കാവിയില്‍ മുങ്ങിക്കുളിച്ച് അയോധ്യ
1 min readഅയോധ്യ വിമാനത്താവളവും റയില്‍വേ സ്റ്റേഷനും പ്രധാന മന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും.
രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്‌ക്കൊരുങ്ങി അയോധ്യാ നഗരം. കാവിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ് അയോധ്യ. നഗരമാകെ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അയോധ്യയിലെ നവീകരിച്ച റയില്‍വേസ്റ്റേഷനും വിമാനത്താവളവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് അയോധ്യയിലെത്തിയ പ്രധാനമന്ത്രിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി : യോഗി ആദിത്യ നാഥ് സ്വീകരിച്ചു. അയോധ്യ എയര്‍പോര്‍ട്ട് മുതല്‍ റയില്‍വേ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1400 കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധകലാ പരിപാടികളും അരങ്ങേറും. 40 സ്റ്റേജുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.
ലോകത്തെ അയോധ്യയുമായി ബന്ധിപ്പിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. അയോധ്യയില്‍ 15700 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. അയോധ്യയിലെ നവീകരിച്ച രാം പഥ് റയില്‍വേസ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി 6 വന്ദേ ഭാരത് ട്രെയിനുകളും 2 അമ്യത് ഭാരത് ട്രെയിനുകളും ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനു ശേഷം നഗരത്തിലേക്കും തിരിച്ചും 15 ഓളം സര്‍വീസുകള്‍ നടത്താന്‍ റയില്‍വേ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
മഹര്‍ഷി വാത്മീകിയുടെ പേരു നല്‍കിയ അയോധ്യ അന്താരാഷ്ട്ര വിമാനത്താവളവും പ്രധാനമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും. ആദ്യ സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സാണ്. ഡല്‍ഹിയിലേക്കാണ് ആദ്യ സര്‍വീസ്. ജനുവരി മുതല്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് വിമാന സര്‍വീസ് നടത്തുമെന്ന് ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പ്രഖ്യാപിച്ചു കഴിഞ്ഞു.
6500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതാണ് മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍. ഒരേ സമയം 600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പന.. പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിനു കഴിയും.. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം 3000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിനു കഴിയുമെന്ന് അധികൃതര്‍ അറിയിക്കുന്നു.
.