും തമ്മില്‍ യോജിച്ചു പോകില്ല. ബംഗാളിലാണെങ്കില്‍ തൃണമൂലുമായി കട്ട ഉടക്കിലാണ് കോണ്‍ഗ്രസും സി.പി.എമ്മും. കേരളത്തില്‍ രണ്ടുപാര്‍ട്ടികളും ബദ്ധവൈരികളാണെങ്കിലും ബംഗാളില്‍ ഇരുമെയ്യും ഒരു ഹൃദയവുമായാണ് രണ്ടും പോകുന്നത്. പക്ഷേ രണ്ടുപേര്‍ക്കും മമതയുമായി ഒത്തുപോകാനാകില്ല
മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ് ഗഡ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൊണ്‍ഗ്രസ് തോറ്റമ്പിയതോടെ പ്രതിപക്ഷ ക്യാമ്പുകളില്‍ നിരാശ പടര്‍ന്നിരുന്നു. മദ്ധ്യപ്രദേശില്‍ എസ്.പി നേരിയ സാന്നിദ്ധ്യം നല്‍കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകാതിരുന്നത് അഖിലേഷിനെ ചൊടിപ്പിച്ചിരുന്നു. മറുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. മോദിയുടെ അടുത്തലക്ഷ്യം പ്രതിപക്ഷ സഖ്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുക എന്നതായിരുന്നു. നേരത്തെ മഹാരാഷ്ട്രയില്‍ ആദ്യം ശിവസേനയുടെയും പിന്നീട് എന്‍,സി.പിയുടെയും വലിയ വിഭാഗത്തെ അടര്‍ത്തി മാറ്റിയ ബി.ജെ.പി അവിടെ കനത്ത പ്രഹരമാണ് കോണ്‍ഗ്രസ് മുന്നണിക്ക് ഏല്പിച്ചത്. മൂന്നു സംസ്ഥാനങ്ങളിലെയും ഫലം വന്നതോടെ കോണ്‍ഗ്രസിന്റെ നില ആകെ പരുങ്ങലിലായി. ബിഹാറിലെ നിതീഷ് കുമാറിന് മനസ്സിലായി ഇനി ബി.ജെ.പി തന്നെയാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയെന്ന്.
ഇതോടെ ഒരടി കൂടി പ്രതിപക്ഷത്തിന് നല്‍കുക എന്നതായിരുന്നു ബി.ജെ.പിയുടെ തന്ത്രം.
എഴുന്നേല്‍ക്കാനാവാത്ത വിധം ഉള്ള പ്രഹരം പ്രതിപക്ഷത്തിന് നല്‍കണം എന്നതായിരുന്നു ബി.ജെ.പിയുടെ ഗെയിംപ്ലാന്‍. അപ്പോഴേക്കും തേജസ്വിയെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യം ആര്‍ജെ.ഡി നിതീഷിനോട് ഉന്നയിച്ചു തുടങ്ങിയിരുന്നു. ലാലു തേജ്‌സ്വിയാദവുമാരും നിതീഷുമായുള്ള ബന്ധം വഷളായി തുടങ്ങി.
ഈ സമയത്താണ് നേരത്തെയുള്ള തീരുമാനം തിരുത്തി നിതീഷ് കുമാറിനെ ബി.ജെ.പി പാളയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്. അതിന് നേതൃത്വം നല്‍കിയതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരു പാര്‍ട്ടി എന്ന നിലയില്‍ നിതീഷിനെ കൂട്ടുന്നതുകൊണ്ട് ലോകസഭാ സീറ്റിന്റെ കാര്യത്തില്‍ നഷടമാണുണ്ടാകുക. കാരണം നിതീഷില്ലെങ്കില്‍ ബി.ജെ.പിക്ക് 23 സീറ്റ് എന്തായാലും കിട്ടും. സഖ്യകക്ഷികളുടെ സീറ്റ് വേറെ. നിതീഷിനെ കൂട്ടിയാല്‍ ബി.ജെ.പിയുടെ സംഖ്യ 17 ഓ 18 ഓ പരമാവധി 20ലോ ഒതുങ്ങും. പക്ഷേ സഖ്യം എന്ന നിലയില്‍ നീതീഷിനെ കൂട്ടിയാല്‍ 40സീറ്റും അടിച്ചുമാറ്റാം. എന്നാല്‍ ഇതൊന്നുമായിരുന്നില്ല മോദി കണ്ടത്. രണ്ട് കാര്യങ്ങളാണ് മോദിയുടെയും ബി.ജെ.പിയുടെയും മുന്നിലുണ്ടായിരുന്നത്.
നിതീഷ് ബി.ജെ.പിയുടെ കൂടെ വന്നാല്‍ അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം. ഒരു ഘട്ടത്തില്‍ പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി മുഖം തന്നെ ബി.ജെ.പി പാളയത്തിലേക്ക് വരുമ്പോഴുള്ള രാഷ്ട്രീയമായ മൈലേജ്്. അതോടൊപ്പം കോണ്‍ഗ്രസ് സഖ്യത്തിന്റെ ആത്മവിശ്വാസം പൂര്‍ണമായും തകരും. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രതീക്ഷ കോണ്‍ഗ്രസ് മുന്നണിയെക്കുറിച്ചുണ്ടായിരുന്നെങ്കില്‍ അതില്ലാതാകും.
രണ്ടാമതൊരു കാര്യവും മോദി ആലോചിച്ചിരുന്നു. ദീര്‍ഘനാള്‍ ബി.ജെ.പി സഖ്യത്തിലിരുന്ന ആളാണ് നിതീഷ്. നിതീഷിനാണെങ്കില്‍ 15 ശതമാനത്തോളം പേരു വോട്ടുബാങ്കുണ്ട്. ഈ വോട്ട് ബാങ്ക് പതുക്കെ ലാലുവിന്റെ ആര്‍.ജെ.ഡിയില്‍ ലയിക്കാതെ നോക്കേണ്ടത് ബി.ജെ.പിയുടെ കടമയാണ്. ബി.ജെ.പിയുമായുള്ള സഖ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിതീഷിന്റെ വോട്ട് ബാങ്കിനെ ബി.ജെ.പിയോടടുപ്പിക്കും. അതുപോലെ യു.പിയിലെ എട്ടോളം മണ്ഡലങ്ങളില്‍ നിതീഷിന് സ്വാധീനവുമുണ്ട്.
നിതീഷ് ബി.ജെ.പി പാളയത്തിലേക്ക് വന്നതോടെ ഇന്‍ഡി സഖ്യത്തിന്റെ നട്ടെല്ലൂരി എന്നു തന്നെ പറയാം. ഇനി അവര്‍ക്ക് വിശ്വാസ്യത പോലും ഇല്ലാതായി. അതാണ് മോദിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്.