കാടിറങ്ങാതിരിക്കാന്‍ ഇലക്ട്രിക് പോസ്റ്റ്; ചവിട്ടികൂട്ടി കൊമ്പന്‍!
1 min readകാടിറങ്ങാതിരിക്കാന്‍ കെട്ടിയ ഇലക്ട്രിക് പോസ്റ്റ് ചവിട്ടികൂട്ടി കൊമ്പനാന
ജനവാസമേഖലയില്‍ ആനയിറങ്ങാതിരിക്കാന്‍ വൈദ്യുതകമ്പിവേലി കെട്ടി. എന്നാല്‍ ഇതൊന്നും തനിക്ക് പുത്തരിയല്ലെന്ന് തെളിയിച്ച് ഒരു കാട്ടാന. കാട്ടുമൃഗങ്ങള്‍ റോഡിലേക്ക് പ്രവേശിക്കാതിരിക്കാന്‍ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് ഇറങ്ങുന്ന ആനയുടെ വിഡിയോ ആനന്ദ് മഹിന്ദ്രയാണ് പങ്കുവച്ചത്.
‘തടസ്സങ്ങളില്‍ നിന്ന് എങ്ങനെ മറികടക്കാം-വെല്ലുവിളി എത്ര ശക്തമാണെന്ന് പരിശോധിക്കുകയും ഏറ്റവും കുറഞ്ഞ പ്രതിരോധം എവിടെയായിരിക്കുമെന്ന് തിരിച്ചറിയുകയും ചെയ്യുക, നിങ്ങളുടെ ശക്തിസ്വാധീനമുള്ള ഭാഗത്ത് സമ്മര്‍ദം ചെലുത്തുക, ആത്മവിശ്വാസത്തോടെ മുന്നോട്ട്…’– വിഡിയോ പങ്കുവച്ച് കൊണ്ട് ആനന്ദ് മഹിന്ദ്ര കുറിച്ചു.
കമ്പിവേലി കണ്ടപ്പോള്‍ വൈദ്യുതിയുള്ളതാണെന്ന് ആനയ്ക്ക് മനസ്സിലായി. പിന്നീട് ബുദ്ധിപൂര്‍വമായ നീക്കങ്ങളായിരുന്നു കൊമ്പന്‍ നടത്തിയത്. എത്രത്തോളം വൈദ്യുതിയുണ്ടെന്ന് മനസ്സിലാക്കാന്‍ കാല് കൊണ്ട് ചെറുതായി കമ്പിയില്‍ ചവിട്ടിനോക്കി. പിന്നീട് വേലിക്ക് സപ്പോര്‍ട്ടായി വച്ചിരിക്കുന്ന മരക്കുറ്റിയില്‍ മാത്രം ചവിട്ടി മറിച്ചിട്ടു. ശേഷം കമ്പിയില്‍ കാല്‍മുട്ടാതെ റോഡിലേക്ക് പുറത്തിറങ്ങുകയായിരുന്നു.
റോഡ് മുറിച്ചുകടന്ന് അപ്പുറത്തെ കാട്ടിലേക്ക് ആന പോവുകയായിരുന്നു. ഈ സമയം റോഡില്‍ നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ആന കാട്ടിലേക്ക് കടക്കുന്നതുവരെ എല്ലാവരും വാഹനം നിര്‍ത്തിയിട്ടു. യാത്രക്കാരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്.