അയോധ്യ പ്രാണപ്രതിഷ്ഠ: കോൺഗ്രസ് വർഗീയ ശക്തികൾക്ക് മുമ്പിൽ കീഴടങ്ങുന്നു: കെ.സുരേന്ദ്രൻ
1 min readതൃശ്ശൂർ: 500 വർഷത്തിന് ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് തിരിച്ചുവരുമ്പോൾ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചിലർ പങ്കെടുക്കാമെന്നും ചിലർ ഞങ്ങൾ ഇല്ല എന്നും പറഞ്ഞു. എന്നാൽ കോൺഗ്രസിന് മാത്രം നിലപാടില്ല. മത വർഗീയ ശക്തികൾക്ക് മുമ്പിൽ കോൺഗ്രസ് മുട്ടുമടക്കുകയാണ്. സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ച പാർട്ടിയാണ് കോൺഗ്രസ്. ആ നിലപാടിൽ നിന്നും എന്താണ് കോൺഗ്രസ് പിന്നോട്ട് പോവുന്നത്? കേരളത്തിലെ കോൺഗ്രസ് മറുപടി പറയണം. ന്യൂനപക്ഷ വോട്ട് ബാങ്കിനെ പേടിച്ച് കോൺഗ്രസ് ഭൂരിപക്ഷത്തിൻ്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി എല്ലാ വിഭാഗം ജനങ്ങളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണ്. അതുകൊണ്ടാണ് സ്നേഹയാത്ര ക്രൈസ്തവ സമൂഹം സന്തോഷത്തോടെ വരവേറ്റത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ക്രിസ്ത്യൻ വിശ്വാസികളിലെത്തിക്കാൻ സാധിച്ചു. മോദിയല്ലാതെ മറ്റൊരു രക്ഷ കേരളത്തിനില്ല. തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് വമ്പൻ വരവേൽപ്പ് ലഭിക്കും. കേരള ജനത പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ്.
നവകേരള സദസ് കേരളത്തെ പൂർണമായും തകർത്തു കഴിഞ്ഞു. സമ്പൂർണ്ണ ഭരണസ്തംഭനമാണ് കേരളത്തിൽ. ശബരിമലയിൽ തീർത്ഥാടകരോട് വലിയ ക്രൂരതയാണ് സർക്കാർ കാണിക്കുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് വരുന്നത്. മോദി തന്നെ വീണ്ടും വരുമെന്ന് എതിരാളികൾക്ക് പോലും ഉറപ്പാണ്. മോദി ഗ്യാരണ്ടിയിലാണ് ജനങ്ങൾക്ക് വിശ്വാസം. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ നേതാവാണ് അദ്ദേഹം. വ്യാജ ഫ്രീബിയല്ല നടപ്പാക്കിയ പ്രോഗ്രസ് കാർഡുമായാണ് മോദി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ പുതുതായി പാർട്ടിയിൽ ചേർന്ന മേജർ രവി, സി.രഘുനാഥ് എന്നിവരെ സംസ്ഥാന അദ്ധ്യക്ഷൻ സ്വീകരിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, സികെ പദ്മനാഭൻ, ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.