കുഞ്ചാക്കോ ബോബന്റെ അടുത്ത വേഷപ്പകര്‍ച്ച നെറ്റ്ഫ്‌ലിക്‌സിലൂടെ; ‘അറിയിപ്പ്’ തിയറ്ററിലേക്ക് ഇല്ല

1 min read

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്!ത അറിയിപ്പിന് ഡയറക്റ്റ് ഒടിടി റിലീസ്. 75ാമത് ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തില്‍ അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മറ്റൊരു പ്രധാന ചലച്ചിത്രമേളയായ ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും അറിയിപ്പിന് പ്രദര്‍ശനമുണ്ട്. പ്രദര്‍ശിപ്പിച്ച ചലച്ചിത്രോത്സവങ്ങളിലെല്ലാം പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ഡയറക്റ്റ് സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. വെറൈറ്റി അടക്കമുള്ള അന്തര്‍ദേശീയ എന്റര്‍ടെയ്ന്‍മെന്റ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്!തിട്ടുണ്ട്. ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്കു ശേഷമാവും ചിത്രത്തിന്റെ ഡയറക്റ്റ് ഒടിടി റിലീസ്.

മാലിക്കിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്. ഹരീഷ് എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രശ്മി എന്നാണ് നായികയായെത്തുന്ന ദിവ്യപ്രഭയുടെ കഥാപാത്രത്തിന്റെ പേര്. ദില്ലിയിലെ ഒരു മെഡിക്കല്‍ ഗ്ലൌസ് ഫാക്റ്ററിയില്‍ ജോലിക്ക് എത്തുകയാണ് മലയാളികളായ ഹരീഷ് രശ്മി ദമ്പതികള്‍. മെച്ചപ്പെട്ട ജീവിതത്തിനായി വിദേശത്തേക്ക് പോകണമെന്നാണഅ ഇരുവരുടെയും ആഗ്രഹം. കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നു.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ നാലാമതായി എത്തുന്ന ചിത്രമാണ് അറിയിപ്പ്. ടേക്ക് ഓഫ്, മാലിക്, സി യു സൂണ്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ചിത്രത്തിന്റെ രചനയും മഹേഷിന്റേതു തന്നെയാണ്. ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു അറിയിപ്പ്. ഉദയ പിക്‌ചേഴ്‌സിന്റെ 75ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കി എന്നത് സിനിമാപ്രേമികളില്‍ കൌതുകം സൃഷ്ടിച്ചിരുന്നു. ഇത് വ്യക്തിപരമായി ഒരു അംഗീകാരമായി കരുതുന്നുവെന്നും തന്റെ മുത്തച്ഛനും അച്ഛനുമുള്ള ആദരവാണെന്നും ചാക്കോച്ചന്‍ നേരത്തെ പറഞ്ഞിരുന്നു.

Related posts:

Leave a Reply

Your email address will not be published.