46 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊലപാതകം നടത്തി, കുറ്റം സമ്മതിച്ച് 75 കാരന്‍

1 min read

സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ഒരുനാള്‍ പുറത്തുവരും എന്നാണ് പറയാറ്. അതിനുള്ള തെളിവാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള 75 കാരനായ ബാര്‍ബറിന്റെ ജീവിതം. 1976 ല്‍ ആണ് ഒരു ഒന്നാം ലോകമഹായുദ്ധ സേനാനിയെ ഇയാള്‍ കൊലപ്പെടുത്തിയത്. പതിറ്റാണ്ടുകളോളം കുറ്റം ഏറ്റെടുക്കാതെ ഇയാള്‍ രക്ഷപ്പെട്ടു നടന്നെങ്കിലും ഒടുവില്‍ പിടിവീണു. 2019 ല്‍ മരിച്ച ആളുടെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഇപ്പോഴിതാ താന്‍ ചെയ്ത കുറ്റവും സമ്മതിക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍ 75 വയസ്സുള്ള ബാര്‍ബറായ മാര്‍ട്ടിന്‍ മോട്ടയ്ക്ക്. ഒന്നാം ലോകമഹായുദ്ധത്തിലെ സേനാനിയായിരുന്ന ജോര്‍ജ്ജ് സെയ്റ്റ്‌സിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

മോട്ട ജോലി ചെയ്തിരുന്ന ക്വീന്‍സ് ബാര്‍ബര്‍ഷോപ്പിലെത്തിയിരുന്ന ആളായിരുന്നു സെയ്റ്റ്‌സ്. കാലം എത്ര കഴിഞ്ഞാലും സത്യം ഒരുനാള്‍ പുറത്തുവരും എന്നതിന് തെളിവാണ് ഇതെന്ന് ക്വീന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മെലിന്‍ഡ കാറ്റ്‌സ് പറഞ്ഞു.

സെയ്റ്റ്‌സിന്റെ തിരോധാനം പതിറ്റാണ്ടുകളായി ഒരു ദുരൂഹതയായി തുടരുകയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാണാതാവുമ്പോള്‍ ഇയാള്‍ക്ക് പ്രായം 81 വയസ്സ് ആയിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഇദ്ദേഹത്തിന്റെ മൃതശരീര ഭാഗങ്ങള്‍ ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിന് അടിയില്‍ നിന്നും കിട്ടിയതാണ് കേസില്‍ വഴിത്തിരിവായത്.

തുടക്കത്തില്‍, അവശിഷ്ടങ്ങളുടെ ഡിഎന്‍എ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു, എന്നാല്‍ 2021 ഫെബ്രുവരിയില്‍ ഒരു സ്വകാര്യ ലാബിന്റെ വിപുലമായ ശ്രമങ്ങള്‍ ഇര സെയ്റ്റ്‌സാണ് എന്ന് തിരിച്ചറിയാന്‍ സഹായിച്ചു. 1976 ഡിസംബര്‍ 10 ന് മുടിവെട്ടുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതിനു ശേഷം സെയ്റ്റ്‌സിനെ കണ്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. മോട്ടയുടെ കടയിലെ സ്ഥിരം ഉപഭോക്താവായിരുന്നു ഇദ്ദേഹം. ഇതാണ് അന്വേഷണം മോട്ടയിലേക്ക് എത്താന്‍ കാരണമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെയ്റ്റ്‌സില്‍ നിന്ന് മോട്ട ഏകദേശം 8,000 ഡോളര്‍ കൊള്ളയടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

അന്വേഷണത്തില്‍ ഒന്നിലധികം സാക്ഷികളുടെ അഭിമുഖങ്ങളും അഞ്ച് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തിരച്ചില്‍ റെക്കോര്‍ഡ്‌സും ഉള്‍പ്പെടുന്നുവെന്ന് കാറ്റ്‌സ് പറഞ്ഞു.

ബാര്‍ബര്‍ഷോപ്പിനുള്ളില്‍ മോട്ട സെയ്റ്റ്‌സിന്റെ മൃതദേഹം വെട്ടുന്നത് ഭയത്തോടെ വീക്ഷിച്ച ഒരു സ്ത്രീയും സാക്ഷികളില്‍ ഉള്‍പ്പെടുന്നുവെന്ന് ജില്ലാ അറ്റോര്‍ണിയുടെ വക്താവ് പറഞ്ഞു. ഇപ്പോള്‍ 50 വയസ്സുള്ള ആ സ്ത്രീ അന്ന് 10 വയസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നു, അവളുടെ അമ്മ മോട്ടയുടെ കാമുകി ആയിരുന്നു. നവംബര്‍ 7ന് ശിക്ഷ വിധിക്കുമ്പോള്‍ മോട്ടയ്ക്ക് 20 വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടിവരും.

Related posts:

Leave a Reply

Your email address will not be published.