ഫ്രീകിക്കില്‍ മറഡോണയെ മറികടന്നു; കൊടുങ്കാറ്റായി മെസി
1 min readഇന്റര്‍ മിയാമി സഹഉടമ ബെക്കാമും വൈകാതെ പിന്നിലാവും
ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങുടെ പട്ടികയില്‍ ഡിയേഗോ മറഡോണയെ പിന്തള്ളി ലിയോണല്‍ മെസി. ലീഗ്സ് കപ്പില്‍ എഫ്സി ഡല്ലാസിനെതിരെ ഇന്റര്‍ മിയാമിക്ക് വേണ്ടി ഫ്രീകിക്ക് ഗോള്‍ നേടിയതോടെയാണ് മെസി അര്‍ജന്റൈന്‍ ഇതിഹാസത്തെ പിന്നിട്ടത്. നിലവില്‍ മെസിക്ക് 63 ഫ്രീകിക്ക് ഗോളുകളാണുള്ളത്, ഇന്റര്‍ മിയാമിയില്‍ ഇതിനോടകം രണ്ട് ഫ്രീക്ക് ഗോളുകള്‍ മെസി നേടി.
മറഡോണ (62), സീക്കോ (62), റൊണാള്‍ഡ് കോമാന് (60), റൊഗേരിയോ സെനി (60) എന്നിവരെല്ലാം മെസിക്ക് പിന്നിലായി. മൂന്ന് ഫ്രീകിക്ക് ഗോളുകള്‍ കൂടി നേടിയാല്‍ ഇന്റര്‍ മിയാമി സഹഉടമ കൂടിയായ ഡേവിഡ് ബെക്കാമിനെ (65) മറികടക്കാന്‍ മെസിക്ക് സാധിക്കും. റൊണാള്‍ഡീഞ്ഞോ (66), ലെഗ്രോടാഗ്ലി (66) എന്നിവരും മെസിക്ക് മുന്നില്‍ മൂന്നും നാലും സ്ഥാനത്താണ്. 77 ഫ്രീകിക്ക് ഗോളുകള്‍ നേടിയിട്ടുള്ള മുന്‍ ബ്രീസിലിയന് താരം ജുനീഞ്ഞോയാണ് ഒന്നമാന്‍. 70 ഗോളുകള്‍ നേടിയ പെലെ രണ്ടാം സ്ഥാനത്തും.
അതേസമയം, മെസിക്ക് ഇന്റര്‍ മയാമി ജഴ്സിയില്‍ ഏഴ് ഗോളുകളായി. അതും ഒരു മേജര്‍ ലീഗ് സോക്കര്‍ മത്സരം കളിക്കാതെ തന്നെ. ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം ഗോണ്‍സാലോ ഹിഗ്വയ്നാണ്. 29 ഗോളുകളാണ് മുന്‍ അര്‍ജന്റൈന്‍ താരം നേടിയത്. മെസി ഈ ഫോം തുടരുകയാണെങ്കില്‍ ഒരു സീസണില്‍ ഹിഗ്വെയ്ന്റെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ന് ലീഗ്സ് കപ്പില്‍ എഫ്സി ഡല്ലാസിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്റര്‍ മിയാമിയുടെ ജയം.
31നും പിന്നീട് 42നും പിന്നില്‍ നിന്ന് ശേഷമായിരുന്നു മിയാമിയുടെ തിരിച്ചുവരവ്. 85ാം മിനിറ്റില്‍ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഷൂട്ടൗട്ടില്‍ മെസിയും സെര്‍ജിയോ ബുസ്ക്വെറ്റ്സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലക്ഷ്യം കണ്ടു. ഡല്ലാസിന്റെ ഒരു താരത്തിന് പിഴച്ചു. ഇതോടെ മയാമി ലീഗ്സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.